വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലിയുടെ ചിത്രം ക്യാമറ ട്രാപ്പിൽ; ബംഗ്ലാദേശിന് ആഹ്ലാദനിമിഷം

ധാക്ക: വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലികളേക്കുറിച്ച് പ്രതീക്ഷയുണർത്തുന്ന കണ്ടെത്തലുമായി ബംഗ്ലാദേശ്. ബംഗ്ലാദേശിലെ ചിറ്റഗോങ് മലനിരകളിലെ ക്യാമറ ട്രാപ്പിലാണ് പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞത്. ഇന്ത്യയും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിന്റെ മലനിരകളിലെ വനപ്രദേശത്ത് ഇപ്പോഴും പുള്ളിപ്പുലിയുടെ സാന്നിധ്യമുണ്ടെന്നതിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് വിദഗ്ധർ പറയുന്നു.
ബംഗ്ലാദേശിലെ ക്രിയേറ്റീവ് കൺസർവേഷൻ അലയൻസ് (സിസിഎ) ക്യാമറ ട്രാപ്പിൽ പതിഞ്ഞ പുള്ളിപ്പുലിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. വംശനാശം സംഭവിക്കാതെ ഈ സ്പീഷിസിനെ സംരക്ഷിക്കുകയാണ് വേണ്ടതെന്ന് സിസിഎയിലെ വിദഗ്ധർ ഒന്നടങ്കം പറയുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎന്‍) പട്ടികപ്രകാരം ആഗോളതലത്തിൽത്തന്നെ വംശനാശനാശ ഭീഷണി നേരിടുന്ന വന്യജീവിയാണ് പുള്ളിപ്പുലിയെങ്കിലും സൗത്ത് ഏഷ്യൻ രാജ്യമായ ബംഗ്ലാദേശിൽ ഇവ ഗുരുതര വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ്.
ബംഗ്ലാദേശിൽ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത് അപൂർവമാണ്. ആവാസവ്യവസ്ഥാ നാശം, ഇരകളുടെ ലഭ്യതക്കുറവ്, വേട്ടയാടൽ തുടങ്ങിയവ പുള്ളിപ്പുലികളുടെ എണ്ണം കുറയാനുള്ള കാരണങ്ങളാണ്. പുള്ളിപ്പുലികളുടെ മാത്രമല്ല, കടുവകളുടെയും പ്രധാന ആവാസവ്യവസ്ഥ കൂടിയാണ് ബംഗ്ലാദേശ്. 2024 ഒക്ടോബറിൽ പുറത്തുവിട്ട സർവേ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് 125 കടുവകളാണുള്ളത്.
Content Highlights: spotted endangered leopard in bangladesh