ആഫ്രിക്കയില്‍ മാത്രം കണ്ടിരുന്ന ചിലന്തി ഇന്ത്യയില്‍

കൊച്ചി: ആഫ്രിക്കയില്‍ മാത്രം കണ്ടിരുന്ന ചിലന്തി വിഭാഗത്തെ ഇന്ത്യയില്‍ കണ്ടെത്തി. നാഫോസിടെ കുടുംബത്തില്‍പ്പെട്ട ചിലന്തികളെയാണ് കണ്ടെത്തിയിരിക്കുന്നത്. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തി ഗവേഷണ വിഭാഗത്തിലെ ഡോ. പ്രദീപ് എം. ശങ്കരന്റെ നേതൃത്വത്തിലുള്ള പഠനങ്ങളാണ് ഇവയുടെ കണ്ടെത്തലിലേക്ക് നയിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഇവയെ കാണുന്നതെന്ന് ഡോ. പ്രദീപ് പറഞ്ഞു.
ട്രൈക്കോതൈസ് ജനുസില്‍പ്പെട്ട ട്രൈക്കോതൈസ് പൂനയെന്‍സിസ്, ട്രൈക്കോതൈസ് ജോധ്പുരെന്‍സിസ് എന്നീ ചിലന്തിയിനങ്ങളെ മഹാരാഷ്ട്രയിലെ പുണെ, രാജസ്ഥാനിലെ ജോധ്പുര്‍ എന്നിവിടങ്ങളില്‍നിന്നാണ് കണ്ടെത്തിയത്. ഇതിനൊപ്പം ട്രൈക്കോതൈസ് കാരൂ എന്ന പുതിയ ഇനം ചിലന്തിയെ ഇവര്‍ ആഫ്രിക്കയിലെ വെസ്റ്റേണ്‍ കേപ്പില്‍നിന്നു കണ്ടെത്തിയിരുന്നു. ചിലന്തി ഗവേഷകനായ ചാള്‍സ് ഹഡ്ഡാഡ്, ഗവേഷണ വിദ്യാര്‍ഥി ഋഷികേശ് ത്രിപാഠി എന്നിവരും പഠനത്തില്‍ പങ്കാളികളായി. പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര സയന്‍സ് മാസികയായ സൂടാക്സയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇര പിടിക്കാന്‍ വല വേണ്ട
ഇര പിടിക്കാന്‍ വല നെയ്യാത്തവയാണ് ട്രൈക്കോതൈസ് ചിലന്തികള്‍. കരിയിലകള്‍ക്കുള്ളിലും കല്ലുകള്‍ക്കിടയിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. തവിട്ടും മഞ്ഞയും നിറമാണ് ഇവയ്ക്ക്. നാലുമുതല്‍ 12 മില്ലിമീറ്റര്‍ വരെ ശരീരം വലുപ്പം വയ്ക്കും..ആണ്‍ ചിലന്തികളുടെ ശരീരത്തിന്റെ പുറംഭാഗത്തായി കട്ടി കൂടിയ പടച്ചട്ട പോലത്തെ ആവരണമുണ്ട്. മുന്‍ കണ്ണുകള്‍ വലുപ്പമേറിയവയാണ്.
• ട്രൈക്കോതൈസ് ജോധ്പുരെന്‍സിസ്,ട്രൈക്കോതൈസ് കാരൂ
Content Highlights: Researchers discover new spider species in India