ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം 'ഭൗമദിനം' ആഘോഷിച്ചു: ഹർഷ് കെ. ഗുപ്ത മുഖ്യാതിഥിയായി

ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് പദ്മശ്രീ ഹർഷ് കെ ഗുപ്തക്ക്  എൻസെസ് ഡയറക്ടർ പ്രൊഫ. എൻ വി ചലപതി റാവു ചെടി സമ്മാനിക്കുന്നു
ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് പദ്മശ്രീ ഹർഷ് കെ ഗുപ്തക്ക് എൻസെസ് ഡയറക്ടർ പ്രൊഫ. എൻ വി ചലപതി റാവു ചെടി സമ്മാനിക്കുന്നു

തിരുവനന്തപുരം: ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം (നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്-എന്‍സിഇഎസ്എസ്) 2025-ലെ ഭൗമദിനം ആഘോഷിച്ചു. എന്‍സിഇഎസ്എസ് പമ്പ ഹാളില്‍ നടന്ന പരിപാടിയില്‍ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പത്മശ്രീ പുരസ്‌കാര ജേതാവും ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ പ്രഫ. ഹർഷ് കെ. ഗുപ്ത മുഖ്യാതിഥിയായിരുന്നു.

കേന്ദ്ര ഭൂവിജ്ഞാന മന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി, സിഎസ്‌ഐആര്‍-എന്‍ജിആര്‍ഐ, സെസ് എന്നിവയുടെ മുന്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച പ്രഫ.ഹർഷ് കെ.ഗുപ്ത 'അന്റാര്‍ട്ടിക്കയിലെ ദക്ഷിണ ഗംഗോത്രി സ്ഥാപിച്ച കഥ: ഒരു അത്ഭുതം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. 1980-കളില്‍ അന്റാര്‍ട്ടിക്കയിലെ ദൗത്യത്തിന് നേതൃത്വം നല്‍കുമ്പോള്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച അദ്ദേഹം, അന്നത്തെ പ്രധാനമന്ത്രിമാരുടെ സഹായവും പിന്തുണയും ഓര്‍ത്തെടുത്തു.

അന്നത്തെ ദൗത്യങ്ങള്‍ ഇന്നത്തെ സാങ്കേതിക മുന്നേറ്റങ്ങളുമായി താരതമ്യപ്പെടുത്തിയ അദ്ദേഹം എന്‍സിഇഎസ്എസിലെ യുവ ജിയോളജിസ്റ്റുകള്‍ക്ക് പ്രചോദനമാകുന്ന അനുഭവങ്ങള്‍ പങ്കുവെച്ചു. എന്‍സിഇഎസ്എസ് ഡയറക്ടര്‍ പ്രഫ. എന്‍.വി. ചലപതി റാവുവിന്റെ സ്വാഗതപ്രസംഗത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഭൂമിദിനത്തിന്റെ ഉത്ഭവവും അതിന്റെ ആഗോള പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. പ്രഭാഷണത്തിനുശേഷം പ്രഫ. ഹർഷ് കെ. ഗുപ്തയെ ആദരിക്കുന്ന ചടങ്ങ് നടന്നു.

തുടർന്ന്, എൻസിഇഎസ്‌എസിന്റെ പുതിയ സെഡിമെന്റോളജി ലാബും ഐആർഎംഎസ് ലാബും ഔപചാരികമായി ഉദ്ഘാടനവും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും നടന്നു. 

Content Highlights: earth day celebration by ncess