വികസനത്തിനായി വെട്ടിമാറ്റാനൊരുങ്ങിയത് 3000 മരങ്ങൾ; പ്രതിഷേധവുമായി യുവാക്കൾ, മുട്ടുമടക്കി സർക്കാർ

#ന്യൂസ് ഡെസ്ക്
മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവർ | PHOTO: PTI
മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവർ | PHOTO: PTI

ദെഹ്റാദൂൺ: ഇരുകൈയുംചേർത്ത്‌ മരത്തെ മുറുകെ കെട്ടിപ്പിടിച്ച് ഒരു പെൺകുട്ടി പൊട്ടിക്കരയുന്നു. മറ്റൊരാൾ മരത്തിൽ നെറ്റി ചായ്ച്ച് നിശ്ശബ്ദമായി നിൽക്കുന്നു. തൊട്ടപ്പുറത്ത് പ്രതിഷേധഗാനവുമായി ഒരുകൂട്ടം യുവാക്കൾ. അവരെ നീക്കാൻ പോലീസ് ബലംപ്രയോഗിക്കുന്ന കാഴ്ച മറ്റൊരിടത്ത്. ഉത്തരാഖണ്ഡിലെ ഭനിയാവാല–ഋഷികേശ് ദേശീയപാതയിലെ സാത് മോഡിൽ ചൊവ്വാഴ്ച കണ്ട കാഴ്ചകൾ ചിപ്കോ പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

റോഡ് വികസനത്തിനായി ശിവാലിക് വനമേഖലയിലെ 3000 മരങ്ങൾ മുറിക്കുന്നതിനെതിരേയാണ് പരിസ്ഥിതിപ്രവർത്തകരും പ്രദേശവാസികളും വിദ്യാർഥികളും വിവിധ സംഘടനകളും ഒരുമിച്ചത്. ആ ചെറുത്തുനിൽപ്പിനൊടുവിൽ സർക്കാർ മുട്ടുമടക്കി.

മരം മുറിക്കാനുള്ള നീക്കം താത്‌കാലികമായി നിർത്തിയെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ചനടത്തി പൊതുസമ്മതത്തിൽ എത്തുന്നതുവരെ മരങ്ങൾ മുറിക്കില്ലെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. വികസനം അത്യാവശ്യമാണെങ്കിലും ജനവികാരവും പരിസ്ഥിതി ആശങ്കകളും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകില്ല -അദ്ദേഹം പറഞ്ഞു.

ശിവാലിക് വനമേഖല രാജാജി ദേശീയോദ്യാനത്തിലെ ആനകളുടെ പ്രധാന സഞ്ചാരപാതകളിലൊന്നാണ്. ഈ കാടുകൾ നഷ്ടമായാൽ മരങ്ങൾ മാത്രമല്ല, അവയെ ആശ്രയിച്ച് ജീവിക്കുന്ന അനേകം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും ഇല്ലാതാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ്.

പദ്ധതി

ദെഹ്റാദൂൺ, ജോളി ഗ്രാന്റ് എയർപോർട്ട്, ഋഷികേശ് എന്നിവയെ ബന്ധിപ്പിക്കുന്ന 20 കിലോമീറ്റർ പാത വീതികൂട്ടുന്ന പദ്ധതി. ഇതിനായി ശിവാലിക് വനമേഖലയിലെയും രാജാജി ദേശീയോദ്യാനത്തിലെ ആനത്താരകളിലെയും മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങിയതോടെയാണ് ജനകീയ പ്രതിഷേധമുയർന്നത്. 743 കോടി രൂപ ചെലവുള്ള പദ്ധതിയാണിത്.

Content Highlights: Public and environmental activists successfully halted the cutting of 3,000 trees., The project aimed to widen the 20km road connecting Dehradun, Jolly Grant Airport, and Rishikesh., CM Pushkar Singh Dhami announced a temporary stay until a consensus is reached., The Shivalik region serves as a critical elephant corridor for Rajaji National Park.