എട്ട് വര്‍ഷം 40,000 മരങ്ങള്‍; തരിശ്ഭൂമിയെ നിബിഡ വനമാക്കിയ 'കാടച്ഛന്‍'

പ്രിന്‍സിപ്പാളായി ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച ഡോ. ശങ്കര്‍ ലാല്‍ഗാര്‍ഗ് 2015-ലാണ് ആ ഉദ്യമത്തിന് തുടക്കമിട്ടത്. സ്‌കൂളോ കോളേജോ തുടങ്ങണമെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം ഇന്‍ഡോറില്‍ സ്ഥലം വാങ്ങിയിരുന്നു. ചെങ്കല്ലും പാറകളും നിറഞ്ഞ ആ തരിശുഭൂമി മരവും ചെടികളും നട്ടുപിടിപ്പിച്ച് സമൃദ്ധമായ ഒരു കാടാക്കി മാറ്റിയാലോ എന്നായി പിന്നീട് ആലോചന.
വേള്‍ഡ് റിസര്‍ച്ചേഴ്സ് അസോസിയേഷന്‍സിന്റെ സ്ഥാപകന്‍ കൂടിയായ ഡോ. ശങ്കര്‍ലാല്‍ ഗാര്‍ഗ് അങ്ങനെ വ്യത്യസ്തമായ ഒരു ഉദ്യമത്തിന് തുടക്കമിട്ടു- കേശര്‍ പര്‍വത്. ഈ പരിസ്ഥിതി സംരക്ഷണ സംഘടനയുടെ കീഴില്‍ വനവത്കരണ പദ്ധതിക്ക് തുടക്കമിട്ടു.
മധ്യപ്രദേശിലെ ഇന്‍ഡോറിലെ തരിശ് ഭൂമി അങ്ങനെ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കാടായി വളര്‍ന്നു. പൂക്കളും ചെടികളും വലിയ മരങ്ങളും പല ജീവികളും പൂമ്പാറ്റകളും പക്ഷികളുമെല്ലാം നിറഞ്ഞ ഒരിടം. വെള്ളംപോലും ദുര്‍ലഭമായിരുന്ന സ്ഥലത്താണ് അദ്ദേഹം സ്വപ്നഭൂമി നിര്‍മിച്ചത്. ഇപ്പോള്‍ 40,000 മരങ്ങളാണ് കേശര്‍ പര്‍വതിലുള്ളത്.
ഇതിനായി ഒരുപാട് തൈകള്‍ നടുകയും അവ നനച്ച് പരിപാലിക്കുകയുമാണ് ആദ്യം ചെയ്തത്. തരിശുഭൂമിക്കും കാടായി മാറാന്‍ സാധിക്കുമെന്ന് അവര്‍ തന്റെ പ്രവൃത്തിയിലൂടെ തെളിയിക്കുകയായിരുന്നു. എഴുപത്തിനാല് വയസ്സുള്ള ഡോ. ഗാര്‍ഗ് നാരകം, ആര്യവേപ്പ്, അരയാല്‍ എല്ലാം നട്ടുവളര്‍ത്തി. പതിയെ പതിയെ മരങ്ങളുടെ എണ്ണം വര്‍ധിച്ചുവന്നു. 2016 മുതല്‍ 2024 വരെ എത്തിയപ്പോഴേക്കും 500-ല്‍ അധികം സ്പീഷിസുകളില്‍പെട്ട 40,000 മരങ്ങളാണ് അവിടെയുണ്ടായത്. അങ്ങനെ ശങ്കര്‍ലാല്‍ ഇന്‍ഡോറിന്റെ കാടച്ഛനായി. തെങ്ങ്, ആപ്പിള്‍, രുദ്രാക്ഷം, ഒലീവ്, ലിച്ചി, കുങ്കുമപ്പൂവ്, അമേരിക്കന്‍ ടുലിപ്സ്, ഏലക്കായ തുടങ്ങി നിരവധി മരങ്ങളും ചെടികളും അതിലുള്‍പ്പെടുന്നു.
തേക്ക്, ചന്ദനം, മഹാഗണി, ദേവദാരു, പൈന്‍, സില്‍വര്‍ ഓക്ക് തുടങ്ങി 12 ഫീറ്റിലധികം ഉയരമുള്ള 15,000 മരങ്ങളും ഇവിടെയുണ്ട്. ഇവയ്ക്കൊന്നും അധികമായി വളമോ മറ്റോ ചേര്‍ക്കുന്നില്ല. മഴവെള്ളത്തിലെ സള്‍ഫറും നൈട്രജനുമാണ് ഈ വനത്തിലെ ചെടികള്‍ക്കും മരങ്ങള്‍ക്കും കരുത്ത് പകരുന്നതെന്നാണ് ഡോ. ഗാര്‍ഗ് പറയുന്നത്.
കുങ്കുമപ്പൂവില്‍ നിന്നുമാണ് കേശര്‍ പര്‍വത് എന്ന പേര് വന്നത്. 2021-ല്‍ 25 കുങ്കുമപ്പൂക്കളായിരുന്നു ഈ വനത്തിലുണ്ടായിരുന്നത്. അത് 2022-ല്‍ നൂറും തൊട്ടടുത്ത വര്‍ഷം അഞ്ച് മടങ്ങുമായി വര്‍ധിച്ചു. എന്നാല്‍ കടുത്ത വരള്‍ച്ച നേരിട്ട സാഹചര്യവുമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി 600 ഫീറ്റില്‍ ഭൂമി കുഴിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് വെള്ളം ടാങ്കില്‍ കൊണ്ടുവന്ന് നനയ്ക്കുകയായിരുന്നു. പിന്നീട് ജലസംഭരണത്തിനായി ഒരു കുളം കുഴിച്ചു. ഡ്രിപ്പ് ഇറിഗേഷന്‍ വഴി ചെടികള്‍ക്കും ഇതേ വെള്ളമാണ് ഉപയോഗിച്ച് വരുന്നത്.
സസ്യജാലങ്ങള്‍ ജന്തുജാലങ്ങളെ ആകര്‍ഷിച്ചതിനാല്‍ ഇവിടെ മുപ്പതിലധികം കിളികളും 25 തരം പൂമ്പാറ്റകളും മുയല്‍, തോള്‍, കാട്ടുപന്നികള്‍, കുറുനരികള്‍, നീലക്കാളകള്‍, കഴുതപ്പുലി എന്നിവയുമുണ്ട്.കേശര്‍ പര്‍വതിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മെഡിറ്റേഷനും ഒത്തുചേരലുകള്‍ക്കും എല്ലാമായി ആളുകളിവിടെ വരുന്നു. ശാരീരികവൈകല്യങ്ങളുള്ളവര്‍ക്ക് ക്രിക്കറ്റ്ഗ്രൗണ്ടും സെന്‍സറി ഗാര്‍ഡനും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അമ്പതിനായിരം മരങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് കേശര്‍ പര്‍വത് ലക്ഷ്യമിടുന്നത്. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ഡോ. ഗാര്‍ഗും സംഘവും.
Content Highlights: Man turned barren hill Into a forest in Madhya pradesh