പ്ലാസ്റ്റിക് ബോള്‍, ഷാംപൂ ബോട്ടില്‍...ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങള്‍ക്ക് ഭീഷണിയായി പ്ലാസ്റ്റിക്

കാഠ്മണ്ഡു: എല്ലാ മണ്‍സൂണിലും നേപ്പാളിലെ ചിറ്റ്വാന് ദേശീയോദ്യാനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് നിലവില്‍ വരും. മഴ മാത്രമല്ല, നദികള്‍ കരകവിഞ്ഞൊഴുകുന്നതും ഈ സമയത്താണ്. അത്യപൂര്‍വമായ ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളുള്ള ദേശീയോദ്യാനത്തിലേക്ക് അപ്പോഴാണ് ക്ഷണിക്കപ്പെടാതെ ഒരു അതിഥിയെത്തുക. പ്ലാസ്റ്റിക് മാലിന്യങ്ങള്‍! വെള്ളം താഴുമ്പോള്‍ കരപ്രദേശമാകെ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് മൂടിയിട്ടുണ്ടാവും. ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളെത്തുന്ന പുല്പ്രദേശങ്ങളിലും അവസ്ഥ സമാനമാണ്.
ഈയടുത്ത് ഗ്ലോബല്‍ എക്കോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ നേപ്പാളിലെ ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങള്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. പല രൂപത്തില്‍, വിവിധ വലിപ്പത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ കാണ്ടാമൃഗങ്ങളുടെ ആമാശയത്തിലെത്തുന്നു. 258 കാണ്ടാമൃഗങ്ങളുടെ വിസര്‍ജ്ജ്യം പഠനവിധേയമാക്കിയതില്‍ 10.1 ശതമാനം വരുന്നവയിലും പ്ലാസ്റ്റിക് കണ്ടെത്തി.
പ്ലാസ്റ്റിക് ബോളുകള്‍, പോളീതീന്‍ ബാഗ്, ഷാംപൂ ബോട്ടില്‍, ബോട്ടില്‍ അടപ്പുകള്‍ എന്നിവയാണ് വിസര്‍ജ്ജ്യങ്ങളില്‍ കണ്ടെത്തിയവയില്‍ അധികവും. മനുഷ്യര്‍ക്ക് വിലക്കുളള ദേശീയോദ്യാനത്തിന്റെ ഭാഗത്ത് ശേഖരിച്ച വിസര്ജ്ജ്യങ്ങളിലാണ് പ്ലാസ്റ്റിക്കുകളുടെ ഏറിയ പങ്കും കണ്ടെത്തിയത്. 18 % പ്ലാസ്റ്റിക് ഈ മേഖലയില്‍ കണ്ടെത്തിയെങ്കില്‍ മനുഷ്യരെത്തുന്നതും മനുഷ്യവാസമുള്ളതുമായ മേഖലകളിലെ വിസര്‍ജ്ജ്യങ്ങളില്‍ പ്ലാസ്റ്റിക് സാന്നിധ്യം ആറ് ശതമാനം മാത്രമാണ്.
ചിറ്റ്വാനിലെ ഭൂരിഭാഗം വരുന്ന ജനങ്ങളും നദിയുടെ കരപ്രദേശങ്ങളില്‍ പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം, മണ്‍സൂണിലെ വെള്ളപ്പൊക്കത്തിലാണ് ദേശീയോദ്യാനത്തിലെത്തുന്നത്. സന്ദര്‍ശകര്‍ അശ്രദ്ധമായി വലിച്ചറെയുന്ന മാസ്ക്, ബോട്ടില്‍ ക്യാപ് എന്നിവയും ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങള്‍ അകത്താക്കുന്നു. തെക്കന്‍ ഏഷ്യയില്‍ ഗുട്ക് (gutkha) എന്നറിയപ്പെടുന്ന പുകയില പാക്കറ്റുകളാണ് മിക്ക ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങള്‍ക്കും ഭീഷണിയാകുന്നതെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവായ ബെല്‍റാം അശ്വതി പറയുന്നു.
വിത്ത് വ്യാപനം പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ കാണ്ടാമൃഗങ്ങളുടെ വിസര്‍ജ്ജ്യത്തില്‍ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. ഇത്തരം മാലിന്യങ്ങള്‍ മൂലം ദീര്‍ഘനാള്‍ കാണ്ടാമൃഗങ്ങളുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ക്ക് പഠനത്തില്‍ ശ്രദ്ധ നല്‍കിയില്ല. എന്നാല്‍ ഇത് കാണ്ടാമൃഗങ്ങളുടെ ദഹനം, പ്രത്യുത്പാദനം എന്നിവയെ ബാധിക്കുന്നുണ്ട്.
മനുഷ്യ നേത്രങ്ങളാല്‍ കാണാന്‍ കഴിയാവുന്ന പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയെങ്കിലും നഗ്നനേത്രത്താല്‍ കാണാന്‍ കഴിയാത്ത പ്ലാസ്റ്റിക് ശകലങ്ങളും വിസര്ജ്ജ്യത്തിലുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. ചിറ്റ്വാനില്‍ അജ്ഞാത കാരണം കൊണ്ട് ചത്തൊടുങ്ങുന്ന കാണ്ടാമൃഗങ്ങളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. നേപ്പാളിലെ വന്യജീവി സങ്കേതങ്ങളില്‍ 2021-ലെ കണക്കുകള്‍ പ്രകാരം 752 ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളാണുള്ളത്. ഐയുസിഎന്‍ പട്ടികപ്രകാരം വംശനാശത്തിന് സാധ്യതയുള്ള വന്യജീവി കൂടിയാണ് ഒറ്റക്കൊമ്പന് കാണ്ടാമൃഗം.
Content Highlights: Nepal’s one horned rhinos are eating plastic waste, study finds