സരിസ്കയില്‍ രണ്ട് കടുവ കുഞ്ഞുങ്ങള്‍ കൂടി പിറന്നു, സങ്കേതത്തില്‍ കടുവകളുടെ എണ്ണം 30 ആയി

ജയ്പുര്‍: രാജസ്ഥാനിലെ സരിസ്കാ ടൈഗര്‍ റിസര്‍വിലെ കടുവകളുടെ എണ്ണം 30 ആയി ഉയര്‍ന്നു. എസ്ടി-19 എന്ന കടുവയ്ക്ക് രണ്ട് കുഞ്ഞുങ്ങള്‍ കൂടി പിറന്നതോടെയാണ് എണ്ണം 30-ലെത്തിയത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ കടുവ സങ്കേതത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. അമ്മയെയും രണ്ട് കടുവകുഞ്ഞുങ്ങളെയും ആല്‍വാറിന് സമീപമുള്ള ക്യാമറ ട്രാപ്പിൽ കണ്ടെത്തി.
എസ്ടി-18 എന്ന ആണ്കടുവയുടേതാണ് രണ്ട് കുഞ്ഞുങ്ങളുമെന്ന് വനംവകുപ്പ് അധികൃതര്‍ പ്രതികരിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ട്വിറ്ററിലൂടെ കടുവകളുടെ എണ്ണം ഉയര്‍ത്തിയതിന്റെ സന്തോഷം രേഖപ്പെടുത്തി. അമ്മ കടുവയുടെയും കുഞ്ഞുങ്ങളുടെയും ചിത്രം പങ്ക് വെച്ചാണ് അദ്ദേഹം സന്തോഷം രേഖപ്പെടുത്തിയത്.
"ജീവന്റെ തുടിപ്പുകള്‍ വീണ്ടും വനത്തിലുണ്ടായിരിക്കുന്നു. രണ്ട് കടുവ കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ച് സരിസ്കയില്‍ നിന്ന് വരുന്ന വാര്‍ത്ത സന്തോഷം പകരുന്നതാണ്. ഇപ്പോള്‍ കടുവ സങ്കേതത്തിലെ കടുവകളുടെ എണ്ണം 30 ആയി ഉയര്‍ന്നിട്ടുണ്ട്. കടുവകളുടെ സംരക്ഷണവും സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്", അശോക് ഗെഹ്ലോട്ട് ട്വിറ്ററില്‍ കുറിച്ചു.
Content Highlights: tiger population in sariska reaches 30