148 കടുവകള്‍; ലോകത്ത് കടുവകളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളില്‍ മൂന്നാംസ്ഥാനത്ത് കാസിരംഗ

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

കാസിരംഗ (അസം): ലോകത്തിൽ കടുവകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വ്. ചെറിയ ഒരു പ്രദേശത്തുതന്നെ ഏറ്റവുമധികം കടുവകളെ കാസിരംഗയില്‍ കാണാന്‍ സാധിക്കും. കാസിരംഗയില്‍ നൂറ് സ്‌ക്വയര്‍ കിലോമീറ്ററില്‍ 18 കടുവകളുണ്ടെന്നാണ് കണക്ക്. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ എക്‌സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'അസം കടുവകളെ സംരക്ഷിക്കുക മാത്രമല്ല, അവരുടെ ആവാസവ്യവസ്ഥ തിരിച്ചുപിടിക്കുക കൂടിയാണ് ചെയ്തതെന്ന് ഹിമന്ത് ബിശ്വ ശര്‍മ എക്‌സില്‍ കുറിച്ചു. കാസിരംഗ കടുവ സങ്കേതത്തിലെ കടുവകളുടെ എണ്ണം 148 ആയി ഉയര്‍ന്നുവെന്ന് കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടറായ സൊണാലി ഘോഷ് പ്രതികരിച്ചു. 

2022-ലെ കടുവകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. ബിശ്വനാഥ് വൈല്‍ഡ്‌ലൈഫ് ഡിവിഷനില്‍ 27 കടുവകളെ രേഖപ്പെടുത്തി. കിഴക്കന്‍ അസം വന്യജീവി ഡിവിഷനില്‍ 2022-ല്‍ 104 കടുവകളെന്നത് 2024-ല്‍ 115 ആയും ഉയര്‍ന്നു. നഗാവ് വൈല്‍ഡ്‌ലൈഫ് ഡിവിഷനിലെ കടുവകളുടെ എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഇവിടെ ആറ് കടുവകളെയാണ് കണ്ടത്. 

ഔദ്യോഗിക രീതികള്‍ പ്രകാരമാണ് ഈ പ്രദേശങ്ങളില്‍ കടുവകളുടെ കണക്കെടുപ്പ് നടത്തിയത്. 2023-നും 2024-നുമിടയില്‍ കാസിരംഗയിലെ 1,307 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശത്ത് ക്യാമറ ട്രാപ്പ് സ്ഥാപിച്ചാണ് കണക്കെടുപ്പ് നടന്നത്. വന്യജീവി സംരക്ഷണത്തില്‍ പ്രധാന നാഴികകല്ല് പിന്നിട്ട കാസിരംഗ ദേശീയോദ്യാനം ഗ്ലോബല്‍ ടൈഗര്‍ ഡേയോടനുബന്ധിച്ച് 'സ്റ്റാറ്റസ് ഓഫ് ടൈഗേഴ്‌സ് ഇന്‍ കാസിരംഗ, 2024' റിപ്പോര്‍ട്ടും പുറത്തുവിട്ടു. 

Content Highlights: kaziranga home to worlds third largest tiger density