ഹിമാലയന്‍ ചെന്നായ്ക്കള്‍ക്കും രക്ഷയില്ല! വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി IUCN

ജൈവവൈവിധ്യപരമായി ഏറെ പ്രത്യേകതകളുണ്ട് ഹിമാലയന്‍ മലനിരകള്‍ക്ക്. അവിടുത്തെ വൈവിധ്യങ്ങളില്‍ പ്രധാനിയാണ് ഹിമാലയന്‍ ചെന്നായ്ക്കള്‍. ഇവയെ കുറിച്ച് പരിമിതമായ അറിവാണ് ശാസ്ത്രലോകത്തിന് ഇപ്പോഴുമുള്ളതെന്ന് തിങ്ക് വൈല്‍ഡ്‌ലൈഫ് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴിതാ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) ചുവപ്പുപട്ടികയ്ക്കായി ഹിമാലയന്‍ ചെന്നായ്ക്കളെ ആദ്യമായി വിലയിരുത്തിരിക്കുകയാണ്.
അത്ര സുഖകരമല്ലാത്ത സ്ഥാനമാണ് നിലവില്‍ പട്ടികയില്‍ ഹിമാലയന്‍ ചെന്നായ്ക്കള്‍ക്കുള്ളത്. വംശനാശത്തിന് ഇരയാക്കോവുന്ന ജീവിവര്‍ഗങ്ങളുടെ (vulnerable) പട്ടികയിലാണ് ഹിമാലയന്‍ ചെന്നായ്ക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവയുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യമാണ് നിലവിലുളളത്. വനപ്രദേശങ്ങളില്‍ 2,275-നും 3,792-നുമിടയിലാണ് പ്രായപൂര്‍ത്തിയായ ചെന്നായ്ക്കളുടെ ആകെ എണ്ണം. ഇന്ത്യയിലെ ഹിമാലയന്‍ മേഖലയില്‍ 227-നും 378-നുമിടയിലാണ് ഇവയുടെ എണ്ണം.
വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗവേഷകനായ ശിവം സ്‌ത്രോത്രിയ ഇന്ത്യയുടെ ഹിമാലയന്‍ പ്രദേശങ്ങളിലാകെ 378 മുതല്‍ 630 വരെ എണ്ണത്തില്‍ ഹിമാലയന്‍ ചെന്നായ്ക്കള്‍ മാത്രമാണുള്ളതെന്ന് 2020-ല്‍ കണ്ടെത്തിയിരുന്നു. ലഡാക്ക്, ഹിമാചല്‍പ്രദേശ് തുടങ്ങിയ ഇടങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. നേപ്പാള്‍, ഇന്ത്യ, ടിബറ്റന്‍ പീഠഭൂമി തുടങ്ങിയ പ്രദേശങ്ങളിലായാണ് ഹിമാലയന്‍ ചെന്നായ്ക്കളുടെ എണ്ണം വ്യാപിച്ചുകിടക്കുന്നത്.
വന്യജീവി സംരക്ഷണ നിയമപരിധിക്കുള്ളില്‍ വരുന്ന ഇവയ്ക്ക് വിപണിമൂല്യമുള്ള രോമങ്ങള്‍ വെല്ലുവിളിയായി മാറുന്ന സ്ഥിതിയാണുള്ളത്. ജനിതകപരമായി ഏറെ പ്രത്യേകളും ഇവയ്ക്കുണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കട്ടികൂടിയ രോമങ്ങള്‍ ഇവയ്ക്ക് തണുപ്പേറിയ കാലാവസ്ഥയോട് പൊരുത്തപ്പെടുന്നതിന് സഹായകരമാകുന്നു. ഇന്ത്യയില്‍ ഡാര്‍ജിലിങ് മൃഗശാല ഇവയുടെ കാപ്റ്റീവ് ബ്രീഡിങ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
Content Highlights: himalayan wolf identified as vulnerable by iucn