കടുവകൾക്ക് ഇരയാക്കാന്‍ സാംബര്‍ ഡീറുകൾ; കടുവാസംരക്ഷണത്തിന് വിജയകരമായ പദ്ധതിയുമായി തായ്‌ലന്‍ഡ്

തായ്‌ലന്‍ഡില്‍ കടുവകള്‍ക്ക് ഇരയാക്കാന്‍ അവതരിപ്പിച്ച സാംബര്‍ ഡീറുകളിലൊന്ന് | Photo: AFP
തായ്‌ലന്‍ഡില്‍ കടുവകള്‍ക്ക് ഇരയാക്കാന്‍ അവതരിപ്പിച്ച സാംബര്‍ ഡീറുകളിലൊന്ന് | Photo: AFP

ബാങ്കോക്ക്: പടിഞ്ഞാറന്‍ തായ്‌ലന്‍ഡിന്റെ വനമേഖയില്‍ കടുവകള്‍ക്ക് ഇരയാക്കാന്‍ സാംബര്‍ ഡീറുകളെ തുറന്നുവിട്ട് അധികൃതര്‍. കാംപെങ് ഫെറ്റ് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ക്ലോങ് ലന്‍ ദേശീയോദ്യാനത്തിലാണ് 20 സാംബര്‍ ഡീറുകളെ തുറന്നുവിട്ടത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ പാര്‍ക്ക്‌സ്, വൈല്‍ഡ്‌ലൈഫ് ആന്‍ഡ് പ്ലാന്റ് കണ്‍സര്‍വേഷൻ (ഡിഎന്‍പി), വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യഡബ്ല്യഎഫ്) എന്നിവർ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇത് അഞ്ചാം വർഷമാണ് സാംബര്‍ ഡീറുകളെ ഇത്തരത്തില്‍ വനമേഖലയില്‍ തുറന്നുവിടുന്നത്. തായ്‌ലന്‍ഡില്‍ കടുവകളുടെ മടങ്ങിവരവിന് സാംബര്‍ ഡീറുകളുടെ വരവ് സഹായകരമാകുമെന്ന ശുഭപ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്. ഇതിനോടകം തന്നെ പ്രദേശത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

തായ്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ വനമേഖലയിലെ കടുവകളുടെ എണ്ണത്തിലാണ് 15 വര്‍ഷത്തിനിടെ വര്‍ധനവ് രേഖപ്പെടുത്തിയത്. 2007-ല്‍ 40 കടുവകളെന്നത് 2024-ല്‍ 179-നും 223-നുമിടയിലായി ഉയര്‍ന്നിട്ടുണ്ട്. പദ്ധതി ആരംഭിച്ചതോടെ പടിഞ്ഞാറന്‍ വനമേഖയില്‍ കടുവകള്‍ സ്ഥിരതാമസമാക്കുന്നതും ബ്രീഡിങ് നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡബ്ല്യഡബ്ല്യഎഫ്, തായ്‌ലന്‍ഡിലെ റിസര്‍ച്ച് മാനേജര്‍ പറയുന്നു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ പട്ടികയിലാണ് കടുവകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കംബോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ ഇന്‍ഡൊചൈനീസ് കടുവകളുടെ എണ്ണത്തില്‍ ഇതിനോടകം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെയും നേപ്പാളിലെയും സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഫലംചെയ്തതിന്റെ സൂചനയായി കടുവകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇന്ത്യയില്‍ ബംഗാള്‍ കടുവകളുടെ എണ്ണം 3,600 ആണെങ്കില്‍ നേപ്പാളില്‍ ഇത് 355 ആണ്. വേട്ടയാടല്‍, ആവാസവ്യവസ്ഥ നാശം കടുവകളുടെ എണ്ണം കുറച്ചതിനൊപ്പം കടുവകളുടെ ഇരകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.

Content Highlights: sambar deers for tigers in thailand as part of conservation methods