26 അടി നീളം, 200 കിലോ ഭാരം; അനക്കോണ്ടകളിൽ ഭീമൻ വർഗ്ഗത്തെ കണ്ടെത്തി സംഘം

ആമസോണ്‍ മഴക്കാടുകളില്‍ കാണപ്പെടുന്നതും ലോകത്തിലെ തന്നെ ഭീമന്‍ പാമ്പിനവുമായ അനക്കോണ്ടയുടെ പുതിയ വർഗ്ഗത്തെ തിരിച്ചറിഞ്ഞു. നാഷണല്‍ ജോഗ്രഫി ഡിസ്‌നി പ്ലസിനായുള്ള സീരിസ് ('Pole to Pole' with Will Smith) ചിത്രീകരണത്തിനിടെയായിരുന്നു പുതിയ ഇനത്തെ കണ്ടെത്തിയത്. നോര്‍ത്തേണ്‍ ഗ്രീന്‍ അനക്കോണ്ടയെന്ന പേര് നല്‍കിയ പുതിയ ഇനത്തെ ഒറിനോക്കോ നദീതടത്തിലാണ് തിരിച്ചറിഞ്ഞത്. ഇന്‍സ്റ്റാഗ്രാം, ട്വിറ്ററടക്കമുളള സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.
സീരിസ് അവതാരകനായ പ്രൊഫ. ഫ്രീക്ക് വോങ് അനക്കോണ്ടയ്ക്ക് സമീപത്തിലൂടെ നീന്തുന്നത് ദൃശ്യങ്ങളില്‍ കാണാം. താന്‍ ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വലിയ അനക്കോണ്ടയെന്ന അടികുറിപ്പോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഗ്രീന്‍ അനക്കോണ്ട അഥവാ ജയന്റ് അനക്കോണ്ടയെയാണ് മുന്‍പ് ആമസോണില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള 14 പേരടങ്ങിയ വിദഗ്ധ സംഘമാണ് പ്രൊഫ.വോങ്കിനോടൊപ്പം ഉണ്ടായിരുന്നത്. അനക്കോണ്ട ഭീമന് 26 അടിയിലേറെ നീളവും 200 കിലോഗ്രാമിനടുത്ത് ഭാരവുമാണ് കണക്കാക്കുന്നത്. മനുഷ്യന്റെ തലയുടെയത്ര തന്നെ വലിപ്പം വരും ഇവയുടെ തലയ്ക്കും. ഡൈവേഴ്‌സിറ്റി എന്ന ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആമസോണിലെ തദ്ദേശജനവിഭാഗമായ വെയ്‌റോണി വിഭാഗക്കാരില്‍ നിന്ന് പ്രദേശത്ത് നീളം കൂടിയ അനക്കോണ്ടയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മുൻപ് ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പഠന സംഘം ഇവിടെയത്തിയത്. പുതിയ അനക്കോണ്ട ഇനത്തിന്റെ കണ്ടെത്തല്‍ ഇവയുടെ ആവാസവ്യവസ്ഥ സംരക്ഷണിക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷകര്‍ പറയുന്നു.
ഒരു കോടി വർഷം മുൻപ് സതേണ്‍ ഗ്രീന്‍ അനക്കോണ്ടയില്‍ നിന്ന് ജനതികപരമായി വേർപെട്ടതാണ് നോര്‍ത്തേണ്‍ ഗ്രീന്‍ അനക്കോണ്ടകള്‍. മനുഷ്യനും ചിമ്പാന്‍സികളുമായുള്ള ജനതികവ്യത്യാസത്തിലും അധികമാണ് നോര്‍ത്തേണ്‍ ഗ്രീന്‍ അനക്കോണ്ടകള്‍ക്ക് മറ്റിനം അനക്കോണ്ടകളുമായുള്ളതെന്നും പഠന റിപ്പോർട്ട് പറയുന്നു
'"പുതിയ ഇനവും പഴയ ഇനവും തമ്മിൽ ജനിതകപരമായുള്ള വ്യത്യാസം 5.5 ശതമാനമാണ് . ഇത് മനസിലാക്കണമെങ്കില്‍ മനുഷ്യനും ചിമ്പാന്‍സികളും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്താല്‍ മതി. ഉദ്ദേശം 2 ശതമാനമാണ് ചിമ്പാന്‍സികളും മനുഷ്യനും തമ്മിലുള്ള ജനിതകവ്യത്യാസം", പഠനത്തിന്റെ സഹരചയിതാവും യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്‌ലന്‍ഡിലെ ബയോളജിസ്റ്റായ ബ്രയാന്‍ ഫ്രൈ പ്രതികരിച്ചു.
കാട്ടുതീ, വരള്‍ച്ച, കാലാവസ്ഥാ മാറ്റമടക്കമുള്ള ഭീഷണികള്‍ അനക്കോണ്ടകളും അവയുടെ ആവാസവ്യവസ്ഥയും നേരിടുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാമ്പിനങ്ങളില്‍ തന്നെ അസാധാരണമാം വിധം വലിപ്പം വെയ്ക്കുന്ന അനക്കോണ്ടകള്‍ അവയുടെ ശക്തി ഉപയോഗിച്ച് ഇരകളെ ശ്വാസം മുട്ടിച്ച് കൊന്ന് വിഴുങ്ങുകയാണ് പതിവ്. അനക്കോണ്ടയുടെ നാലിനങ്ങളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
Content Highlights: new species of anaconda discovered in amazon rainforest