മുങ്ങി... ഒടുവിൽ പൊങ്ങി; 128 വർഷങ്ങൾക്കുശേഷം അപൂർവയിനം ചിലന്തികളെ ഇന്ത്യയിൽ കണ്ടെത്തി

#കെ.പി. പ്രവിത
ലൂക്കാജെ സബ്‌ജെമ്മിയ
ലൂക്കാജെ സബ്‌ജെമ്മിയ

കൊച്ചി: നീണ്ടകാലം ഒളിവുവാസത്തിലായിരുന്നു പ്ലേറ്റർ ഇൻഡിക്കസ്. ഒന്നും രണ്ടുമൊന്നുമല്ല. 128 വർഷം. ഒടുവിൽ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽനിന്ന് കക്ഷിയെ കൈയോടെ പിടികൂടി. ഒളിവെന്നുകേട്ട് സംശയിക്കേണ്ട. പ്ലേറ്റർ ഇൻഡിക്കസ് ഒരു പാവം ചിലന്തിയാണ്. 1897-ന് ശേഷം ഇതാദ്യമായാണ് ഇവയെ വീണ്ടും കണ്ടെത്തുന്നതെന്ന് മാത്രം.

ഫ്രഞ്ച് ചിലന്തി ഗവേഷകനായിരുന്ന യൂജിൻ സൈമണാണ് 1897-ൽ ഈ ചിലന്തിയെ ഇന്ത്യയിൽ കണ്ടെത്തിയത്. പിന്നീട് ഇവയെ കാണാൻ 128 വർഷം കാത്തിരിക്കേണ്ടിവന്നു. ട്രോക്കാന്റെറിടെ (Trochanteriidae) കുടുംബത്തിൽപ്പെടുന്നതാണ് പ്ലേറ്റർ ഇൻഡിക്കസ്. ഇതിനൊപ്പം ടെട്രാഗ്നാത്തിടെ (Tetragnathidae) കുടുംബത്തിൽ പെടുന്ന ലൂക്കാജെ സബ്‌ജെമ്മിയ (Leucauge Subgemmea) ചിലന്തിയെയും ഗവേഷകർ കണ്ടെത്തി. ജപ്പാനിലും സമീപപ്രദേശങ്ങളിലുമായി കാണപ്പെട്ടിരുന്ന ഈ ചിലന്തിയെ ആദ്യമായാണ് ഇന്ത്യയിൽനിന്ന് കണ്ടെത്തുന്നത്. കേരളത്തിലെ പാലക്കാട്, വയനാട്, കർണാടകയിലെ ചിക്കമഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.

തേവര സേക്രഡ് ഹാർട്ട് കോളേജിലെ ചിലന്തി ഗവേഷണകേന്ദ്രത്തിലെ ഡോ. പ്രദീപ് എം. ശങ്കരൻ, കോഴിക്കോട് സെയ്ന്റ് വിൻസെന്റ് കോളനി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഡോ. ജിമ്മി പോൾ, ഗവേഷണ വിദ്യാർഥികളായ ആശീർവാദ് ത്രിപാദി, ഋഷികേശ് ത്രിപാദി എന്നിവരുടെ പഠനങ്ങളാണ് ഇവയുടെ കണ്ടെത്തലിലേക്ക് നയിച്ചത്. ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര ശാസ്ത്രമാസികയായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫ്ളാറ്റ് സ്പൈഡർ

നീണ്ടുപരന്ന ശരീരത്തോടുകൂടിയ പ്ലേറ്റർ ഇൻഡിക്കസ് ചിലന്തികൾക്ക് ഫ്ളാറ്റ് സ്പൈഡർ എന്നും വിളിപ്പേരുണ്ട്. ഏഴു മില്ലീമീറ്ററോളം ഇവയ്ക്ക് ശരീരവലുപ്പം വയ്ക്കും. ഇര പിടിക്കാൻ വല നെയ്യില്ല. പാറകളിലും വൃക്ഷങ്ങളിലും മണ്ണിലും കാണപ്പെടുന്ന വിടവുകൾക്കുള്ളിലും കരിയിലകൾക്കിടയിലുമാണ് ഇവയുണ്ടാവുക.

ചുവപ്പും ചാരകലർന്ന വെളുപ്പും നിറത്തോടുകൂടിയതാണ് ശരീരം. കാലുകൾ നീളമേറിയതും മുള്ളുകൾ നിറഞ്ഞതുമാണ്.

മുത്തുമാലയണിഞ്ഞ്..

ലൂക്കാജെ സബ്‌ജെമ്മിയ ചിലന്തികളുടെ ശരീരത്തിന്റെ പുറംഭാഗത്തായി മുത്തുമാലയുടെ ആകൃതിയിൽ കറുത്തപുള്ളികളുണ്ട്. ചാരകലർന്ന മഞ്ഞയും വെളുപ്പും നിറത്തോടുകൂടിയതാണിവ. നാലുമുതൽ അഞ്ചു മില്ലിമീറ്ററോളം ശരീരവലുപ്പം വയ്ക്കും. ഇരപിടിക്കാൻ വല നെയ്യും. ഉരുണ്ട ശരീരത്തോടുകൂടിയ ഈ ചിലന്തികൾ ഉയരം കുറഞ്ഞതും പച്ചിലകൾ നിറഞ്ഞതുമായ ചെടികളോടനുബന്ധിച്ചാണ് കാണപ്പെടുന്നത്.

Content Highlights: Explore the remarkable rediscovery of Platynota indicus after 128 years in India.