പവിഴപ്പുറ്റുകളുടെ നിറം വീണ്ടെടുക്കാം; കോറൽ ബ്ലീച്ചിങ്ങിന് പരിഹാരവുമായി ഗവേഷകർ

സമുദ്രത്തിലെ താപനിലയുണ്ടാകുന്ന വർധനവ് കാരണം ബ്ലീച്ചിങ് (നിറംമങ്ങൽ) ഭീഷണിയിലായ പവിഴപ്പുറ്റുകളെ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഓഷ്യൻസ് പിഎച്ച്.ഡി വിദ്യാർഥിയായ ഡാനി കോളിൻസും മറൈൻ സയൻസസ് പ്രൊഫസറായ സ്റ്റീവ് പലുംബിയും അടങ്ങുന്ന ഗവേഷകസംഘമാണ് പവിഴപ്പുറ്റുകളെ വീണ്ടെടുക്കാനുള്ള പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. 'സയൻസ് അഡ്വാൻസസ്' എന്ന ശാസ്ത്ര മാസികയിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പവിഴപ്പുറ്റുകൾ
ലോകത്തിലെ കാൽഭാഗത്തോളം സമുദ്രജീവികളുടെ നിലനിൽപ്പിന് ആവശ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നത് പവിഴപ്പുറ്റുകളാണ്. കാലാവസ്ഥാ വ്യതിയാനവും വർധിച്ചുവരുന്ന സമുദ്ര താപനിലയും മനുഷ്യന്റെ ഇടപെടലുകളും പവിഴപ്പുറ്റുകളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സമുദ്രത്തിൽ താപനില ഉയരുമ്പോൾ, പവിഴപ്പുറ്റുകൾ അവയുടെ കലകളിൽ (tissues) ഉള്ള സൂക്ഷ്മ ആൽഗകളെ പുറന്തള്ളുകയും അതിൻ്റെ ഫലമായി നിറംമങ്ങുകയും ചെയ്യുന്നു. ഇതിനെയാണ് കോറൽ ബ്ലീച്ചിങ് എന്നുപറയുന്നത്.
ആൽഗകളിൽനിന്നുള്ള പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ ഇവ പട്ടിണിയിലാവുകയും നശിക്കുകയും ചെയ്യുന്നു. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, കഴിഞ്ഞവർഷം ലോകത്താകമാനം ഉണ്ടായ കോറൽ ബ്ലീച്ചിങ്ങിൽ 84 ശതമാനം പവിഴപ്പുറ്റ് മേഖലകളും താപസമ്മർദത്തിന് ഇരയായിട്ടുണ്ട്.
സ്റ്റാൻഫോർഡ് സർവകലാശാലയുടെ പുതിയ പഠനമനുസരിച്ച്, ഒരേ വർഗത്തിലും ജനിതകഘടനയിലുമുള്ള ആരോഗ്യമുള്ള പവിഴപ്പുറ്റുകളുടെ കഷണങ്ങൾ, ഭീഷണി നേരിടുന്ന നിറം മങ്ങിയ പവിഴപ്പുറ്റ് കഷണങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വെക്കുമ്പോൾ ഏഴ് ആഴ്ചകൾക്കുള്ളിൽ അവ വളർച്ച വീണ്ടെടുക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ നേരിട്ട് സമ്പർക്കത്തിൽ വയ്ക്കുമ്പോൾ പവിഴപ്പുറ്റുകളുടെ കലകൾ തമ്മിൽ ലയിച്ചുചേരുകയും ഒരു 'ടിഷ്യൂ ബ്രിഡ്ജ്' രൂപപ്പെടുകയും ചെയ്യുന്നു. ഈ പാലം വഴി പോഷകങ്ങൾ കൈമാറുകയും, ആരോഗ്യമുള്ള പവിഴപ്പുറ്റിൽനിന്ന് സൂക്ഷ്മ ആൽഗകൾ ബ്ലീച്ചിങ്ങ് സംഭവിച്ച പവിഴപ്പുറ്റിലേക്ക് വേഗത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു. സമ്പർക്കം തുടങ്ങി 36 മണിക്കൂറിനുള്ളിൽ തന്നെ ആൽഗകളുടെ ഈ കൈമാറ്റം ആരംഭിക്കുന്നതായി ഗവേഷകർ കണ്ടെത്തി. എന്നാൽ വ്യത്യസ്ത ജനിതക ഘടനയുള്ള പവിഴപ്പുറ്റുകളെ ഇത്തരത്തിൽ സമ്പർക്കത്തിൽ വെച്ചാൽ അവ പരസ്പരം പ്രതികൂലമായി പ്രതികരിക്കുകയും വളർച്ച തടസ്സപ്പെടുകയും ചെയ്യുന്നു.
വ്യത്യസ്ത ജനിതക ഘടനയുള്ള പവിഴപ്പുറ്റുകളിൽ ഇത് പ്രവർത്തികമാക്കാൻ സാധിക്കാത്തതിനാൽ കടലിൽ സ്വാഭാവിക അന്തരീക്ഷത്തിൽ ഈ വളർച്ച നടക്കുന്നതിന് പരിമിതികളുണ്ട്. എന്നിരുന്നാലും, ആരോഗ്യമുള്ള പവിഴപ്പുറ്റുകളിൽനിന്ന് ആൽഗകളെ വേർതിരിച്ചെടുത്ത് നിറം മങ്ങിയ പവിഴപ്പുറ്റുകളെ വീണ്ടെടുക്കാമെന്നത് പുതിയ പഠനങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഗവേഷകർ പറയുന്നു.
Content Highlights: Coral bleaching caused by rising ocean temperatures threatens marine ecosystems globally., Stanford researchers discovered that placing healthy coral fragments in direct contact with bleached corals leads to full recovery within seven weeks., A tissue bridge forms between genetically identical corals, allowing rapid transfer of microalgae and nutrients within 36 hours., This breakthrough opens new pathways for developing interventions to combat coral bleaching in marine conservation.