സോളാർ ബോട്ടുകൾ, പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഹബ്ബുകൾ; ബജറ്റിൽ പരിസ്ഥിതിയുടെ പ്രാധാന്യം

ബജറ്റ് അവതരിപ്പിക്കുന്നു | Photo-ANI
ബജറ്റ് അവതരിപ്പിക്കുന്നു | Photo-ANI

തിരുവനന്തപുരം: ലോകമെമ്പാടും ആഗോള താപനം പോലെയുളള പ്രതികൂല ഘടകങ്ങള്‍ പരിസ്ഥിതിയെയും മനുഷ്യനെയും ബാധിക്കുന്ന സാഹചര്യം വന്നെത്തിക്കഴിഞ്ഞു. 2018-ലെ പ്രളയം തുടങ്ങി നിരവധി പ്രകൃതി ദുരന്തങ്ങള്‍ക്കാണ് അടുത്തകാലത്തായി കേരളം സാക്ഷ്യം വഹിച്ചതും. ഈ പരിതസ്ഥിതിയിൽ നിന്നുകൊണ്ട്  പരിസ്ഥിതി സൗഹാര്‍ദ മാര്‍ഗങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ഇത്തവണ കേരള സർക്കാർ ബജറ്റ് ഒരുക്കിയിരിക്കുന്നത്. ഇടത് സര്‍ക്കാരിന്റെ ബജറ്റില്‍ ഇടം നേടിയ അനേകം പാരിസ്ഥിതിക വിഷയങ്ങളിൽ പ്രധാനമാണ് പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഹബ്ബുകള്‍. 

പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഹബ്ബുകള്‍

കേരളത്തിന്റെ സുപ്രധാന വരുമാന മാര്‍ഗമാണ് ടൂറിസം മേഖല. കേരളത്തെ സംബന്ധിച്ച് ഇവിടുത്തെ സവിശേതയാർന്ന പ്രകൃതിയും പരിസ്ഥിതിയുമാണ് ടൂറിസത്തിന്റെ മൂലധനം.  അതിനാൽ തന്നെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത ടൂറിസം പദ്ധതികൾ ഭാവിയിൽ ടൂറിസത്തെ തന്നെയാണ് ബാധിക്കുക. ഇതിനൊരു ബദലാണ് പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഹബ്ബ്. അഞ്ചുവര്‍ഷം കൊണ്ട് 25 പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഹബ്ബുകള്‍ക്ക് 1000 കോടി രൂപ വായ്പ അനുവദിക്കുമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രഖ്യാപനം

സമുദ്ര മാലിന്യം നീക്കം ചെയ്യാൻ ശുചിത്വസാഗരം പദ്ധതി

ജലാശയങ്ങളില്‍ അടിഞ്ഞു കൂടുന്ന മാലിന്യം സമുദ്ര സമ്പത്തിനും ഭക്ഷ്യലഭ്യതയ്ക്കും ഭീഷണിയാണ്. മാലിന്യം കുമിഞ്ഞു കൂടി മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് സമുദ്ര ഭക്ഷ്യലഭ്യതയ്ക്കും ഭീഷണിയാകും. ഇത്തരം മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പദ്ധതിക്കായും തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്‌. 'ശുചിത്വസാഗരം' എന്ന പേരിട്ടിരിക്കുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപകമായി നടപ്പാക്കും. 

ഹരിത ഗൃഹ വാതകങ്ങളുടെ വന്‍തോതിലുള്ള ബഹിര്‍ഗമനം കാലാവസ്ഥാ വ്യതിയാനം പോലെയുള്ള സാഹചര്യത്തിലേക്ക് രാജ്യത്തെ നീക്കി കഴിഞ്ഞു. അടിക്കടിയുള്ള വരള്‍ച്ച നിത്യസംഭവമായി തീര്‍ന്നു. ഇതില്‍ തങ്ങളുടെ പങ്ക് കുറയ്ക്കാനൊരുങ്ങുകയാണ് കേരളം. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ചു കൊണ്ടു വന്ന് ആഗോള താപനത്തിന്റെ അളവ് 1.5 ഡിഗ്രിയായി കുറയ്ക്കുക എന്ന ദീര്‍ഘകാല ലക്ഷ്യം കൈവരിക്കാന്‍ പാരീസ് ഉടമ്പടി പ്രകാരം ലോകരാജ്യങ്ങള്‍ മുമ്പ് ധാരണയായിട്ടുണ്ട്. ഇത് മുന്നില്‍ കണ്ടുള്ള ശ്രമങ്ങളാണ് ബജറ്റില്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഫെറിബോട്ടുകൾ സോളാറാകുന്നു

സംസ്ഥാനത്തെ സ്വകാര്യ വാഹനമേഖലയില്‍ ഭൂരിഭാഗം വരുന്നവയും പുനരുപയോഗ ഊര്‍ജങ്ങളെ ആശ്രയിച്ചു തുടങ്ങി കഴിഞ്ഞു. പൊതുഗതാഗത മേഖലയിലും പുനരുപയോഗ ഊര്‍ജത്തിന്റെ സാന്നിധ്യം ഉറപ്പു വരുത്തുകയാണ് പുതിയ ബജറ്റിന്റെ ലക്ഷ്യം. പുനരുപയോഗ ഊര്‍ജത്തെ ആശ്രയിച്ചുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 50 ശതമാനം ഫെറി ബോട്ടുകള്‍ സോളാര്‍ ബോട്ടുകള്‍ ആക്കാനും ബഡ്ജറ്റില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിലൂടെ ഇന്ധന ഉപയോഗം വന്‍തോതില്‍ കുറയ്ക്കാനും കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ഗതാഗതം ഉറപ്പു വരുത്താനും സാധിക്കും. 

പരിസ്ഥിതി ബജറ്റ്

ബജറ്റില്‍ അപ്രധാനമായിരിക്കുന്ന പരിസ്ഥിതിയെ മുന്‍പന്തിയില്‍ എത്തിച്ചതും ഇത്തവണത്തെ ബജറ്റിന്റെ ശ്രദ്ധേയമായ നേട്ടമാണ്. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ കേരളം പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ ബജറ്റിനൊപ്പം പാരിസ്ഥിതിക ചെലവുകള്‍ അടങ്ങിയ രേഖ കൂടി അവതരിപ്പിക്കും.
 

Content Highlights: kerala budget focuses on environmental related aspect