വംശനാശഭീഷണിയുള്ള ഇത്തിരിക്കുഞ്ഞന് 'പി'യില്‍ തുടങ്ങുന്ന പേരുവേണം; അവസരം ജനങ്ങള്‍ക്ക് നല്‍കി മൃഗശാല

കടുത്ത വംശനാശഭീഷണി നേരിടുന്ന മാന്‍ ഇനത്തില്‍ പിറന്ന ഇത്തിരിക്കുഞ്ഞന് പേരിടാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് പോളണ്ടിലെ വാര്‍സോ മൃഗശാല. ഇത്തിരിക്കുഞ്ഞന്‍ എന്ന് വെറുതെ പറഞ്ഞതല്ല, ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ മാന്‍ ഇനമായ സതേണ്‍ പുഡു കുഞ്ഞിന് പേരിടാനുള്ള അവസരമാണ് മൃഗശാല നല്‍കുന്നത്.
മൃഗശാലയില്‍ ജനിച്ച രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍ സതേണ്‍ പുഡുവിന് ഫെയ്സ്ബുക്കിലൂടെ പേരുകള്‍ നിര്‍ദേശിക്കാനാണ് മൃഗശാലാ അധികൃതര്‍ അവസരം ഒരുക്കിയിരിക്കുന്നത്. മൃഗശാലയില്‍ ഈ വര്‍ഷം ജനിച്ച മൃഗങ്ങള്‍ക്കെല്ലാം 'പി'യില്‍ തുടങ്ങുന്ന പേരുകളാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടാണ് പുഡു കുഞ്ഞിനും 'പി'യില്‍ തുടങ്ങുന്ന പേര് വേണമെന്ന് പറയുന്നത്, മൃഗശാലാ അധികൃതര്‍ പറയുന്നു.
വന്‍തോതില്‍ വംശനാശഭീഷണി നേരിടുന്ന മാന്‍ ഇനമായ പുഡുവിന്റെ ജനനം ആഘോഷമാക്കുകയാണ് വാര്‍സോ മൃഗശാല. ചിലിയുടെയും അര്‍ജന്റീനയുടെയും വനപ്രദേശങ്ങളില്‍ കാണപ്പെടുന്ന തീര്‍ത്തും രഹസ്യ സ്വഭാവമുള്ള മൃഗമാണ് പുഡു. പ്രായപൂര്‍ത്തിയായ പുഡുവിന് 46 സെന്റിമീറ്റര്‍ ഉയരവും 15 കിലോഗ്രാം ഭാരവും ഉണ്ടാവും.
തുറന്നപ്രദേശത്ത് ഇവയെ കണ്ടുകിട്ടാന്‍ തന്നെ നല്ല ബുദ്ധിമുട്ടാണ്. പുല്‍മൈതാനങ്ങളിലും കുറ്റിക്കാടുകളിലും കാണപ്പെടുന്ന പുഡു മാന്‍ കുഞ്ഞുങ്ങള്‍ മിക്കപ്പോഴും അമ്മയുടെ കണ്‍വെട്ടത്തുതന്നെ ഉണ്ടാകും. മൃഗശാലയിലെ പുതിയ പുഡു കുഞ്ഞ്, അവയുടെ എണ്ണം നാലാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്, വാര്‍സോ മൃഗശാലയിലെ മാര്‍ക്കറ്റിങ് ഹെഡ് അന്ന ടാഡ്രാ പറയുന്നു.
Content Highlights: zoo seeks name for southern pudu