ആയിരക്കണക്കിന് വന്യജീവികൾക്ക് പുനർജീവനം നൽകി; ഒന്നാം വാർഷികം ആഘോഷിച്ച് വൻതാര

പ്രധാനമന്ത്രി നരേന്ദ്ര മോദി വൻതാര സന്ദർശനവേളയിൽ| Photo: Special arrangement
പ്രധാനമന്ത്രി നരേന്ദ്ര മോദി വൻതാര സന്ദർശനവേളയിൽ| Photo: Special arrangement

വന്യജീവി സംരക്ഷണത്തിൽ സമഗ്ര മാതൃകയായി ഉയർന്നുവന്ന വൻതാര, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ശേഷം ഒന്നാം വാർഷികം ആഘോഷിക്കുകയാണ്. ഒരു വർഷത്തിനിടെ ദുരിതാവസ്ഥയിൽ നിന്നിരുന്ന ആയിരക്കണക്കിന് വന്യജീവികൾക്ക് പുനർജീവനം നൽകി, ആരോഗ്യവും സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുള്ള മടക്കവും ഉറപ്പാക്കിയതാണ് വൻതാരയുടെ പ്രധാന നേട്ടം.

അനന്ത് അംബാനിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭം വന്യജീവി രക്ഷാപ്രവർത്തനം, അത്യാധുനിക ചികിത്സ, ശാസ്ത്രീയ രീതിയിലുള്ള സംരക്ഷണം എന്നിവയിലൂടെ ആഗോള ശ്രദ്ധ നേടി. വന്യജീവി സംരക്ഷണ രംഗത്തെ മികവിന് അനന്ത് അംബാനിക്ക് അന്താരാഷ്ട്ര തലത്തിലുള്ള ഗ്ലോബൽ ഹ്യൂമൻ അവാർഡ് ലഭിച്ചിരുന്നു. കൂടാതെ പ്രാണി മിത്ര അവാർഡ് 2025 ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും വൻതാരയെ തേടിയെത്തി.

കഴിഞ്ഞ ഒരു വർഷത്തിനിടെ മാർജാര വർഗങ്ങൾ, മറ്റു സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ തുടങ്ങി നിരവധി ജീവികളെ വൻതാര രക്ഷപ്പെടുത്തി ചികിത്സ നൽകി. സങ്കീർണ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള വൈദ്യസഹായം നൽകി നിരവധി ജീവികളെ വീണ്ടും കാട്ടിലേക്ക് തിരിച്ചയച്ചു. സർക്കസുകൾ, റൈഡുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ 250-ലേറെ ആനകൾക്ക് പ്രത്യേക പരിചരണവും ദീർഘകാല പിന്തുണയും നൽകുന്നു.

ശാസ്ത്രീയ പ്രജനന-പുനരധിവാസ പദ്ധതികളിലൂടെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങൾക്ക് പുതുജീവൻ നൽകുന്നതിലും വൻതാര മുന്നിലാണ്. ഗുജറാത്ത് വനം വകുപ്പുമായി ചേർന്ന് 53 പുള്ളിമാനുകളെ ബർഡാ വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചയച്ചത് ശ്രദ്ധേയ നേട്ടമായി. ഇൻഡോനേഷ്യയിലെ സ്‌നേക്ക്-നെക്ക്ഡ് ആമകളുടെ പുനരധിവാസ പ്രവർത്തനങ്ങളിലും വൻതാര പങ്കാളിയായി.

Photo: Special arrangement

വന്യജീവികൾക്കായുള്ള നാഷണൽ റഫറൽ സെന്റർ (വെസ്റ്റ് സോൺ) ആയി അംഗീകരിക്കപ്പെട്ട വൻതാരയിൽ 11 സാറ്റലൈറ്റ് ലബോറട്ടറികളുണ്ട്. 70-ലധികം വിദഗ്ധരുടെ നേതൃത്വത്തിൽ പ്രതിദിനം 2,000-ത്തിലധികം സാമ്പിളുകൾ പരിശോധിക്കുന്നു. ദിവസേന 1,56,000 കിലോഗ്രാം ഗുണനിലവാരമുള്ള തീറ്റ ഉത്പാദിപ്പിക്കുന്ന അത്യാധുനിക സംവിധാനവും ഇവിടെ പ്രവർത്തിക്കുന്നു. 200 അംഗ ദ്രുതകർമസേന 24 മണിക്കൂറും സജ്ജമാണ്.

പഞ്ചാബിലെ പ്രളയകാലത്ത് ലക്ഷക്കണക്കിന് ആളുകൾക്കും ആയിരക്കണക്കിന് മൃഗങ്ങൾക്കും സഹായം നൽകി വൻതാര മനുഷ്യകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടു. ഒരു വർഷത്തിനിടെ സംരക്ഷണം, ഗവേഷണം, പുനരധിവാസം, സമൂഹ പങ്കാളിത്തം എന്നിവയിൽ അധിഷ്ഠിതമായ സമഗ്ര സംരക്ഷണ മാതൃകയായി വളർന്ന വൻതാര, വന്യജീവി സംരക്ഷണത്തിലൂടെ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുന്നു.

Content Highlights: Vantara celebrates its first anniversary, having rehabilitated thousands of wild animals., Led by Anant Ambani, the initiative has gained global recognition and awards for its conservation efforts.