ജനവാസമേഖലകളിൽനിന്ന് ഉൾവനത്തിലേക്ക്; ‘കസ്റ്റഡിയി’ലായി അയ്യായിരത്തിലധികം പാമ്പുകൾ, കാവലാളായി സർപ്പ

കോട്ടയം: ജില്ലയിലെ ജനവാസമേഖലയിൽനിന്ന് സർപ്പ ആപ്പിൽ കൂടി കഴിഞ്ഞ അഞ്ച് വർഷത്തിനകം രക്ഷിച്ചെടുത്തത് അയ്യായിരത്തിലധികം പാമ്പുകളെ. ഇവയിലധികവും വിഷപ്പാമ്പുകൾ. മനുഷ്യരുടെയും പാമ്പുകളുടെയും സുരക്ഷ ഉറപ്പാക്കി, മനുഷ്യവാസസ്ഥലങ്ങളിൽനിന്ന് പാമ്പുകളെ രക്ഷിക്കാൻ രൂപകൽപ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് ‘സ്നേക്ക് അവയർനെസ്, റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ’ (സർപ്പ) ആപ്പ്. സോഷ്യൽ ഫോറസ്റ്റ് അസി. കൺസർവേറ്ററുടെ കീഴിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴിലാണ് സർപ്പയുടെ ജില്ലാ കോഡിനേറ്ററും ജില്ലാ ഫെസിലിറ്റേറ്ററുമുള്ളത്.
പാമ്പുകൾ സാധാരണ നാവ് വഴിയാണ് ജീവജാലങ്ങളെ തിരിച്ചറിയുന്നത്. പ്രകമ്പനങ്ങൾ തിരിച്ചറിയാനുള്ള ശേഷിയുണ്ട്. കണ്ണുണ്ടെങ്കിലും ഭാഗീകമായ കാഴ്ചയേ ഇവയ്ക്കുള്ളൂ. കൺപോളകളുമില്ല. കേൾവി ശക്തിയുമില്ല. ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്ന ശീലം ഇവയ്ക്കില്ല. രാജവെമ്പാല മറ്റ് പാമ്പുകളെ ഭക്ഷിച്ച് വിശപ്പകറ്റുന്നയിനമാണ്. ഇവർ തണുപ്പുള്ള സ്ഥലത്ത് താമസിക്കാൻ ഇഷ്ടപ്പെടുന്നു.
ദുഷ്കരം ദൗത്യം
കരിങ്കല്ലിന്റെ പൊത്തിലും വീടിന്റെ തറയ്ക്കടിയിലും പാമ്പ് കയറിയാൽ ഇവയെ എടുക്കാൻ സാധിക്കില്ല. കഴിഞ്ഞവർഷം തിരുവാതുക്കൽ ഭാഗത്ത് നിന്ന് തറയ്ക്കടിയിൽനിന്ന് പിടിച്ചെടുത്തത് 52 മൂർഖൻ കുഞ്ഞുങ്ങളെയും ഒരു വലിയ പാന്പിനേയുമാണ്.
ശ്രദ്ധിക്കാം ഈ മാസങ്ങൾ
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് കൂടുതലായി പാമ്പുകളെ കാണാനാവുക. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇണചേരൽ നടക്കും. നവംബർ അവസാനം മുട്ടയിടും. 60-62 ദിവസത്തിനുള്ളിൽ മുട്ടവിരിയും. രാജവെമ്പാല ഒഴിച്ചുള്ള മറ്റ് പാമ്പുകൾ മുട്ടയ്ക്ക് അടയിരിക്കില്ല. അതിനാൽ മുട്ടവിരിഞ്ഞിറങ്ങുന്ന പാമ്പുകൾക്ക് അമ്മയുടെ പരിചരണം ലഭിക്കില്ല. ഇവർ കുഞ്ഞ് നാളിലേ സ്വയം ഇര പിടിക്കാൻ പ്രാപ്തരാകും. മനുഷ്യജീവൻ അപഹരിക്കാൻ തക്ക വിഷാംശം ഈ കുഞ്ഞ് പാമ്പുകൾക്ക് പോലുമുണ്ട്.
കോട്ടയത്ത്
ടീം കണ്ടെത്തിയതിൽ കൂടുതലും ചേരയും ചുവർപ്പാമ്പും. നിരുപദ്രവകാരികളാണ് ഇവ. ചുവർപ്പാമ്പുകളുടെ പ്രധാന ഭക്ഷണം പല്ലിയാണ്. ഇവ െവന്റിലേഷന്റെ പൊത്ത്, ഫാനിന്റെ കപ്പ്, വിള്ളലുള്ള ഭിത്തി, കട്ടിളപ്പടികളുടെ ദ്വാരം എന്നിവിടങ്ങളിൽ മുട്ടയിടും. ഒന്നരയടിയേ നീളം വരൂ. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, പാമ്പാടി, കാനം, വൈക്കം, അരയൻകാവ് എന്നിവിടങ്ങളിലാണ് ശംഖുവരയന്റെ സാന്നിധ്യമുള്ളത്. പാറക്കൂട്ടങ്ങളടങ്ങിയ റബ്ബർതോട്ടങ്ങളിലാണ് ഇത് കണ്ട് വരുന്നത്.
സർപ്പയിൽ സമർപ്പിതം
വിവിധ മേഖലകളിലുള്ളവർ സർപ്പ ആപ്പിലുണ്ട്. ഈ ആപ്പ് ആളുകൾ ദുരുപയോഗവും ചെയ്യുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് വീടിന്റെ മുറിയ്ക്കകത്ത് സെറ്റിയിൽ മൂർഖൻ പത്തി വിടർത്തി നിൽക്കുന്നുവെന്ന് എറണാകുളം ഭാഗത്ത് നിന്നൊരു കോൾ. കോട്ടയം പരിധിയിലുള്ള സ്ഥലത്തായിരുന്നതിനാൽ പാറമ്പുഴ ഫോറസ്റ്റ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഒാഫീസിലെ ജില്ലാ ഫെസിലിറ്റേറ്റർ കെ.എ. അഭീഷും സർപ്പ വൊളന്റിയർമാരായ ജിയോ രാജും വിഗ്നേഷും ദീർഘദൂരം താണ്ടി വീട്ടിൽ ചെന്നു. സെറ്റിയുടെ ഒരുഭാഗം വലിച്ച് നോക്കിയപ്പോൾ കണ്ടത് അരണയെ.
ആറ് മാസം മുൻപ് തൃപ്പൂണിത്തുറ ഭാഗത്തുള്ള വീടിന്റെ അടുക്കള മച്ചിൽനിന്ന് പാമ്പിന്റെ ‘വാൽ’ നീണ്ടുകിടക്കുന്നുവെന്ന വിവരമറിഞ്ഞാണ് സർപ്പ വൊളന്റിയർ ജിയോരാജ് അവിടെയെത്തുന്നത്. മച്ച് പരിശോധിച്ചപ്പോൾ കണ്ടത് രണ്ട് എലികൾ. അതിലൊന്നിന്റെ വാലാണ് മച്ചിനിടയിൽ നിന്നും താഴോട്ട് തൂങ്ങിക്കിടന്നത്.
പിടിച്ചാൽ എന്ത്
ഒാരോ വൊളന്റിയർക്കും രണ്ട് വീപ്പ നൽകിയിട്ടുണ്ട്. ഇവർ പിടിക്കുന്ന പാമ്പുകളെയെല്ലാം രണ്ടാഴ്ച കൂടുമ്പോൾ ഉൾവനത്തിൽ തുറന്ന് വിടും.
Content Highlights: Over 5,000 snakes rescued in Kottayam via the SARPA app over five years., SARPA (Snake Awareness, Rescue and Protection) app operates under the Social Forestry wing., Peak snake activity occurs between October and March., Rescued snakes are rehabilitated into deep forest areas every two weeks., The platform aims to reduce human-snake conflict through expert intervention.