120 പക്ഷിജാതികളെ രേഖപ്പെടുത്തി ആകാശദ്വീപ് പക്ഷി സര്‍വേ, ലിസ്റ്റിൽ അതീവ വംശനാശഭീഷണി നേരിടുന്നവയും

നിലഗിരി ഷോലക്കിളി, നീലഗിരി പാറ്റപിടിയന്‍, കരിചെമ്പന്‍ പാറ്റപിടിയന്‍
നിലഗിരി ഷോലക്കിളി, നീലഗിരി പാറ്റപിടിയന്‍, കരിചെമ്പന്‍ പാറ്റപിടിയന്‍

ഹ്യൂംസ് വാര്‍ബ്ലര്‍ ചെന്തലയന്‍ കഴുകനും ബാണാസുര ചിലപ്പനും ഉള്‍പ്പെടെ 120 പക്ഷിജാതികളെ രേഖപ്പെടുത്തി ആകാശദ്വീപ് പക്ഷി സര്‍വേ. ജില്ലയുടെ തെക്കേ അറ്റംമുതല്‍ വടക്ക് കണ്ണൂര്‍ ജില്ലയിലെ ആറളം വന്യജീവിസങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന അമ്പലപ്പാറവരെ നീളുന്ന പശ്ചിമഘട്ട മലനിരയിലെ 15 ആകാശദ്വീപുകളില്‍ നടത്തിയ സര്‍വേയിലാണ് ഇത്രയും സ്പീഷീസുകളെ രേഖപ്പെടുത്തിയത്. 50 പക്ഷിനിരീക്ഷകര്‍ മൂന്നുദിവസമായി നടത്തിയ സര്‍വേയുടെ പ്രാഥമികപട്ടികയില്‍ 144-ഓളം ഇനം പക്ഷികളാണ് ഇടംപിടിച്ചത്. ഇതില്‍ 120 സ്പീഷീസുകളാണ് ആകാ ശദ്വീപുകളില്‍ മാത്രമായി കണ്ടെത്തിയത്. 

ബാണാസുര ചിലപ്പന്‍, നീലഗിരി ഷോലക്കിളി, യൂറേഷ്യന്‍ മാര്‍ട്ടിന്‍, ഹ്യൂംസ് വാര്‍ബ്ലര്‍, കരിചെമ്പന്‍ പാറ്റപിടിയന്‍, ഒലിവ് പിപിറ്റ് എന്നീ അത്യപൂര്‍വ പക്ഷികളെ വയനാടിന്റെ മലനിരകളില്‍ കണ്ടെത്താനായി.

കുറിച്യര്‍ മലയില്‍നിന്നാണ് 50 ഒലിവ് പിപിറ്റുകളുടെ കൂട്ടത്തെ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്നതും പ്രദേശത്തിന്റെ തനത് കാലാവസ്ഥയില്‍നിന്നും തികച്ചും വ്യത്യസ്തമായ കാലാവ സ്ഥാസ്വഭാവം കാണിക്കുന്നതുമായ പ്രദേശങ്ങളാണ് ആകാശദ്വീപുകള്‍ എന്നറിയപ്പെടുന്നത്.

അതീവ വംശനാശഭീഷണി നേരിടുന്നവയും വയനാട്ടില്‍

അതീവ വംശനാശഭീഷണി നേരിടുന്ന പക്ഷികളായ ബാണാസുര ചിലപ്പനെയും കഴുകന്‍മാരെയും കണ്ടെത്തി. വയനാടന്‍ മലകളില്‍ മാത്രം കാണുന്ന ബാണാസുര ചിലപ്പന്റെ ആവാസകേന്ദ്രം സമുദ്രനിരപ്പില്‍നിന്ന് 1400 മീറ്ററിനുമുകളില്‍ കാണുന്ന ആകാശദ്വീപുകളിലെ ചോലപ്പുല്‍മേട് സമുച്ചയങ്ങള്‍മാത്രമാണ്. അതിനാല്‍, ചെമ്പ്ര വെള്ളരിമലനിരകളെ അതിസംരക്ഷണപ്രാധാന്യത്തോടെ സംരക്ഷിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

നോര്‍ത്ത് വയനാട് വനംഡിവിഷന്റെയും ആറളം വന്യജീവിസങ്കേതവുമായി അതിര്‍ത്തിപങ്കിടുന്ന അമ്പലപ്പാറയിലാണ് ചെന്തലയന്‍ കഴുകന്റെ സാന്നിധ്യം കണ്ടെത്തിയത്. കേരളത്തില്‍ വയനാട്ടില്‍ മാത്രമാണ് ഇപ്പോള്‍ ഇവയുടെ സാന്നിധ്യമുള്ളത്.

അതിഥിയായി ഹ്യൂംസ് വാര്‍ബര്‍

പ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ എ.ഒ. ഹ്യൂമിന്റെ പേരിലറിയപ്പെടുന്ന ഹ്യൂം സെന്റര്‍ നടത്തിയ പരിപാടിയില്‍ ഹ്യൂംസ് വാര്‍ണ്ണറിനെ കണ്ടെത്തിയത് സെന്ററിന് മധുരനേട്ടമായി. വളരെ അപൂര്‍വമായിമാത്രമാണ് ഇവയെ കേരളത്തില്‍ കണ്ടുവരുന്നത്. മഞ്ഞുകാലത്തുമാത്രം ഇന്ത്യയുടെ വിവിധ വനപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു ദേശാടനക്കിളിയാണ് ഹ്യൂംസ് വാര്‍ബര്‍.

വയനാടിന്റെ വിവിധ മലത്തലപ്പുകളിലായി 17, 18, 19 തീയതികളിലായിരുന്നു സര്‍വേ. കല്പറ്റ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജിയും കേരള വനം-വന്യജീവി വകുപ്പ്, വയനാടും ആറളം വന്യജീവിസങ്കേതവും ചേര്‍ന്നായിരുന്നു സര്‍വേ. 

സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമന്‍ ഉദ്ഘാടനം ചെയ്തു. ഹ്യൂം സെ ന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാ സ്, പൂക്കോട് വെറ്ററിനറി കോളേജി ലെ അധ്യാപകന്‍ ഡോ. ആര്‍.എല്‍. രതീഷ്, മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ ഡി. ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു

Content Highlights: More than 120 Bird Species Found in Wayanad`s Sky Islands