ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം; ആവാസവ്യവസ്ഥയുടെ കാവൽക്കാരായ കുഞ്ഞിക്കിളികളെ അറിയാം

മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനം. ചെറുപഴങ്ങളും പ്രാണികളും ഭക്ഷണമാക്കുന്ന അങ്ങാടിക്കുരുവികൾ നമ്മുടെ ആവാസവ്യവസ്ഥയിൽ വളരെയധികം സംഭാവനകൾ നൽകുന്നുണ്ട്. നഗരവത്കരണവും സ്വാഭാവിക പരിസ്ഥിതിയിലുണ്ടായമാറ്റവും കാരണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഗണ്യമായി കുറഞ്ഞുവരുന്ന ഇവയുടെ സംരക്ഷണത്തിനായാണ് അങ്ങാടിക്കുരുവി ദിനം ആചരിക്കുന്നത്.
മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന പക്ഷികളാണ് അങ്ങാടിക്കുരുവികൾ. അവയെ സംരക്ഷിക്കാൻ നടപടികൾ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമാകാത്ത അവസ്ഥയിലാണ്. 2011 മുതലാണ് മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കാൻ തുടങ്ങിയത്. ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകളാണ് അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്.
ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യൻ്റെ കടന്നുകയറ്റം അങ്ങാടിക്കുരുവികൾ അപ്രത്യക്ഷ്യമാകുന്നതിന് ഒരു കാരണമാണ്. നമ്മുടെ പരിസ്ഥിതി എത്രമാത്രം മാറിക്കൊണ്ടിരിക്കുന്നുവെന്നും ഈ മാറ്റങ്ങൾ ആത്യന്തികമായി നമ്മുടെ നിലനിൽപ്പിനെ എങ്ങനെ ബാധിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തൽക്കൂടിയാണ് ഇത്.
അങ്ങാടിക്കുരുവികളെ തിരിച്ചുകൊണ്ടുവരാനായി നമുക്ക്
വീട്ടിൽ കുരുവികൾക്ക് വെള്ളവുംഭക്ഷണവും ഒരുക്കാം, കൂടൊരുക്കാം. കീടനാശിനികൾ കുറച്ച്, പരിസ്ഥിതി സൗഹൃദ രീതിയിലേക്ക് മാറാം. ഈ ചെറുപക്ഷികൾ നമ്മുടെ പരിസ്ഥിതിയുടെയും ജീവിതത്തിന്റെയും ഒരു സൂചകമാണ്. നമുക്ക് അവയെ സംരക്ഷിക്കാം.
Content Highlights: Significance of World Sparrow Day (March 20), Impact of urbanization on sparrow populations, Role of sparrows in the ecosystem, Practical steps for sparrow conservation at home