രാജ്യത്തെ വനംവകുപ്പിന്റെ ആദ്യ ശ്വാനപരിശീലനകേന്ദ്രം; കാട്ടിലെ കുറ്റംതെളിയിക്കാനും ഇനി ഡോഗ് സ്ക്വാഡ്

ബന്ദിപ്പൂരില്‍ തുടങ്ങിയ ശ്വാന പരീശീലന കേന്ദ്രത്തില്‍ നിന്ന്‌
ബന്ദിപ്പൂരില്‍ തുടങ്ങിയ ശ്വാന പരീശീലന കേന്ദ്രത്തില്‍ നിന്ന്‌

മൈസൂരു: രാജ്യത്ത്‌ വനംവകുപ്പിന്റെ ആദ്യ ശ്വാനപരിശീലനകേന്ദ്രം ബന്ദിപൂർ കടുവാസങ്കേതത്തിൽ തുടങ്ങി. ലോകനിലവാരത്തിലുള്ള സ്നിഫർ ആൻഡ് ഒഫൻസ് ട്രാക്കിങ് നായപരിശീലനകേന്ദ്രമാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 10 ബെൽജിയൻ മാലിനോയിസ് ഇനത്തിലുള്ള നായക്കുട്ടികളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്.മൈസൂരു ചാമരാജനഗർ ജില്ലയിലെ ബന്ദിപൂർ കടുവാസങ്കേതത്തിലെ മേലുകമനഹള്ളി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലാണ് നായകൾക്ക് പരിശീലനംനൽകുന്നത്.

10 മാസത്തെ പരിശീലനത്തിനുശേഷം കർണാടകയിലെ അഞ്ച് കടുവാസങ്കേതങ്ങളായ ബന്ദിപൂർ, നാഗരഹോളെ, ഭദ്ര, ബിലിഗിരി രംഗ (ബി.ആർ.ടി.), കാളി കടുവാസങ്കേതം എന്നിവിടങ്ങളിലേക്ക് രണ്ട് നായകളെവീതം അയക്കും.വന്യജീവികളുടെ വേട്ടയാടൽ, നിയമവിരുദ്ധമായി മരംമുറിക്കൽ തുടങ്ങിയ വനം-വന്യജീവി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും വന്യജീവി നിരോധിതവസ്തുക്കൾ പിടിച്ചെടുക്കുന്നതിനുമുള്ള വിദഗ്ധപരിശീലനമാണ് നൽകുന്നത്.

ഹരിയാണയിലെ പഞ്ച്കുളയിലെ ഇന്തോ-ടിബറ്റ് ബോർഡർ പോലീസ് ഫോഴ്‌സിലെ അടിസ്ഥാന പരിശീലനകേന്ദ്രത്തിൽ ഈ നായകൾക്ക്‌ ഇതിനകം എട്ടുമാസത്തെ പരിശീലനം നൽകിയിട്ടുണ്ട്. കൂടുതൽ പരിശീലനത്തിനാണ് ബന്ദിപൂരിൽ എത്തിച്ചത്. വേനൽക്കാലത്ത് വനത്തിൽ മനഃപൂർവം തീയിടുന്ന അക്രമികളെ കണ്ടെത്താൻ നായകളെ ഉപയോഗിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

Content Highlights: India`s First Canine Training Center Opens in Bandipur