ശീതക്കാറ്റിൽ വിറച്ച് കർണാടക; വടക്കൻമേഖലകളിൽ തണുപ്പ് രൂക്ഷം, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകത്തിൽ തണുപ്പ് കടുത്തതോടെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വടക്കൻമേഖലകളിലാണ് തണുപ്പ് രൂക്ഷമായിരിക്കുന്നത്. കലബുറഗി, ബീദർ, വിജയപുര, ബെളഗാവി, ബാഗൽകോട്ട്, ഹാവേരി, യാദ്ഗിർ, ധാർവാഡ്, കൊപ്പാൾ എന്നീ ജില്ലകളിലാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ബെംഗളൂരുവടക്കം മറ്റിടങ്ങളിലും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് തണുപ്പ് ഏറ്റവും രൂക്ഷമായത് വിജയപുര ജില്ലയിലാണ്. ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞതാപനില ഏഴ് ഡിഗ്രി സെൽഷ്യസാണ്.
പത്തുവർഷത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണിത്. അടുത്തദിവസങ്ങളിൽ ഇത് ആറുഡിഗ്രിയായി കുറയുമെന്നാണ് കാലാവസ്ഥാപ്രവചനം. ശീതക്കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ബെംഗളൂരുവിലും ശീതക്കാറ്റുവീശുന്നുണ്ട്. ബെംഗളൂരുവില താപനില 14 ഡിഗ്രിയായി കുറഞ്ഞു.
എല്ലാദിവസവും രാവിലെ ശീതക്കാറ്റുവീശുമെന്ന മുന്നറിയിപ്പുണ്ട്. 16 കിലോമീറ്റർ വേഗത്തിലാണ് ശീതക്കാറ്റുവീശുക. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും തണുപ്പിൽനിന്ന് രക്ഷനേടാൻപറ്റുന്ന വസ്ത്രംധരിച്ചുവേണം പുറത്തിറങ്ങാനെന്നും സർക്കാർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. മൂടൽമഞ്ഞ് ബെംഗളൂരുവിലൂടെയുള്ള വിമാനസർവീസുകളെയും ബാധിച്ചിട്ടുണ്ട്. രാവിലെയുള്ള സർവീസുകളാണ് വൈകുന്നത്.
Content Highlights: Karnataka faces severe cold! 9 districts under orange alert due to plummeting temperatures. Vijayapura records 7°C, the lowest in a decade.