അഞ്ചാമത് കൊച്ചി മാരത്തൺ: രജിസ്ട്രേഷൻ ആരംഭിച്ചു; ഹൈബി ഈഡന് ആദ്യ ബിബ് കൈമാറി

കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ അഞ്ചാം പതിപ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹൈബി ഈഡൻ എം.പിക്ക് ആദ്യ ബിബ് കൈമാറി. മാരത്തൺ സംഘാടകരായ ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ, ക്ലിയോ സ്പോർട്സ് മാർക്കറ്റിങ് ഹെഡ് നിഥുൻ സദാനന്ദൻ എന്നിവർ ചേർന്നാണ് ബിബ് നൽകിയത്. നാല് പതിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയ ഫെഡറൽ ബാങ്ക് മാരത്തൺ കൊച്ചിയുടെ മുഖമുദ്രയാണെന്ന് ഹൈബി അഭിപ്രായപ്പെട്ടു.
42.195 കിലോ മീറ്റർ മാരത്തൺ, 21.097 കിലോ മീറ്റർ ഹാഫ് മാരത്തൺ, 10 കിലോ മീറ്റർ, 3 കിലോ മീറ്റർ ഗ്രീൻ റൺ എന്നീ വിഭാഗങ്ങളിലാണ് മാരത്തൺ നടക്കുക. മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന പരിപാടിയായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിനെ മാറ്റിയെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ക്ലിയോ സ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി ആർ. നായർ, എം.ആർ.കെ. ജയറാം എന്നിവർ പറഞ്ഞു. കൊച്ചിയുടെ ആരോഗ്യ-കായിക സംസ്കാരത്തെയും ടൂറിസത്തെയും ആഗോളതലത്തിൽ അടയാളപ്പെടുത്തുന്ന വേദിയായി മാരത്തൺ മാറിയെന്നും അവർ കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ നടക്കുന്ന മാരത്തണിൽ പങ്കെടുക്കാനായി www.kochimarathon.in എന്ന വെബ്‌സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 15-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10% ഇളവ് ലഭിക്കും.
Content Highlights: Registration for the 5th edition of Federal Bank Kochi Marathon is officially open., First bib handed over to MP Hibi Eden by Cleo Sports organizers., Events include Full Marathon, Half Marathon, 10K, and 3K Green Run., 10% discount available for registrations completed before October 15.