നായരമ്പലം രാജശേഖരൻ ചരിഞ്ഞു

നായരമ്പലം രാജശേഖരന്‍
നായരമ്പലം രാജശേഖരന്‍

വൈപ്പിൻ: നായരമ്പലം നായർ കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള രാജശേഖരൻ ആന ചരിഞ്ഞു. 2000 ഒക്ടോബറിൽ 22-ാമത്തെ വയസിൽ നായരമ്പലത്തെത്തിയ രാജശേഖരൻ 48-ാമത്തെ വയസിലാണ് വിടപറഞ്ഞത്. കുറെ നാളുകളായി ചികിത്സയിലായിരുന്ന രാജശേഖരൻ ഞായറാഴ്ച രാവിലെ 7.30നാണ് ചരിഞ്ഞത്.

ഗാംഭീര്യം കൊണ്ടും സൗമ്യമായ സാന്നിധ്യം കൊണ്ടും നാട്ടുകാരുടെ മനസ്സിൽ ഇടം നേടിയ ഗജവീരനായിരുന്നു രാജശേഖരൻ. അഞ്ച് ആനകൾ വരെ ഉണ്ടായിരുന്ന നായരമ്പലം കരയോഗത്തിന്റെ അവസാന ആനയും ഓർമ്മയാകുകയാണ്. 1963-ൽ ഗോപാലൻ എന്ന ആനയെ വാങ്ങിയാണ് കരയോഗം ആന പരിപാലന രംഗത്ത് തുടക്കമിട്ടത്. ഗുരുവായൂർ കേശവന്റെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമയിൽ നായക വേഷമിട്ട നായരമ്പലം ശിവജിയുടെ പിൻഗാമിയായിട്ടാണ് രാജശേഖരൻ എത്തുന്നത്.

രാജശേഖരൻ ചരിഞ്ഞതറിഞ്ഞതോടെ നൂറു കണക്കിന് ആനപ്രേമികളാണ് നായരമ്പലം ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള ആനത്തറിയിലേക്ക് ഒഴുകിയെത്തിയത്. ഡപ്യൂട്ടി റേഞ്ച് ഓഫീസർ ജയദേവന്റെ നേതൃത്വത്തിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കി സംസ്‌കരിക്കാൻ കോടനാട്ടേക്ക് കൊണ്ടുപോയി. നായരമ്പലം രാജശേഖരൻ കൂടി വിടവാങ്ങിയതോടെ വൈപ്പിൻകരയിലെ അവസാന ആനയും ഓർമ്മയായി. വ്യക്തികൾക്കും ക്ഷേത്രങ്ങൾക്കുമായി നിരവധി ആനകൾ ഉണ്ടായിരുന്നതാണ്.