കൊലയാളിത്തിമിംഗിലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞു; ദയാവധത്തിനൊരുങ്ങി അധികൃതര്‍

മെല്‍ബണ്‍: ഡോള്‍ഫിന്‍ വിഭാഗത്തിലെ കൊലയാളിത്തിമിംഗിലങ്ങളായ ഫോള്‍സ് കില്ലര്‍ വെയിലുകള്‍ കൂട്ടത്തോടെ ടാസ്മാനിയൻ തീരത്തടിഞ്ഞു. ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് അര്‍തുര്‍ നദിക്ക് സമീപമാണ് സംഭവം. തീരത്തടിഞ്ഞ 157 തിമിംഗിലങ്ങളുടെ നല്ലൊരു പങ്കും ചത്തു. ബാക്കിയുള്ളവയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയമായതോടെ തിമിംഗിലങ്ങളെ ദയാവധത്തിന് വിധേയമാക്കാനൊരുങ്ങുകയാണ് അധികൃതര്‍.
ബുധനാഴ്ച രാവിലെയോടെ ജീവനുള്ള 136 കൊലയാളിത്തിമിംഗിലങ്ങളെ കണ്ടെത്താന്‍ സാധിച്ചെങ്കിലും അധികംവൈകാതെ എണ്ണം 90 ആയി കുറഞ്ഞു. കൊലയാളിത്തിമിംഗിലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞ ബീച്ചിലേക്ക് എത്താനുള്ള അസൗകര്യവും പ്രതികൂലമായ കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
കൊലയാളിത്തിമിംഗിലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞതിന് പിന്നിലെ കാരണം വ്യക്തമല്ല. ചത്ത തിമിംഗിലങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മരണകാരണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍.
50 വര്‍ഷങ്ങള്‍ക്കുശേഷമാണ് ടാസ്മാനിയന്‍ തീരത്ത് ഫോള്‍സ് കില്ലര്‍ വെയിലുകള്‍ തീരത്തടിയുന്നത്. ഡോള്‍ഫിന്‍ സ്പീഷിസുകളിലെ തന്നെ ലോകത്തില്‍ ഏറ്റവും വലിപ്പമേറിയവയാണ് ഫോള്‍സ് കില്ലര്‍ വെയിലുകള്‍. ആറ് മീറ്ററോളം നീളംവെയ്ക്കുന്ന ഇവയ്ക്ക് ഒന്നരടണ്‍വരെ ഭാരമുണ്ടാകും.
1974-ലാണ് ഫോള്‍സ് കില്ലര്‍ വെയിലുകള്‍ ഏറ്റവുമൊടുവിലായി ടാസ്മാനിയന്‍ തീരത്തടിയുന്നത്. അന്ന് 160 കൊലയാളിത്തിമിംഗിലങ്ങളുടെ കൂട്ടമാണ് തീരത്തടിഞ്ഞത്. 2020-ൽ 470 പൈലറ്റ് വെയിലുകളും 2022-ല്‍ 200 പൈലറ്റ് വെയിലുകളും തീരത്തടിഞ്ഞിരുന്നു.
Content Highlights: no hope left for false killer whales stranded on australian beach