കര്‍ണാഭരണമായ മണിക്കാതില രൂപം, 12 സെന്റീമീറ്റർ നീളം, പർപ്പിൾ നിറം;പുതിയ ഓര്‍ക്കിഡ് കണ്ടെത്തി

മണിക്കാതില രൂപത്തിലുള്ള ഓർക്കിഡ്
മണിക്കാതില രൂപത്തിലുള്ള ഓർക്കിഡ്

ആലപ്പുഴ: കര്‍ണാഭരണമായ മണിക്കാതിലയുടെ രൂപത്തിലുള്ള ഓര്‍ക്കിഡ് പശ്ചിമഘട്ടത്തില്‍ കണ്ടെത്തി. സെയ്ഡന്‍ഫിയ മണിക്കാതില എന്നാണിതിനു നല്‍കിയിരിക്കുന്ന ശാസ്ത്രനാമം. ഇടുക്കി ജില്ലയിലെ രാജമലയിലെ പുല്‍മേടുകളിലാണ് ഇവ കണ്ടെത്തിയത്. 12 സെന്റിമീറ്റര്‍വരെ വലുപ്പമുള്ള ഊതനിറത്തിലുള്ള (പര്‍പ്പിള്‍) ഇവയുടെ പൂക്കള്‍ ആകര്‍ഷകമാണ്. നിലംപറ്റിവളരുന്ന കട്ടിയുള്ള പച്ചയിലകളാണു ചെടിക്ക്.

സെയ്ഡന്‍ഫിയ ജനുസില്‍ ഇവ കൂടാതെ അഞ്ചിനങ്ങളെക്കൂടി ഇന്ത്യയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുവര്‍ഷംകൊണ്ട് പത്ത്  സസ്യങ്ങളെ മാത്രമേ കണ്ടെത്താനായുള്ളൂ എന്നതിനാല്‍ ഇവയ്ക്ക് അതീവസംരക്ഷണപ്രാധാന്യം കല്പിക്കുന്നു.

ആലപ്പുഴ എസ്.ഡി. കോളേജിലെ സസ്യശാസ്ത്ര അധ്യാപകന്‍ ഡോ. ജോസ് മാത്യു, വയനാട് സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ സലിം പിച്ചന്‍, കേരള സര്‍വകലാശാല പ്രൊഫ. ഡോ. പി.എം. രാധാമണി, ചെമ്പഴന്തി എസ്.എന്‍. കോളേജ് അധ്യാപിക ഡോ. എസ്. ഉഷ, എറണാകുളം സെയ്ന്റ് ആല്‍ബര്‍ട്‌സ് കോളേജ് അധ്യാപകന്‍ ഡോ. കെ. മധുസൂദനന്‍, ഓര്‍ക്കിഡ് ഗവേഷകന്‍ ദാരിസസ് സ്ലക്കെട്ടോ എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍. പോളണ്ടില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ബി.ആര്‍.സി. ശാസ്ത്രമാസികയുടെ പുതിയ ലക്കത്തില്‍ ഇതിനെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: purple coloured orchid found in western ghats