200 വര്‍ഷങ്ങള്‍ക്ക് ശേഷം അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് വരവറിയിച്ച് ഗ്രേ വെയില്‍

ബോസ്റ്റൺ: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായെന്ന് കരുതിയ ഗ്രേ വെയിലിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകർ. യു.എസ്സിലെ ബോസ്റ്റണില്‍ സ്ഥിതി ചെയ്യുന്ന ന്യൂ ഇംഗ്ലണ്ട് അക്വേറിയത്തിലെ ഗവേഷകരാണ് മസാച്യുസെറ്റ്‌സിലുള്ള നാന്‍ടുക്കറ്റിന്റെ തെക്കന്‍പ്രദേശത്തെ സമുദ്രമേഖലയില്‍ ഗ്രേ വെയിലിനെ കണ്ടെത്തിയത്. ആഗോളതാപനത്തെത്തുടര്‍ന്നുണ്ടായ മഞ്ഞുരുകല്‍ കാരണം കാലാവസ്ഥാമാറ്റം സമുദ്രപ്രദേശത്തും പ്രകടമായത് ഈ തിമിംഗിലങ്ങളുടെ യാത്രയ്ക്ക് സഹായകരമാകുന്നതായി വിലയിരുത്തപ്പെടുന്നു.
27,215 കിലോഗ്രാം വരെ ഭാരം വെയ്ക്കുന്ന ഗ്രേ വെയിലുകളെ നോര്‍ത്തേണ്‍ പസഫിക് സമുദ്രത്തിലാണ് സാധാരണയായി കാണാന്‍ കഴിയുക. 18-ാം നൂറ്റാണ്ടോടെയാണ് ഗ്രേ വെയിലുകള്‍ അറ്റ്‌ലാന്റിക് സമുദ്രപ്രദേശത്ത് അപ്രത്യക്ഷമായതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നങ്ങോട്ടുള്ള വര്‍ഷങ്ങളിലും ഇവയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇക്കാര്യത്തിൽ മാറ്റമുണ്ടായി.
അറ്റ്‌ലാന്റിക്, മെഡിറ്ററേനിയന്‍ എന്നീ സമുദ്രമേഖലയില്‍ അഞ്ച് തവണ ഗ്രേ വെയിലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. അതേസമയം ഗ്രേ വെയില്‍ തന്നെയാണോ ഇതെന്നറിയുന്നതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കാന്‍ ആര്‍ക്കുമായില്ല. കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയില്‍ കണ്ടെത്തിയ ഗ്രേ വെയില്‍ തന്നെയാണ് ചിത്രങ്ങളില്‍ പതിഞ്ഞ ഗ്രേ വെയിലെന്നാണ് ഗവേഷകരുടെ നിഗമനം.
45 മിനിറ്റ് സമയം തിമിംഗലത്തെ ചുറ്റിപ്പറ്റി ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷമാണ് ഗ്രേ വെയില്‍ തന്നെയാണിതെന്ന് ഗവേഷകര്‍ക്ക് സ്ഥിരീകരിക്കാനായത്. അറ്റ്‌ലാന്റിക് സമുദ്രപ്രദേശത്ത് തിമിംഗിലത്തെ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം പ്രകടിപ്പിച്ച ഗവേഷകര്‍ പക്ഷേ കാലാവസ്ഥാ മാറ്റത്തിലേക്കും വിരല്‍ചൂണ്ടുന്നു.
കാനഡയിലെ ആര്‍ട്ടിക് സമുദ്രത്തിലൂടെ അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നോര്‍ത്ത്-വെസ്റ്റ് പാസേജില്‍ വേനല്‍ക്കാലത്ത് ഹിമസാന്നിധ്യം നന്നായി കുറഞ്ഞിരുന്നു. ഇത് തിമിംഗലങ്ങള്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ സഹായകമായി. വാണിജ്യപരമായുളള തിമിംഗലവേട്ട ഗ്രേ വെയിലുകളുടെ എണ്ണം ഗണ്യമായി കുറച്ചു.തിമിംഗലവേട്ടയ്ക്ക് ചില രാജ്യങ്ങള്‍ നിരോധനമേര്‍പ്പെടുത്തിയതോടെയാണ് ഇവയുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായത്. 50 മുതല്‍ 60 വര്‍ഷം വരെയാണ് ഗ്രേ വെയിലുകളുടെ ആയുസ്സ്.
Content Highlights: grey whale spotted after 200 years