സൂപ്പർ എൽ നിനോ വരുന്നു, അനിയന്ത്രിതമായി ഉയർന്ന് സമുദ്ര താപനില: പവിഴപ്പുറ്റുകളിൽ ബ്ലീച്ചിങ് അലർട്ട്

ചെന്നൈ: 2026-27 കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള 'സൂപ്പർ' എൽ നിനോ പ്രതിഭാസം തമിഴ്‌നാട്ടിലെ പവിഴപ്പുറ്റുകളിൽ 'ബ്ലീച്ചിങ്ങിന്' (നിറം മങ്ങൽ) കാരണമാകുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇതിനെത്തുടർന്ന്, സമുദ്രത്തിലെ താപവ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്താനും പവിഴപ്പുറ്റുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാനുമുള്ള നടപടികൾ തമിഴ്‌നാട് വനംവകുപ്പ് ആരംഭിച്ചു.
2026-27 കാലയളവിൽ ശക്തമായ എൽ നിനോ സംഭവിക്കാൻ 90 ശതമാനത്തിലധികം സാധ്യതയുണ്ടെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്റർ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയിലെ പവിഴപ്പുറ്റ് സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന തമിഴ്‌നാട്ടിൽ മന്നാർ ഉൾക്കടലിലും പാക്ക് കടലിടുക്കിലുമാണ് പവിഴപ്പുറ്റുകൾ പ്രധാനമായും സ്ഥിതിചെയ്യുന്നത്. മന്നാർ ഗൾഫ് മറൈൻ നാഷണൽ പാർക്ക്, സുഗന്തി ദേവദാസൻ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഇവിടെ സമാന്തര നിരീക്ഷണം നടത്തുന്നുണ്ട്.
മുൻപ് 1998, 2010, 2016, 2024 എന്നീ എൽ നിനോ വർഷങ്ങളിൽ മേഖലയിൽ ബ്ലീച്ചിങ് അനുഭവപ്പെട്ടിരുന്നു. ഈ വർഷം മേയ് മാസത്തിൽ നടത്തിയ പരിശോധനയിൽ സമുദ്ര താപനില 31.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നുവെങ്കിലും പിന്നീട് ചൂട് കുറഞ്ഞതിനാൽ പവിഴപ്പുറ്റുകൾക്ക് വൻതോതിൽ നാശം സംഭവിച്ചിട്ടില്ല. മന്നാർ ഉൾക്കടലിൽ ശരാശരി 3.69 ശതമാനവും പാക്ക് കടലിടുക്കിൽ 13.9 ശതമാനവുമാണ് ബ്ലീച്ചിങ് രേഖപ്പെടുത്തിയത്.
നിലവിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ ഉയർന്ന താപനില മുൻനിർത്തി പ്രതിദിന താപനില നിരീക്ഷണം തുടരുകയാണ്. എൽ നിനോ പ്രതിഭാസത്തെ നേരിടാൻ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ, പ്രതിരോധ നടപടികൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി മന്നാർ ഗൾഫ് മറൈൻ നാഷണൽ പാർക്കിനായി വനംവകുപ്പ് 10 വർഷത്തെ പുതിയ മാനേജ്‌മെന്റ് പ്ലാനും തയ്യാറാക്കുന്നുണ്ട്.
Content Highlights: Tamil Nadu tightens monitoring of coral reefs due to 2026-27 Super El Niño bleaching threat., NOAA predicts over 90% chance of a strong El Nino event impacting ocean temperatures., Gulf of Mannar and Palk Bay are primary coral zones under watch by the Forest Department., A 10-year management plan is being drafted for the Gulf of Mannar Marine National Park.