കാലാവസ്ഥാവ്യതിയാനം: പഞ്ചായത്ത് തലത്തില്‍ നിരീക്ഷണകേന്ദ്രം തുടങ്ങുന്നു

തിരുവനന്തപുരം : കാലാവസ്ഥാവ്യതിയാനവും കാർഷികമേഖലയിലടക്കം അതുണ്ടാക്കുന്ന ആഘാതത്തിന്റെയും പഠനത്തിന് ഡേറ്റാശേഖരണത്തിന് കേന്ദ്രനിർദേശം. എല്ലാ പഞ്ചായത്തുകളിലും മഴമാപിനികളും എല്ലാ ബ്ലോക്കുകളിലും കാലാവസ്ഥാനിരീക്ഷണസംവിധാനവും ഒരുക്കാനാണ് നിർദേശം.
അടിയന്തരസാഹചര്യത്തിൽ പ്രത്യേകസ്ഥലങ്ങളിലെ എല്ലാ മൊബൈൽ ഫോണിലേക്കും മുന്നറിയിപ്പുനൽകാൻ പാകത്തിലുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി കേന്ദ്രസർക്കാർ സ്വകാര്യകമ്പനികളെ അക്രഡിറ്റഡ് ഏജൻസികളായി നിശ്ചയിച്ചു.
നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള കമ്പനികളെ നിശ്ചയിക്കാനുള്ള ചുമതല സംസ്ഥാനങ്ങൾക്കാണ്. ടെൻഡർ വിളിച്ച് കുറഞ്ഞനിരക്ക് ആവശ്യപ്പെടുന്ന കമ്പനികൾക്കാണ് കരാർ നൽകുക. ഓഗസ്റ്റിനകം നടപടികൾ പൂർത്തിയാക്കണം. സ്വകാര്യകമ്പനികളാണ് നിർവഹണ ഏജൻസികളെങ്കിലും ഡേറ്റ സർക്കാർ ഉടമസ്ഥതയിലായിരിക്കും.
കേന്ദ്രത്തിനും സംസ്ഥാനത്തിനും ഈ ഡേറ്റ ഏതാവശ്യത്തിനും ഉപയോഗിക്കാം. ഇതിനുള്ള ചെലവ് കേന്ദ്ര-സംസ്ഥാന വിഹിതമായി നൽകും. ആദ്യവർഷം 90 ശതമാനവും പിന്നീടുള്ള രണ്ടുവർഷങ്ങളിൽ യഥാക്രമം 80, 60 ശതമാനംവീതവും കേന്ദ്രം നൽകും. പിന്നീടുള്ളവർഷങ്ങളിൽ കേന്ദ്രവും സംസ്ഥാനവും തുല്യമായ തോതിലാകും ചെലവുവഹിക്കുക.
Content Highlights: weather forecasting stations to be installed