‘വിശ്വാസത്തിൻ്റെ പേരിൽ നദിയെ മലിനമാക്കരുത്’; സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതാചാരത്തിന്റെ ഭാഗമായാൽപ്പോലും ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ശേഷക്രിയക്കെത്തുന്നവർ തമിഴ്‌നാട്ടിലെ താമ്രപർണി നദിയിൽ ടൺകണക്കിന് വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഒഴുക്കുന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് പുകഴേന്തിയുമടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
ആചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഈ പ്രവൃത്തി സമൂഹത്തിലെ മറ്റുള്ളവർക്കും പരിസ്ഥിതിക്കും ദോഷംചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതാചാരങ്ങൾക്കുള്ള അവകാശം പൊതുജനാരോഗ്യത്തിന് അനുസൃതമായിരിക്കണമെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വ്യക്തമാക്കിയിട്ടുണ്ട് -കോടതി പറഞ്ഞു. ദിവസവും ഒരു ടണ്ണിലേറെ വസ്ത്രങ്ങളും മറ്റു സാധനങ്ങളുമാണ് താമ്രപർണിയിൽ ഒഴുക്കുന്നതെന്ന് ശുചീകരണത്തിന് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകൻ കോടതിയെ അറിയിച്ചു. മൂന്നാഴ്ചയ്ക്കിടെ 90 ടണ്ണോളം വസ്ത്രവും 2.2 ടൺ ഭസ്മവും നീക്കിയതായി കോടതി ചൂണ്ടിക്കാണിച്ചു.
ബാവലിയും മാലിന്യക്കുരുക്കിൽ
കൊട്ടിയൂർ േക്ഷത്രത്തിലെത്തുന്നവർ തുണിയൊഴുക്കുന്നത് ബാവലിപ്പുഴയെയും മലിനമാക്കുന്നു. കർണാടകത്തിൽനിന്നുള്ള ഭക്തരാണ് തുണി ഉപേക്ഷിക്കുന്നത്. പുഴയിൽ വസ്ത്രം ഒഴുക്കാൻ പാടില്ലെന്നും അത് ആചാരലംഘനമാണെന്നും കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി എൻ. പ്രശാന്ത് പറഞ്ഞു.
Content Highlights: Madras HC ruled that religious freedom does not grant the right to pollute water bodies., Rituals must comply with public health and environmental safety as per Article 25., Over 90 tons of waste were removed from Thamirabarani river in three weeks., Concerns raised over pollution in Bavali river due to religious offerings.