കാടിനെയറിഞ്ഞ കാക്കിയഴിച്ച് രാഘവന്‍

#ശ്രാവണ്‍ സിറിയക്
പുതിയതായി ജോലിയിൽ പ്രവേശിച്ചവർക്ക് രാഘവൻ നിർദേശങ്ങൾ നൽകുന്നു
പുതിയതായി ജോലിയിൽ പ്രവേശിച്ചവർക്ക് രാഘവൻ നിർദേശങ്ങൾ നൽകുന്നു

സുല്‍ത്താന്‍ബത്തേരി: കാടാണ് വീട്, വന്യജീവികള്‍ കുടുംബാംഗങ്ങളെപ്പോലെയും. നാല് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിലെ വിരമിക്കല്‍ ദിനത്തിലും വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ എം.ജെ. രാഘവന്‍ കാടിനെ കാക്കാനുള്ള തന്റെ ദൗത്യങ്ങള്‍ അവസാനിച്ചെന്ന് കരുതുന്നില്ല. വനത്തിനും വന്യജീവികള്‍ക്കും കാവലായുണ്ടായിരുന്ന കാക്കി മേയ് 31-ന് അഴിച്ചിറങ്ങുമ്പോള്‍ വനപാലക ജീവിതത്തില്‍ ഒട്ടേറെ ത്രസിപ്പിക്കുന്ന അനുഭവങ്ങളാണ് രാഘവന് ഓര്‍ത്തെടുക്കാനുള്ളത്. ബത്തേരി ആര്‍.ആര്‍.ടി. യില്‍ സെക്ഷന്‍ ഫോറസ്റ്ററായ രാഘവന്‍, അരിക്കൊമ്പന്‍, പി.എം. ടു ദൗത്യങ്ങളുള്‍പ്പെടെ നൂറുകണക്കിന് ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കാടിനെ ഇത്രത്തോളം അറിയുന്ന മറ്റൊരു വനപാലകനുണ്ടാകില്ലെന്നാണ് സഹപ്രവര്‍ത്തകരും പറയുന്നത്. വയനാട്ടിലെ വനംവകുപ്പിന്റെ എല്ലാ ദൗത്യങ്ങളിലും രാഘവനുണ്ടാകും. രാഘവനില്ലാത്ത ദൗത്യങ്ങള്‍ വനംവകുപ്പിന് വയനാട്ടിലുണ്ടായിട്ടില്ല. അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മുത്തങ്ങ ആന ക്യാമ്പ് കോളനിയിലാണ് രാഘവന്റെ വീട്. അച്ഛന്‍ ജടയന്‍ ക്യാമ്പിലെ ആന പാപ്പാനായിരുന്നു. ചെറുപ്പം മുതലേ ആനക്കാര്യങ്ങളും വനവുമെല്ലാം ഏറെ പ്രിയപ്പെട്ടതായി. 1985-ലാണ് രാഘവന്‍ വനംവകുപ്പില്‍ താത്കാലിക ജീവനക്കാരനായി ജോലിക്ക് പ്രവേശിക്കുന്നത്.

95-ല്‍ വനംവകുപ്പില്‍ സ്ഥിരം ജീവനക്കാരനായി. നാട്ടിലിറങ്ങിയ വന്യമൃഗങ്ങളെ തുരത്താനുള്ള ജോലിക്കിടെ ഒട്ടേറെത്തവണ കടുവയടക്കമുള്ള മൃഗങ്ങളുമായി മുഖാമുഖം നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും 39 വര്‍ഷം നീണ്ട വനംവകുപ്പ് ജീവിതത്തില്‍ ഒരുപോറല്‍ പോലും ഇത്തരം ദൗത്യങ്ങള്‍ക്കിടെയേറ്റിട്ടില്ല. കാടിന്റെ മുക്കുംമൂലയും മനഃപാഠമായ രാഘവന് കടുവയുടെയോ ആനയുടെയോ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാനാകും.

ജോലിയുടെ ഭാഗമായി കിലോമീറ്ററുകളോളം എന്നും വനത്തിലൂടെ നടന്നിരുന്ന രാഘവന് വിരമിച്ചാലും വെറുതെയിരിക്കാനാകില്ല. വനംവകുപ്പുമായി ബന്ധപ്പെട്ട എന്ത് ദൗത്യത്തിനും ഒപ്പമുണ്ടാകുമെന്നും രാഘവന്‍ പറയുന്നു.

Content Highlights: Forest watcher MJ Raghavan retires