ഭോപ്പാലിലെ വന്‍ വിഹാര്‍ ദേശീയോദ്യാനത്തിലെത്തിച്ച രാജവെമ്പാല ചത്തു

ഭോപ്പാല്‍: ഭോപ്പാലിലുള്ള വന്‍ വിഹാര്‍ ദേശീയോദ്യാനത്തിലെ അഞ്ചുവയസ്സുള്ള രാജവെമ്പാല ചത്തു. നാഗാര്‍ജുന എന്ന പേരുള്ള ആണ്‍ രാജവെമ്പാലയാണ് ചത്തത്. മംഗളൂരുവിലെ ഒരു വന്യജീവി സങ്കേതത്തില്‍നിന്ന് രണ്ടുമാസങ്ങള്‍ക്ക് മുന്‍പാണ് നാഗാര്‍ജുനയെ ഭോപ്പാലിലെ വന്‍ വിഹാര്‍ ദേശീയോദ്യാനത്തിലെത്തിച്ചത്.
സിസിടിവി ക്യാമറ നിരീക്ഷിച്ചപ്പോൾ നാഗാര്‍ജുനയുടെ അനക്കമൊന്നും കാണാത്തതിനെ തുടര്‍ന്ന് ദേശീയോദ്യാനത്തിലെ ജീവനക്കാര്‍ കൂട്ടില്‍ കയറി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. കര്‍ണാടകയിലെ മംഗളൂരുവിലുള്ള പീലിക്കുള ബയോളജിക്കല്‍ പാര്‍ക്കില്‍നിന്ന് ഏപ്രില്‍ ആറിനാണ് നാഗാര്‍ജുനയെയും മറ്റൊരു എട്ടുവയസ്സുകാരനായ രാജവെമ്പാലയായ നാഗശയനയെയും വന്‍ വിഹാര്‍ ദേശീയോദ്യാനത്തിലെത്തിച്ചത്.
ദേശീയോദ്യാനത്തിലെത്തിച്ചതുമുതല്‍ അധികൃതരുടെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇരു രാജവെമ്പാലകളും. ചൊവ്വാഴ്ച വരെ നാഗാര്‍ജുനയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അധികൃതര്‍ പ്രതികരിച്ചു.
ഏറ്റവും വിഷമേറിയ പാമ്പിനങ്ങളിലൊന്നുകൂടിയാണ് രാജവെമ്പാല. 18 അടിവരെ നീളത്തില്‍ രാജവെമ്പാലകള്‍ കാണപ്പെടാറുണ്ട്. ഏറ്റവും ബുദ്ധിയേറിയ പാമ്പിനമെന്ന പേരും രാജവെമ്പാലയ്ക്ക് സ്വന്തമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് വേട്ടയാടല്‍ രീതി മാറ്റുന്നതിനാലാണിത്.
Content Highlights: king cobra dies at van vihar national park in bhopal