11 വര്‍ഷമായി വേട്ടയാടലുകളില്ല; കാണ്ടാമൃഗ സംരക്ഷണത്തില്‍ മാതൃകയായി പോബിതോര വന്യജീവി സങ്കേതം

മോറിഗാവ് (അസം): കാണ്ടാമൃഗ സംരക്ഷണത്തില്‍ മാതൃകയായി അസമിലെ മോറിഗാവ് ജില്ലയിലുള്ള പോബിതോര വന്യജീവി സങ്കേതം. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ പ്രധാനപ്പെട്ട ആവാസകേന്ദ്രമായ പോബിതോര വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ 11 വര്‍ഷമായി കാണ്ടാമൃഗങ്ങൾ വേട്ടയാടപ്പെട്ടിട്ടില്ല.
2022-ല്‍ നടത്തിയ കാണ്ടാമൃഗ സെന്‍സസ് അനുസരിച്ച് പോബിതോരയില്‍ 107 ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളാണുള്ളത്. 30 ആണ്‍ കാണ്ടാമൃഗങ്ങളും 50 പെണ്‍ കാണ്ടാമൃഗങ്ങളും 27 പ്രായപൂർത്തിയാകാത്ത കാണ്ടാമൃഗങ്ങളുമാണ് പോബിതോരയിലുളളത്.
2014-ന് ശേഷം വന്യജീവി സങ്കേതത്തില്‍ കാണ്ടാമൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വനംവകുപ്പ് അധികൃതരുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമായാണ് ഇത് സാധ്യമായത്.
ഈ വര്‍ഷം ഇതുവരെ വന്യജീവി സങ്കേതത്തില്‍ കാണ്ടാമൃഗങ്ങളുടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ വരുംവര്‍ഷങ്ങളില്‍ ഇവയുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമീപകാലത്തുണ്ടായ കാണ്ടാമൃഗങ്ങളുടെ ജനനവും ശുഭസൂചനയായി അധികൃതര്‍ വിലയിരുത്തുന്നു.
Content Highlights: zero poaching for 11 years in pobitora wildlife sanctuary