ആമസോണ്‍ മഴക്കാട്ടിലെ ഭീമന്‍ അനക്കോണ്ട ഇനിയോര്‍മ; മരണകാരണം അന്വേഷിക്കുന്നു

ആമസോൺ മഴക്കാട്ടിൽ തിരിച്ചറിഞ്ഞ ഭീമൻ അനക്കോണ്ട, ചത്ത നിലയിൽ കണ്ടെത്തിയപ്പോൾ (ഇൻസെെറ്റ് ചിത്രം) | Photo: instagram.com/freekvonk
ആമസോൺ മഴക്കാട്ടിൽ തിരിച്ചറിഞ്ഞ ഭീമൻ അനക്കോണ്ട, ചത്ത നിലയിൽ കണ്ടെത്തിയപ്പോൾ (ഇൻസെെറ്റ് ചിത്രം) | Photo: instagram.com/freekvonk

നക്കോണ്ടകളിലെ ഭീമനും ആമസോണ്‍ മഴക്കാടില്‍ സമീപകാലത്ത് തിരിച്ചറിഞ്ഞ അനക്കോണ്ട ഇനവുമായ നോര്‍ത്തേണ്‍ ഗ്രീന്‍ അനക്കോണ്ട ചത്തു. അന ജൂലിയ എന്നാണ് ഈ നോര്‍ത്തേണ്‍ ഗ്രീന്‍ അനക്കോണ്ടയ്ക്ക് പേര് നൽകിയിരുന്നത്. മരണപ്പെടാന്‍ സാധ്യതയുളള എല്ലാ വഴികളും അന്വേഷിക്കുന്നുണ്ടെന്നും സ്വാഭാവിക മരണമാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പ്രതികരിച്ചു.  അതേസമയം  വെടിയേറ്റ് മരണപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായും വിദഗ്ധാഭിപ്രായം ഉണ്ട്. 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നാഷണല്‍ ജോഗ്രഫി ഡിസ്‌നി പ്ലസിനായുള്ള സീരിസ് ('Pole to Pole' with Will Smith) ചിത്രീകരണത്തിനിടെയായിരുന്നു പുതിയ ഇനത്തെ കണ്ടെത്തിയത്. ഒറിനോക്കോ നദീതടത്തില്‍ കണ്ടെത്തിയ ജൂലിയയുടെ വീഡിയോ ദൃശ്യങ്ങളും സീരിസ് അവതാരകനായ പ്രൊഫ. ഫ്രീക്ക് വോങ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും  വലിയ അനക്കോണ്ടയെന്ന അടികുറിപ്പോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. 

അനക്കോണ്ട ഭീമന് 26 അടിയിലേറെ നീളവും 200 കിലോഗ്രാമിനടുത്ത് ഭാരവുമാണ് കണക്കാക്കുന്നത്. മനുഷ്യന്റെ തലയുടെയത്ര തന്നെ വലിപ്പം വരും ഇവയുടെ തലയ്ക്കും. പുതിയ പാമ്പിനത്തെ പറ്റിയുള്ള വിശദമായ പഠനറിപ്പോര്‍ട്ട് ഡൈവേഴ്‌സിറ്റി എന്ന ജേണലിലും പ്രസിദ്ധീകരിച്ചിരുന്നു. 

ഒരു കോടി വര്‍ഷം മുന്‍പ് സതേണ്‍ ഗ്രീന്‍  അനക്കോണ്ടയില്‍ നിന്ന് ജനതികപരമായി വേര്‍പെട്ടതാണ് നോര്‍ത്തേണ്‍ ഗ്രീന്‍ അനക്കോണ്ടകള്‍. മനുഷ്യനും ചിമ്പാന്‍സികളുമായുള്ള ജനതികവ്യത്യാസത്തിലും അധികമാണ് നോര്‍ത്തേണ്‍ ഗ്രീന്‍ അനക്കോണ്ടകള്‍ക്ക് മറ്റിനും അനക്കോണ്ടകളുമായുള്ളതെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. 

കാട്ടുതീ, വരള്‍ച്ച, കാലാവസ്ഥാ മാറ്റം എന്നിവയടക്കമുള്ള വെല്ലുവിളികള്‍ അനക്കോണ്ടകളും അവയുടെ ആവാസവ്യവസ്ഥയും നേരിടുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാമ്പിനങ്ങളില്‍ തന്നെ അസാധാരണമാം വിധം വലിപ്പം വെയ്ക്കുന്ന അനക്കോണ്ടകള്‍ അവയുടെ ശക്തി ഉപയോഗിച്ച് ഇരകളെ ശ്വാസം മുട്ടിച്ച് കൊന്ന് വിഴുങ്ങുകയാണ് പതിവ്. അനക്കോണ്ടയുടെ നാലിനങ്ങളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. 

Content Highlights: giant anaconda discovered in amazon rainforest dead