തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൗരത്വ ഭേദഗതിക്കെതിരായ സമരത്തിനെതിരെ പരാതി നൽകി BJP

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ ജീവനക്കാര്‍ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിനെതിരേ ബി.ജെ.പി. പരാതി നൽകി. എഫ്.എസ്.ഇ.ടി.ഒയുടെ ഭരണഘടന സംരക്ഷണ സദസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടി പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർക്കും ജില്ലാ കളക്ടർക്കും ബി.ജെ.പി പരാതി നൽകിയത്.
ഭരണഘടന സംരക്ഷണ സദസിന്റെ സംഘാടകരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു പരാതിയിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പുകാലത്ത് സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം. നടത്തുന്ന രാഷ്ട്രീയ പ്രചാരണം പരാജയഭീതിയിൽ നിന്നും ഉണ്ടായതാണെന്നും ഇതിന് കൂട്ടുനിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പറഞ്ഞു.
Content Highlights: bjp complaints against anti caa protest