വടക്കുകിഴക്കൻ കാറ്റ് എത്തി, കേരളത്തിൽ രാത്രിയിൽ തണുപ്പു കൂടുന്നു, ഹൈറേഞ്ചിൽ താപനില മൈനസ് ഡിഗ്രിയിൽ

ആലപ്പുഴ: സംസ്ഥാനത്ത് രാത്രിയിൽ തണുപ്പു കൂടുന്നു. വടക്കുകിഴക്കൻ കാറ്റിന്റെ വരവോടെ വർഷങ്ങൾക്കുശേഷം കേരളത്തിൽ കുളിരനുഭവപ്പെടുകയാണ്. ശനിയാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഇടുക്കി കുണ്ടള ഡാമിലാണ്- 7.9 ഡിഗ്രി സെൽഷ്യസ്. ഹൈറേഞ്ച് മേഖലകളിലാണ് തണുപ്പു കൂടുതൽ.
മൂന്നാറിൽ 9.7, വട്ടവടയിൽ 10.9 ഡിഗ്രി സെൽഷ്യസ് വീതമായിരുന്നു താപനില. കുണ്ടള, മൂന്നാർ, വട്ടവട, കാന്തല്ലൂർ മേഖലകളിൽ പുലർച്ചെ കോടമഞ്ഞും നല്ല തണുപ്പുമുണ്ട്. തേയിലത്തോട്ടങ്ങളിലും തണുപ്പനുഭവപ്പെടുന്നു.
തണുപ്പ് കൂടുന്നതിനു പിന്നിൽ
* വടക്കുകിഴക്കൻ കാറ്റ്: ഉത്തരേന്ത്യയിൽനിന്നുള്ള തണുത്ത കാറ്റ് കേരളത്തിലേക്കു ശക്തമായി വീശാൻ തുടങ്ങി.
* തെളിഞ്ഞ ആകാശം: തുലാവർഷം പിൻവാങ്ങി ആകാശം തെളിഞ്ഞതോടെ, പകൽ ഭൂമി വലിച്ചെടുക്കുന്ന ചൂട് രാത്രിയായാൽ വേഗത്തിൽ മുകളിലോട്ടു പോകുന്നു. ഇത് രാത്രിയിൽ തണുപ്പു കൂട്ടുന്നു.
എന്നാൽ, പകൽ തണുപ്പില്ല. സംസ്ഥാനത്ത് പലയിടത്തും പകൽ താപനില 32 മുതൽ 35 വരെ ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്.
മഴയിൽ വലിയ കുറവ്
ഒക്ടോബർ ഒന്നുമുതൽ നവംബർ 14 വരെ 21 ശതമാനം മഴക്കുറവാണു രേഖപ്പെടുത്തിയത്. 404.3 മില്ലിമീറ്റർ മഴയാണു കിട്ടേണ്ടത്. എന്നാൽ, പെയ്തത് 321 മില്ലിമീറ്റർ മാത്രം. വരുംദിവസങ്ങളിലും തണുപ്പു തുടരുമെന്നും ഡിസംബർ പകുതിയോടെ നല്ല തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാനിരീക്ഷകർ പറയുന്നു.
Content Highlights: Kundala Dam in Idukki recorded the lowest temperature at 7.9°C., Munnar and Vattavada experiencing intense cold and morning mist., North-easterly winds and clear skies are the main reasons for the temperature drop., Daytime temperatures remain high between 32°C and 35°C., Kerala recorded a 21 percent rain deficit from October 1 to November 14.