ഡൽഹിയിൽ മാത്രമല്ല, ഉത്തരേന്ത്യയിലും പാകിസ്താനിലും പുകമഞ്ഞ് രൂക്ഷം; ഉപഗ്രഹചിത്രം പുറത്തുവിട്ട് നാസ

ന്യൂഡൽഹി: ശൈത്യകാലം ആരംഭിച്ചതോടെ ഉത്തരേന്ത്യയിലും പാകിസ്താനിലും അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും അതീവ ഗുരുതര അവസ്ഥയിലെത്തിയതായി വ്യക്തമാക്കുന്ന ഉപഗ്രഹചിത്രം പുറത്തുവിട്ട് നാസ. നാസയുടെ 'മോഡിസ്' ഉപഗ്രഹമാണ് ചിത്രം പകർത്തിയത്. പാകിസ്താൻ മുതൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലൂടെ കിഴക്കൻ മേഖലകൾവരെ വ്യാപിച്ചുകിടക്കുന്ന കട്ടിയുള്ള ചാരനിറത്തിലുള്ള പുകമഞ്ഞിന്റെ പാളി ചിത്രത്തിൽ വ്യക്തമാണ്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അവയോട് ചേർന്നുള്ള പ്രദേശങ്ങളിലുമാണ് പുകമഞ്ഞ് പ്രധാനമായും വ്യാപിച്ചിരിക്കുന്നത്. മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകളും പുകമഞ്ഞ് നിറഞ്ഞ സമതല പ്രദേശങ്ങളും തമ്മിലുള്ള വേർതിരിവ് ചിത്രത്തിൽ വ്യക്തമായി കാണാം. കാർഷിക മേഖലകളിൽ വ്യാപകമായി വൈക്കോൽ കത്തിക്കുന്നതിനെ സൂചിപ്പിക്കുന്ന നിരവധി 'റെഡ് മാർക്കറുകളും' (തീപിടുത്ത സാന്നിധ്യം) ഉപഗ്രഹ ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തണുത്ത കാലാവസ്ഥ, കാറ്റിന്റെ വേഗതക്കുറവ് എന്നിവ കാരണം മലിനമായ വായുകണികകൾ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നു. വൈക്കോൽ കത്തിക്കൽ, വാഹനങ്ങളിൽ നിന്നുള്ള പുക, വ്യാവസായിക മലിനീകരണം, നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടി എന്നിവ മലിനീകരണത്തോത് ഉയർത്തുകയാണ്.
Content Highlights: NASA's MODIS satellite captured thick layers of smog stretching from Pakistan across northern to eastern India., Stubble burning, low wind speeds, and dropping winter temperatures trap pollutants near the surface., Air quality severely drops in Delhi-NCR and neighboring states like Punjab, Haryana, and Uttar Pradesh., Satellite data confirms the crisis is a regional South Asian air pollution issue, not restricted to Delhi alone.