കടൽപ്പായൽ കൊണ്ട് ശരീരങ്ങൾ പരസ്പരം ഉരുമ്മും; കൊലയാളിത്തിമിംഗിലങ്ങളുടെ വിചിത്ര സ്വഭാവരീതി പുറത്ത്

കടൽപ്പായൽ കൊണ്ട് ശരീരങ്ങൾ പരസ്പരം ഉരുമ്മുന്ന കൊലയാളിത്തിമിം​ഗിലങ്ങളുടെ ദൃശ്യങ്ങൾ | Photo: AFP
കടൽപ്പായൽ കൊണ്ട് ശരീരങ്ങൾ പരസ്പരം ഉരുമ്മുന്ന കൊലയാളിത്തിമിം​ഗിലങ്ങളുടെ ദൃശ്യങ്ങൾ | Photo: AFP

ൾക്കടലിന്റെ ഓളങ്ങളിൽ ആ കൊലയാളികളും പരസ്പരം തൊട്ടുരുമ്മിപ്പോകാറുണ്ട്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ തീരത്തുള്ള സാലിഷ് കടലിൽനിന്ന് ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യങ്ങളാണ് ഗവേഷകർ പുറത്തുവിട്ടത്. കൊലയാളി തിമിംഗിലങ്ങളുടെ പരസ്പര ശുചീകരണത്തിന്റെ അത്യപൂർവദൃശ്യങ്ങളായിരുന്നു അത്.

ബുൾ കെൽപ്പ് എന്ന്‌ പേരുള്ള കടൽപ്പായലിന്റെ ചെറിയ ഭാഗങ്ങൾകൊണ്ട് തിമിംഗിലങ്ങൾ തങ്ങളുടെ ശരീരങ്ങൾ പരസ്പരം ഉരുമ്മുന്നതായാണ് കണ്ടെത്തിയത്. ആദ്യമായാണ് കടൽജീവികളിൽ ഇത്തരമൊരു സ്വഭാവം നിരീക്ഷിക്കുന്നത്. കൂട്ടമായി കഴിയുന്ന 73 കൊലയാളി തിമിംഗിലങ്ങളിൽ കഴിഞ്ഞ 50 വർഷമായി പഠനം നടന്നുവരുന്നുണ്ട്. എന്നാൽ, 2024 ഓഗസ്റ്റിലാണ് ഇത്തരമൊരു സ്വഭാവം ദൃശ്യമായത്.

തിമിംഗിലങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും നശിച്ച കോശങ്ങളെ നീക്കംചെയ്ത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പായൽകൊണ്ടുള്ള തലോടലിന് കഴിയുമെന്നാണ് നിരീക്ഷണം. 

ആഗോളതാപനം കാരണം കടൽ അതിവേഗം ചൂടാകുന്നതിനാൽ, ബുൾ കെൽപ്പ് കടൽപ്പായലും ഭീഷണി നേരിടുന്നതായി ശാസ്ത്രലോകം പറയുന്നുണ്ട്. ഇതുവരെ മറ്റെവിടെയും കാണാത്ത ഈ അപൂർവകാഴ്ച തിമിംഗിലങ്ങളുടെ ബുദ്ധിയെയും സ്വഭാവത്തെയുംകുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് വഴികാട്ടിയാകുമെന്നാണ് പ്രതീക്ഷ. കറന്റ് ബയോളജി എന്ന ജേണലിൽ ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Content Highlights: killer whales make kelp tools to massage each other