കോഴിക്കോട്ട് കടുവയ്ക്ക് കാടൊരുക്കുമ്പോൾ ഓർക്കണം നെയ്യാറിലെ 'ശ്വാസംനിലച്ച' സിംഹങ്ങളെ

വനത്തിനുള്ളിലൂടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ കടുവകളുടെ തൊട്ടടുത്തുകൂടിയൊരു യാത്ര. അങ്ങനെയൊരു വിസ്മയിപ്പിക്കുന്ന യാത്രയ്ക്ക് അരങ്ങൊരുങ്ങുകയാണ് കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ പേരാമ്പ്ര എസ്റ്റേറ്റില്‍. നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്ക് മാതൃകയില്‍ ഒരുങ്ങുന്ന പുതിയ കടുവാ സഫാരി പാര്‍ക്ക് മലബാറിന്റെ വിനോദയാത്രാ വികസനത്തിന് വലിയ നാഴികക്കല്ലാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനായി 120 ഹെക്ടര്‍(296.526 ഏക്കര്‍) സ്ഥലം വിട്ടുകൊടുക്കാന്‍ വനം വകുപ്പ് തീരുമാനമെടുത്തുകഴിഞ്ഞു.ഇനി സര്‍വേ നടപടികളാണ് നടക്കേണ്ടത്. വനം വകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ടത്തിന് നല്‍കിയ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട സ്ഥലത്താണ് പേരാമ്പ്ര എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. 1230.53 ഹെക്ടര്‍ സ്ഥലത്തിന്റെ പാട്ടക്കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. ഇതില്‍ പെട്ട 120 ഹെക്ടര്‍ സ്ഥലമാണ് പാര്‍ക്കിനായി അനുവദിച്ചിരിക്കുന്നത്.
ഭൂമിശാസ്ത്രപരമായ കിടപ്പും ജലലഭ്യതയും ചുറ്റും മനുഷ്യവാസമില്ലെന്നതുമെല്ലാം പരിഗണിച്ചാണ് ഇവിടം സഫാരി പാര്‍ക്കിന് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സെപ്തംബര്‍ 20 ന് വനംമന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമായിരുന്നു കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ടൈഗര്‍ സഫാരി പാര്‍ക്കിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക സമിതി നടത്തിയ പഠനത്തിനൊടുവിലാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം സര്‍വേ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഡി.പി.ആര്‍ തയ്യാറാക്കി സ്ഥലം പദ്ധതിക്ക് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസം വനംമന്ത്രി എ.കെ ശശീന്ദ്രനും കൃഷി മന്ത്രി പി.പ്രസാദും അറിയിച്ചിരിക്കുന്നത്. ഈ ഡി.പി.ആര്‍ നാഷണല്‍ ടൈഗര്‍ റിസര്‍വേഷന്‍ അതോറിറ്റി പ്രതിനിധികള്‍ക്ക് സമര്‍പ്പിച്ച് അവര്‍ കൂടിയെത്തി പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്ക്കാണ് അന്തിമാനുമതി നല്‍കുക. ഇത് ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. നേരത്തെ വനം വകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ നിന്നാണ് കടുവാ സഫാരി പാര്‍ക്കിനുള്ള സ്ഥലം കണ്ടെത്തുന്നത് എന്നതിനാല്‍ നിലവിലുള്ളതില്‍ വനത്തിന് ഒരു ദോഷവും സംഭവിക്കില്ലെന്നും ജനവാസ മേഖലയല്ല എന്നത് അനുകൂലമായ ഘടകമാണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Tiger Safari Park In Kozhikode