കുനോ ദേശീയോദ്യാനത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ രീതിയില്‍ നായാട്ടുകാരന്‍ പിടിയില്‍

ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചീറ്റകളെ എത്തിച്ച മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിന് സമീപത്ത് നിന്ന് നായാട്ടുകാരനെ പിടികൂടി. വേട്ടയാടല്‍ പശ്ചാത്തലമുണ്ടായിരുന്ന ആലം മോംഗിയ എന്നയാളെയാണ് അധികൃതര്‍ പിടികൂടിയത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ സംരക്ഷിത മേഖലയില്‍ നിന്നുമാണ് സംശയാസ്പദമായ രീതിയിൽ ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും വേട്ടയ്ക്കുപയോഗിക്കുന്ന തോക്കും കണ്ടെത്തിയിട്ടുണ്ട്.
ദേശീയോദ്യാനത്തിന്റെ സമീപപ്രദേശത്തായിട്ടാണ് 40-ക്കാരനായ ആലം മോംഗിയ താമസിക്കുന്നത്. ഏപ്രില്‍ 16-നാണ് ദേശീയോദ്യാനത്തിലെ സംരക്ഷിത മേഖലയില്‍ നിന്ന് മോംഗിയയെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ഇയാളുടെ സഹായികളായ രണ്ടു പേരെ കൂടി പിടികൂടാനായി അറസ്റ്റ് വിവരം പുറത്തു വിട്ടിരുന്നില്ല. ചീറ്റകളെത്തിയതിനുശേഷം ഈ പ്രദേശത്ത് നിന്ന് പിടിയിലാകുന്ന നാലാമത്തെ നായാട്ടുകാരനാണിയാൾ. ചെറിയ മൃഗങ്ങളെ വേട്ടയാടുന്നതിനാണ് മോംഗിയ ഇവിടെ എത്തിയിരുന്നതെന്നും ഇയാൾക്ക് വൻസംഘങ്ങളുമായി ബന്ധമില്ലെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
ചീറ്റകളെ എത്തിച്ചതിനുശേഷം സംരക്ഷിത പ്രദേശത്ത് നിന്ന് പിടികൂടുന്ന നാലാമത്തെ ആള്‍ കൂടിയാണ് ആലം മോംഗിയ. ഡിസംബര്‍ 2022-ല്‍ പന്ന കടുവ സങ്കേതത്തിന് സമീപം കടുവയുടെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വന്യജീവി സംരക്ഷിത മേഖലകളിൽ നായാട്ടുകാരുടെ സാന്നിധ്യത്തെ കുറിച്ചുള്ള സംശയം അധികൃതരില്‍ ശക്തമാണ്.
Content Highlights: poacher caught at kuno national park home for cheetahs