'കല്പവൃക്ഷമാണ്, വേലിചാടിയാല്‍ മഹാ തോന്നിയവാസി', 350 വർഷം മുമ്പ് കേരളത്തില്‍ നിന്നു മറഞ്ഞ നീറ്റിപ്പന

#ഡോ. ഇ. ഉണ്ണികൃഷ്ണന്‍
നീപ്പാപ്പനയുടെ കുല ശേഖരിക്കുന്ന ആർക്കിയോളജി ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരനായിരുന്ന ടി.എ. രാഘവൻ| ഫോട്ടോ:മധുരാജ്‌
നീപ്പാപ്പനയുടെ കുല ശേഖരിക്കുന്ന ആർക്കിയോളജി ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരനായിരുന്ന ടി.എ. രാഘവൻ| ഫോട്ടോ:മധുരാജ്‌

ചെറായിക്കായലോരത്ത് ടി.എ.രാമന്റെ വീട്ടരികില്‍ പശ്ചിമ തീരത്തെ നൈസര്‍ഗിക ചുറ്റുപാടില്‍ വളരുന്ന ഏക നീപ്പ പനക്കൂട്ടം ഇപ്പോഴും പൂത്തും കായ്ച്ചും  വിലസി നില്ക്കുന്നുണ്ട്. 80 മില്യണ്‍ വര്‍ഷം മുമ്പ് പനകളുടെ ഉദ്ഭവ കാലത്ത്  തെക്കന്‍ കായല്‍ പ്രദേശങ്ങളില്‍ വര്‍ക്കല മുതല്‍ കൊച്ചിവരെയെങ്കിലും വളര്‍ന്നു നിന്നിരുന്ന ആദിമമായ ഈ തമാലവൃക്ഷങ്ങള്‍ പൂമ്പൊടികള്‍ മാത്രം ജീവാംശമായി മണ്ണില്‍ ബാക്കിയാക്കി ഇവിടെ നിന്ന് മറഞ്ഞതെന്നാകാം? വേമ്പനാട്ടു കായലിന്റെ തീരത്ത് മൂന്നര നൂറ്റാണ്ടു മുമ്പു വരെ ഓലപ്പീലി നിവര്‍ത്തി നിന്നിരുന്നുവെന്ന് കരുതുന്ന പന വര്‍ഗ്ഗത്തില്‍ പെട്ട ഒരു സസ്യമാണ് നീറ്റിപ്പന. ലോകമെമ്പാടും കായല്‍ നിലങ്ങളില്‍ ഇന്നും വല്ലാത്ത അതിജീവന ശേഷിയോടെ പടരുന്ന ഈ കണ്ടല്‍പ്പന കേരളത്തില്‍ നിന്നു മാത്രം    മറഞ്ഞു പോയത് എങ്ങനെയാകാം? 

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഉത്തരവാദിത്വം വരുംതലമുറയെ എല്‍പ്പിച്ചാണ് സസ്യ വര്‍ഗീകരണശാസ്ത്രത്തിലും വംശീയ സസ്യശാസ്ത്രത്തിലും മഹത്തായ സംഭാവനകള്‍ നല്‍കിയ ഡോ.കെ. എസ് മണിലാല്‍ നമ്മെ വിട്ടു പിരിഞ്ഞത്. കായല്‍ച്ചതുപ്പുകളുടെ അയരുറപ്പില്‍ തഴച്ചുവളരുന്ന ലോകത്തിലെ ഒരേയൊരു കണ്ടല്‍പ്പനയാണ് നീപ്പ.  സസ്യ പരിണാമ ശ്രേണിയില്‍ ഏറ്റവുമാദ്യമുണ്ടായ പനയിനം. കള്ള് ചെത്താനും പനനൊങ്ക് തിന്നാനും എണ്ണയാട്ടാനും  പന്നിക്ക് തീറ്റയായും ബീഡി തെറുക്കാനും   ഒക്കെ ലോകമെങ്ങും ഇത്  ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ  പൂങ്കുല പോലും കറിവെക്കാമത്രേ. അടര്‍ത്തിയെടുക്കാന്‍ പറ്റാത്ത വിധം ഞെട്ടടുപ്പത്തോടെയാണ് ഇതിന്റെ തേങ്ങാക്കുലകള്‍. വെട്ടി നാലഞ്ചു ദിവസം വെച്ചാല്‍ പനന്തേങ്ങയെല്ലാം ഞെട്ടടര്‍ന്ന് നാനാവിധമാകും.  ഞെട്ടിന്റെ ഈ പ്രത്യേകത കൊണ്ടാകണം 'ഞെട്ടിപ്പന ' എന്ന പേരും  ഇതിനുണ്ട്.  തായ്ത്തടിയില്ലാതെ അതിവേഗം ചിനപ്പുകള്‍ പൊട്ടി വളര്‍ന്ന് മതിലുറപ്പോടെ നിലനില്ക്കുന്ന നീപ്പപ്പനകള്‍ തീരസംരക്ഷണത്തിന് ഉത്തമമാണ്. നീപ്പയുടെ സംഘവളര്‍ച്ചാ മതില്‍ക്കെട്ടുകള്‍ സുനാമിത്തിരകള്‍ക്കും തകര്‍ക്കാനായില്ല എന്നാണ് ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള  അനുഭവസാക്ഷ്യങ്ങള്‍.

സസ്യശാസ്ത്ര സംബന്ധിയായ ഇതിഹാസ ഗ്രന്ഥമായ ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസില്‍ ഈ സസ്യത്തെപ്പറ്റി പറയുന്നുണ്ട്.  ഡച്ച് ഗവര്‍ണരായ വാന്റീഡ് മൂന്നര ശതകം മുമ്പ് ഇട്ടിഅച്ചുതനെന്ന മലയാള വൈദ്യന്റെ സഹായത്തോടെ തയ്യാറാക്കിയതാണ് ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ്. ലാറ്റിന്‍ ഭാഷയിലായതിനാല്‍ നൂറ്റാണ്ടുകളായി മലയാളിയുടെ മുമ്പില്‍ പൊതിയാത്തേങ്ങയായി കിടന്നു ഈ ഹരിത പൈതൃകജ്ഞാനം. ജീവിതം മുഴുവന്‍ ഈ കൃതിയുടെ പഠനത്തിനും വിശദീകരണത്തിനുമായി നീക്കിവെച്ച സസ്യ ശാസ്ത്രജഞനായിരുന്നു കെ. എസ് മണിലാല്‍ എന്ന  കാട്ടുങ്ങല്‍ സുബ്രഹ്‌മണ്യന്‍ മണിലാല്‍. കോഴിക്കോട് സര്‍വകലാശാലയിലെ ഈ മുന്‍ബോട്ടണി പ്രഫസറുടെ  പ്രയത്‌നഫലമായാണ് ഹോര്‍ത്തൂസ് ലോകത്തിനു മുന്നില്‍  തുറന്നു വെക്കപ്പെട്ടത്. കെ.എസ്.മണിലാല്‍ ലാറ്റിനില്‍ നിന്നും ഇംഗ്ലീഷിലേക്കും പിന്നീട് മലയാളത്തിലേക്കും നടത്തിയ മൊഴി മാറ്റത്തിലൂടെയാണ് മലയാളിക്ക് തന്നെ ഇതിന്റെ അകപ്പൊരുള്‍ അറിയാനായത്.


ചെറായി കായൽ കരയിൽ തഴച്ചുവളരുന്ന നീപ്പാപ്പന, നീപ്പാപ്പനയുടെ പൂങ്കുല.

ഹോര്‍ത്തൂസിലെ മുഴുവന്‍ സസ്യങ്ങളെയും വാന്റീഡിന്റെ പുസ്തകത്തില്‍ പറഞ്ഞ അതേ ദേശങ്ങളില്‍ കണ്ടെത്തി ശാസ്ത്രീയമായി തിരിച്ചറിഞ്ഞും ലാറ്റിന്‍ ഭാഷ സ്വയം പഠിച്ചെടുത്തുമാണ് മണിലാല്‍  സമ്പൂര്‍ണ വിവര്‍ത്തനം നടത്തിയത്. ഹോര്‍ത്തൂസിലെ ചെടികളെ സസ്യ ശാസ്ത്രപരമായി തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ സി.ആര്‍.സുരേഷ് എന്ന ഗവേഷകന്‍ മണിലാലിന്റെ മാര്‍ഗനിര്‍ദേശത്തിലും സ്മിത്ത്‌സോണിയന്‍ സര്‍വകലാശാലയിലെ നിക്കോള്‍സന്റെ മേല്‍നോട്ടത്തിലും 1988 ല്‍ പി.എച്ച്.ഡിക്ക് ചേര്‍ന്നതോടെയാണ് ഹോര്‍ത്തൂസിലെ ചെടികളെ സ്വാഭാവിക പര്യാവരണത്തില്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായത് . ഇതിന്റെ ഫലമായി  ഹോര്‍ത്തൂസിലെ എഴുനൂറ്റിനാല്പത്തിരണ്ട് സസ്യ ചിത്രങ്ങളില്‍ നിന്ന് ചെന്താന്നി എന്ന ഒന്നൊഴികെ മറ്റെല്ലാം ശാസ്ത്രനാമസഹിതം കൃത്യതയോടെ തിരിച്ചറിയാനായി. ഹോര്‍ത്തൂസില്‍ 'നീറ്റിപ്പന്ന' യെന്ന ഒരു സസ്യത്തെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍ ഈ ചെടിയുടെ ചിത്രം കൊടുത്തിട്ടില്ല. അതു കൊണ്ടു തന്നെ ഇതിനെ ശരിയായി തിരിച്ചറിയുകയെന്നത് പ്രയാസകരമായി.  

ഹോര്‍ത്തൂസ് മലബാറിക്കൂസിന് 1988 ല്‍ തയ്യാറാക്കിയ വ്യാഖ്യാന പഠനത്തില്‍ ഒരു പന്നല്‍ച്ചെടിയെയാണ് നീറ്റിപ്പന്നയായി വിവരിച്ചിട്ടുള്ളത്. നീറ്റില്‍ വളരുന്നതോ ജലസാമിപ്യം ഇഷ്ടപ്പെടുന്നതോ ആയ ഒരു പന്നല്‍ ചെടിയാകണം നീറ്റിപ്പന്ന എന്ന ഊഹത്തിലാകണം എലിക്ട്രം ഓറിയന്റല്‍ എന്ന പന്നല്‍ ച്ചെടിയെ നീറ്റിപ്പന്നയായി തീര്‍ച്ചപ്പെടുത്തിയത്.  ഇല പന പോലെ തോന്നിക്കുന്നതും ജലനനവുള്ള ചുമരിലും കിണറ്റുപടവിലും സാധാരണമായതുമായ ഫേണ്‍ ആണിത്. ഡച്ച് ഭാഷയിലുള്ള മൂലകൃതിയില്‍ വാന്റീഡ് കുടപ്പനയുടെ കൂടെയാണ് നീറ്റിപ്പന്നയെ വിവരിച്ചിരിക്കുന്നത്. ഇതിന്റെ ഓല ഒരു നിര്‍മാണ വസ്തുവായി ഉപയോഗിക്കാമെന്ന പരാമര്‍ശത്തെ മുന്‍നിര്‍ത്തി 'പന്ന ' എന്നത് 'പന' തെറ്റായി എഴുതപ്പെട്ടതായിരിക്കാം എന്ന യുക്തിയില്‍ നീപയാണ് നീറ്റിപ്പന്നയെന്ന് മണിലാല്‍ തന്നെ 2003 ല്‍ പ്രസിദ്ധീകരിച്ച  ഹോര്‍ത്തു സിന്റെ ഇംഗ്ലീഷ്  വിവര്‍ത്തനത്തില്‍  തിരുത്തുവരുത്തുന്നുണ്ട്.  ഒരു കാലത്ത് ഈ നീര്‍പ്പന കേരളത്തില്‍ ധാരാളം  വളര്‍ന്നിരുന്നു എന്നതിന് വര്‍ക്കല തീരത്തുനടന്ന  ഫോസില്‍ പഠനത്തില്‍ മണ്ണടരില്‍  നിന്ന് കണ്ടെത്തിയ പൂമ്പൊടി തെളിവാണ്. മലബാറിലെ സസ്യ പ്രകൃതിയെ  ആകമാനം ശാസ്ത്രീയമായി വിവരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെഴുതപ്പെട്ട ഗാംബിളിന്റെ ഫ്‌ലോറയില്‍  ഇത്തരമൊരു ചതുപ്പുപന വിവരിക്കപ്പെടുന്നതുമില്ല.  വാന്റീഡിന്റെ കാലത്തിനു ശേഷം  എന്തോ കാരണങ്ങള്‍ കൊണ്ട് ഈ ജലപ്പനയ്ക്ക് കേരളത്തില്‍ വംശനാശമുണ്ടായി എന്നു കരുതണം.  കേരളത്തിലെ കണ്ടല്‍ചതുപ്പുകളില്‍ നിന്ന് മുതലകള്‍ അപ്രത്യക്ഷമായതു പോലെയൊരു തിരോധാനം!.

വേമ്പനാട്ടു കായലിന്റെ തെക്കന്‍ ഭാഗമായ തെക്കുംകൂര്‍ പ്രദേശത്ത് ആണ് നീറ്റിപ്പന്നകള്‍ കാണപ്പെടുന്നതെന്നാണ് വാന്‍ റീഡ് ഹോര്‍ത്തൂസില്‍ പറയുന്നത്. കേരളത്തിലെ കണ്ടല്‍ സമൃദ്ധമായ തീരത്തെവിടെയെങ്കിലും ഇപ്പോഴും  നീറ്റിപ്പനകള്‍ ശേഷിക്കുന്നുണ്ടോ എന്ന അന്വേഷണം രസകരമായ ചില വിവരങ്ങള്‍ വെളിവാക്കി.  വടക്കന്‍ പറവൂരിലെ പട്ടണത്തെ കായല്‍ പാടത്ത് നിന്നും നീപ്പ എന്ന നീര്‍പ്പനയെ  കേരളത്തില്‍ ആദ്യമായി 'കണ്ടെത്തി'യതായി 2016 ല്‍  ഇന്റര്‍നാഷനല്‍ ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ് റിസര്‍ച്ചില്‍ വായിച്ച ഒരു ലേഖനത്തിന്റെ  ചുവട് പിടിച്ച്  കൂടുതലന്വേഷിച്ചപ്പോഴാണ് ആര്‍ക്കിയോളജി വകുപ്പിലെ മുന്‍ ജീവനക്കാരനായ ടി.എ.രാമന്റെ വീടിനോട് ചേര്‍ന്ന പൊക്കാളിപ്പാടത്തിന് അതിരിട്ട് വീട്ടുപറമ്പിന് ഒരു സസ്യമതിലായി നില്ക്കുന്ന ഈ  കായല്‍പ്പനക്കൂട്ടം കണ്ടത്.

നീപ്പാപ്പന നൊങ്ങ്.

പട്ടണം എന്നത് പഴയ മുസിരിസിന്റെ ഓര്‍മ പേറുന്ന പ്രാചീന തുറമുഖമാണ്. സഹസ്രാബ്ദങ്ങളുടെ ചരിത്ര ശേഷിപ്പുകള്‍ പട്ടണം ഖനനത്തിലൂടെ കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സമുദ്ര വാണിജ്യങ്ങളുടെയും പഴന്തമിഴ് സംസ്‌കൃതിയുടെയും മഹാപെരുംകാലങ്ങളില്‍ പഴയ കപ്പലോട്ട വഴികളില്‍  നിറഞ്ഞു നിന്നിരുന്ന ഈ വൃക്ഷത്തെ അന്നത്തെ നൈതല്‍ത്തിണ വാസികള്‍ വീടു നിര്‍മാണത്തിനോ കരകൗശല നിര്‍മാണത്തിനോ ആഹാരത്തിനോ മദ്യ നിര്‍മാണത്തിനോ പ്രയോജനപ്പെടുത്തിയിരിക്കാം .

മൂന്നര നൂറ്റാണ്ടിനിപ്പുറത്ത് അന്യംനിന്നതായി കരുതാവുന്ന ഒരു ചെടിയെ ജീവനോടെ കാണാനുള്ള ഔത്സുക്യത്തോടെയാണ് പട്ടണത്തിലെത്തിയത്. എന്നാല്‍ എത്തിച്ചേര്‍ന്നത് കൗതുകമുണ്ടാക്കിയ മറ്റൊരു അറിവിലാണ്. ഈ ചെടി 2006ല്‍ മറ്റൊരു കൂട്ടം ഗവേഷകര്‍ അന്‍ഡമാനില്‍ നിന്ന്  വിത്ത് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ് എന്നതാണിതിന്റെ ആന്റി ക്ലൈമാക്‌സ്. ഏറണാകുളത്തെ  മാലിയങ്കര എസ്.എന്‍ എം കോളേജിലെ സസ്യ ശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെ പരീക്ഷണകുതുകിയായ സജീവനെന്ന ചെറുപ്പക്കാരന്‍ ചെറായി കായലോരത്ത് നട്ടുപിടിപ്പിച്ച നീറ്റിപ്പനച്ചെടികളില്‍ അവശേഷിച്ചതത്രേ ഈ പനക്കൂട്ടം! ഏതാണ്ടാ കാലത്തു തന്നെ കേരള വനം ഗവേഷണ കേന്ദ്രത്തിലെ പാമേറ്റത്തില്‍ നീപ്പ ഫ്‌റൂട്ടസന്‍സ് നട്ടുപിടിപ്പിച്ചിരുന്നു.

കറുപ്പിന്റെ കരുത്തുള്ള ഇതിന്റെ വേരുപടലങ്ങള്‍ കടലാക്രമണത്തെ തടയാന്‍ അനുയോജ്യമാണ്. എങ്കിലും നീറ്റിപ്പനയുടെ സംഘവളര്‍ച്ചാ പ്രവണത  അതിനെ ഉപദ്രവകാരിയായ കളയാക്കി മാറ്റുന്ന അനുഭവം ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. എന്നാല്‍ വിവേകപൂര്‍വ്വം ഉപയോഗിച്ചാല്‍ തീരസംരക്ഷണം  സാധ്യമാക്കാന്‍ ഇവയ്ക്ക് കഴിയും. ചെമ്മീന്‍ കെട്ടുകളുടെയും വിനോദ പാര്‍ക്കുകളിലെ കൃത്രിമ തടാകങ്ങളുടെയും അതിരുകള്‍ സംരക്ഷിക്കാന്‍ ഇവയ്ക്ക് സാധിക്കും. കടല്‍ ഭിത്തികളൊക്കെയും കടലെടുത്ത, ആഗോള താപനം അനതിവിദൂര ഭാവിയില്‍ വെള്ളത്തിലാഴ്ത്തുന്ന കേരള തീരത്ത്  വേരഴുകി തല പോയതെങ്ങുകളുടെ സ്ഥാനത്ത് ഈ ചതുപ്പുപന വളര്‍ത്തി കള്ളെടുത്ത് നീര പോലുള്ള പാനീയനിര്‍മാണത്തിന് സാധ്യത തേടാനാകുമോ?  സൂക്ഷിച്ചു പയോഗിച്ചാല്‍ നീറ്റിപ്പന്ന കല്പവൃക്ഷമാണ്. വേലിചാടിയാല്‍ മഹാ തോന്നിയവാസിയും

(ലേഖകന്‍, ഡോ. ഇ. ഉണ്ണികൃഷ്ണന്‍-  ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങള്‍ ,  കേരളത്തിലെ നാട്ടു വൈദ്യം,  തുലാവേനല്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്.)

Content Highlights: Discover the Neepa palm, a unique mangrove species rediscovered in Kerala