ഉത്തരാഖണ്ഡില്‍ കടുവകളുടെ എണ്ണം ഉയരുന്നു, ബാധിക്കുന്നത് പുളളിപ്പുലികളെ; കാടിറക്കം പതിവെന്ന് വനംവകുപ്പ്

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ കടുവകളുടെ എണ്ണം കൂടുന്നത് മറ്റ് വന്യജീവികളെയും ബാധിക്കുന്നതായി വനംവകുപ്പ്. ഇതുമൂലം പുള്ളിപ്പുലികള്‍ സ്വഭാവിക ആവാസവ്യവസ്ഥ വിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇത് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമാകുന്നതായും വിലയിരുത്തപ്പെടുന്നു.
ആവാസപരിധികൾ സൂക്ഷിക്കുന്ന വന്യജീവികളാണ് കടുവകളും പുളളിപ്പുലികളും. തങ്ങളുടെ പരിധിക്കുള്ളിൽ ആധിപത്യം സ്ഥാപിക്കാന്‍ മറ്റ് വന്യജീവികളെ കടുവകള്‍ സമ്മതിക്കില്ല. ഇത് പുള്ളിപ്പുലികള്‍ കാടുവിട്ട് ജനവാസമേഖലകളിലേക്കിറങ്ങാന് കാരണമാകുന്നതായി വനംവകുപ്പ് പറയുന്നു. പുള്ളിപ്പുലിയെ അപേക്ഷിച്ച് കടുവകള്‍ കൂടുതല്‍ ശക്തന്മാരായതിനാല് പുള്ളിപ്പുലികള്‍ കടുവയുമായുള്ള ഏറ്റുമുട്ടലിന് മുതിരില്ല.
ജിം കോര്‍ബറ്റ് വന്യജീവി സങ്കേതത്തിലാണ് ഈ സാഹചര്യം കൂടുതലായി നിലനില്‍ക്കുന്നതെന്നും വനംവകുപ്പ് പറയുന്നു. ഇവിടെ പുള്ളിപ്പുലികളുടെ സ്വഭാവിക അതിര്‍ത്തിയില്‍ കടുവകള്‍ വന്‍തോതില്‍ ആധിപത്യം സ്ഥാപിക്കുകയാണ്. ടെറായ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനില്‍ മാത്രം 56 കടുവകളാണുളളത്. കാടിന്റെ പ്രധാന മേഖലകളിലെല്ലാം കടുവകള്‍ ആധിപത്യം സ്ഥാപിക്കുകയും ഇരലഭ്യത കുറയുകയും ചെയ്തതോടെ പുളളിപ്പുലികള്‍ കാടിറങ്ങാന്‍ നിര്‍ബന്ധിതരായി.
ദേവിപുര, ബസായ് എന്നീപ്രദേശങ്ങളിലെ ഗ്രാമവാസികളില്‍ പലരും ജനവാസമേഖലയില്‍ പുള്ളിപ്പുലികളെ കണ്ടിട്ടുണ്ട്. ഇതുമൂലം രാത്രി പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ഗ്രാമവാസികള്‍ പറയുന്നു. പ്രധാന മേഖലകളിലെല്ലാം പുള്ളിപ്പുലികളെ നിരീക്ഷിക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനുമായി വനംവകുപ്പ് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, ഇത് സംസ്ഥാനത്തെ കടുവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു. രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഉത്തരാഖണ്ഡ്. മധ്യപ്രദേശും (785 കടുവകള്‍) കര്‍ണാടകയുമാണ് (563 കടുവകള്‍) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Content Highlights: In Uttarakhand leopards stray into villages which have been pushed out by tigers