മൈക്രോപ്ലാസ്റ്റിക്കുകള്‍ ട്രോപ്പോസ്പിയറിലൂടെ 4,500 കിലോമീറ്റർ വരെ സഞ്ചരിക്കുന്നതായി കണ്ടെത്തല്‍

മൈക്രോപ്ലാസ്റ്റിക്ക് | Photo-AP
മൈക്രോപ്ലാസ്റ്റിക്ക് | Photo-AP

പാരീസ്: മൈക്രോപ്ലാസ്റ്റിക്കുകള്‍ അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളിയായ ട്രോപ്പോസ്പിയറിലൂടെ കാതങ്ങള്‍ താണ്ടുന്നുവെന്ന് പഠനം. യു.കെയിലെ ഒരു സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന കണ്ടെത്തല്‍. ഫ്രാന്‍സ് മലനിരകളില്‍ നിന്നും മൈക്രോപ്ലാസ്റ്റിക്കുകള്‍ 4500 കിലോമീറ്ററോളം സഞ്ചരിച്ചതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് മില്ലിമീറ്ററില്‍ താഴെ വ്യാസമുള്ള പ്ലാസ്റ്റിക്ക് ശകലങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍.

'ഫ്രീ ട്രോപ്പോസ്പിയര്‍' എന്ന് വിളിപ്പേരുള്ള പാളിയില്‍ അനുഭവപ്പെടുന്ന ശക്തമായ കാറ്റാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കുന്നത്. ട്രോപ്പോസ്പിയറില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം ശരിയായ തോതില്‍ അനുഭവപ്പെടുകയില്ല. അതിനാല്‍ തന്നെ ഇവയ്ക്ക് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. മൈക്രോ പ്ലാസ്റ്റിക്കുകള്‍ക്ക് മലിനീകരണത്തിലേക്കുള്ള സൂപ്പര്‍ ഹൈവേ ഒരുക്കുകയാണ് ട്രോപ്പോസ്പിയര്‍ എന്നാണ് പഠനം പറയുന്നത്. 

അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍ വൈറസ് വാഹകരാകുന്നതോടൊപ്പം മറ്റ് മാലിന്യങ്ങളെയും വലിച്ചെടുക്കുന്നു. പ്ലാസ്റ്റിക്കുകളുടെ റൂട്ട് മാപ്പ് അടക്കമുള്ളവ പഠനവിധേയമാക്കി. ഇവയുടെ സഞ്ചാരപഥം മനസിലാക്കുന്നതിന് വേണ്ടിയാണിത്. അമേരിക്ക, കാനഡ, യു.കെ, നോര്‍ത്ത് ആഫ്രിക്ക, അറ്റ്‌ലാന്റിക് ഓഷ്യന്‍ എന്നീ പ്രദേശങ്ങള്‍ മാലിന്യത്തിന്റെ സാധ്യതയുള്ള ഉറവിടങ്ങളാണെന്ന് പഠനം കണ്ടെത്തി.

സമുദ്രം മൈക്രോപ്ലാസ്റ്റിക് മാലിന്യത്തിന്‍റെ വലിയ ഉറവിടമാണെന്നും പഠനത്തില്‍ കണ്ടെത്തി. സമുദ്രങ്ങളിലെത്തുന്ന മൈക്രോപ്ലാസ്റ്റിക് പൊങ്ങി കിടക്കുന്നു. ഇവ മറ്റ് മാര്‍ഗങ്ങളിലൂടെ അന്തരീക്ഷത്തിലേക്ക് എത്തും. അഞ്ച് മുതല്‍ 20 മൈക്രോമീറ്റര്‍ വരെ വ്യാസമുള്ള ഇത്തരം പ്ലാസ്റ്റിക് ശകലങ്ങള്‍ ശ്വാസ സംബന്ധമായ അസുഖങ്ങള്‍ക്ക്  കാരണമാക്കാറുണ്ട്. പ്ലാസ്റ്റിക്ക് പാക്കേജിങ്ങുകള്‍ക്ക് ഉപയോഗിക്കാറുള്ള പോളിഈതലെയ്ന്‍ ആയിരുന്നു  കണ്ടെത്തിയ പ്ലാസ്റ്റിക്കില്‍ ഏറിയ പങ്കും. കപ്പലില്‍ കയറ്റി അയക്കുന്ന മാലിന്യങ്ങള്‍ പോലും നമ്മള്‍ അറിയാതെ പല മാര്‍ഗങ്ങളിലൂടെ തിരിച്ചെത്തുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Content Highlights: microplastics can travel long through troposphere

Content Highlights: