തിരുവനന്തപുരം കോർപ്പറേഷൻ വീടുകളിൽനിന്നുള്ള ജൈവമാലിന്യശേഖരണം നിർത്തുന്നു; കിച്ചൺ ബിൻ ലഭ്യമാക്കും

#മനീഷാ പ്രശാന്ത്
തിരുവനന്തപുരം കോർപ്പറേഷൻ | ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ | ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: വീടുകളിൽനിന്നു ജൈവമാലിന്യം ശേഖരിക്കുന്നതു പൂർണമായി നിർത്താൻ തയ്യാറെടുത്ത് കോർപ്പറേഷൻ ആരോഗ്യവിഭാഗം. നവംബർ പകുതിയോടെ ജൈവമാലിന്യം എടുക്കേണ്ടതില്ലെന്ന് ഹരിതകർമസേനാംഗങ്ങൾക്ക് കോർപ്പറേഷൻ ആരോഗ്യവിഭാഗം നിർദേശം നൽകി. പകരം എല്ലാ വീട്ടിലും കിച്ചൺ ബിൻ ലഭ്യമാക്കാൻ നടപടി തുടങ്ങി. ചില വാർഡുകളിൽ ഇപ്പോഴും ഹരിതകർമസേനാംഗങ്ങൾ ദിവസവും വീടുകളിലെത്തി മാലിന്യം എടുക്കുന്നുണ്ട്. നിലവിൽ 18000 വീടുകളിൽനിന്ന് ഹരിതകർമസേനാംഗങ്ങളാണ് ജൈവമാലിന്യം ശേഖരിക്കുന്നത്. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി 25000 കിച്ചൺബിന്നുകൾ വാങ്ങാൻ തീരുമാനമായി. ആദ്യം 10000 എണ്ണം വിതരണം ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞതവണ 15000 ബിന്നുകൾ നൽകിയിരുന്നു.

എത്തും ഗ്രീൻ ടെക്‌നീഷ്യൻമാർ

മുൻപ് നൽകിയ 50000 കിച്ചൻബിന്നിന്റെ പ്രവർത്തനക്ഷമത പരിശോധിക്കാൻ സർവേ നടത്തിയിരുന്നു. വിതരണംചെയ്തതിൽ അധികവും പ്രവർത്തിക്കുന്നില്ലെന്നാണ് കണക്ക്. ഇവയുടെ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗക്ഷമമാക്കും. ബിന്നുകളുടെ പരിപാലനത്തിനായി ഗ്രീൻ ടെക്‌നീഷ്യൻ എന്നപേരിൽ പ്രത്യേക പരിശീലനം ലഭിച്ച ഹരിതകർമസേനാംഗങ്ങളുടെ സേവനം ലഭ്യമാക്കും. 100 വാർഡിലായി 260 ടെക്‌നീഷ്യൻമാരുണ്ടാവും. ഇവർ മാസത്തിൽ രണ്ടുതവണ വീടുകളിലെത്തി ബിന്നുകൾ പരിശോധിക്കും. ഇനോക്കുലം എത്തിക്കുന്നതും ഗ്രീൻ ടെക്‌നീഷ്യൻമാരാണ്. വീടുകളിൽനിന്ന് മാസം 200 രൂപ ഇവർക്കു നൽകണം.

ജൈവമാലിന്യം വളമാക്കും

ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന ജൈവമാലിന്യം പൊതു അടുക്കളത്തോട്ടങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ വളമാക്കുന്നുണ്ട്. ചാലയിലേത് ഒഴികെ 57 എയ്‌റോബിക് ബിന്നുകൾക്കു സമീപവും വളമാക്കുന്ന സംവിധാനമുണ്ട്. ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയും ആലോചിക്കുന്നുണ്ട്. കുടുംബശ്രീ വഴി യൂണിറ്റ് തുടങ്ങുന്നതാണ് പദ്ധതി.

പിടിച്ചത് 28 വണ്ടി

വീടുകളിൽനിന്നു ജൈവമാലിന്യം ശേഖരിക്കുന്നവരിൽ ഏറെയും അനധികൃതമായി പ്രവർത്തിക്കുന്നവരാണ്. ദിവസവും വീടുകളിലെത്തുന്ന ഇവർ മാലിന്യം ആമയിഴഞ്ചാൻതോട്ടിൽ ഉൾപ്പെടെ തള്ളുന്നുവെന്നും ആക്ഷേപമുണ്ട്. ഇവരെ കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടികൂടുന്നതും പതിവാണ്. അതോടെ വീടുകളിൽനിന്നുള്ള മാലിന്യനീക്കം നിലയ്ക്കും. കഴിഞ്ഞ ആഴ്ചകളിലായി 28 വാഹനങ്ങളാണ് പിടികൂടിയത്. മാലിന്യനീക്കം ഏൽപ്പിക്കണമെന്ന ആവശ്യവുമായി ശുചീകരണത്തൊഴിലാളി യൂണിയൻ കോർപ്പറേഷൻ ഓഫീസിനു മുൻപിൽ സമരം തുടങ്ങിയതോടെ പല വീടുകളിൽനിന്നുള്ള മാലിന്യനീക്കം നിലച്ചു.

കിച്ചൺബിൻ ലഭിക്കാൻ

ഹെൽത്ത് ഇൻസ്‌പെക്ടർ മുഖേന ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകിയാൽ ബിൻ ലഭിക്കും. ഒപ്പം തുകയും ഒടുക്കണം. 90 ശതമാനം സബ്‌സിഡി നിരക്കിലാണ് കിച്ചൺ ബിൻ അനുവദിക്കുന്നത്. 10 ശതമാനം മാത്രം വീട്ടുകാർ അടച്ചാൽ മതി. ഏജൻസി ജീവനക്കാർ വീട്ടിലെത്തി ബിൻ സ്ഥാപിച്ച് പ്രവർത്തനരീതി വിശദീകരിക്കും. ആദ്യഘട്ടത്തിൽ പരാതികളുണ്ടായാൽ ഏജൻസിതന്നെ പരിഹരിക്കും.

Content Highlights: Thiruvananthapuram Corporation to Stop Organic Waste Collection