മൃഗങ്ങളുടെ രാത്രികാല ജീവിതം കാണണോ? ദുബായ് സഫാരിയിലേക്ക് വരൂ; തത്സമയ കലാപ്രകടനങ്ങള്‍ ആസ്വദിക്കാം

ദുബായ് സഫാരി പാര്‍ക്കിലെ കാഴ്ച
ദുബായ് സഫാരി പാര്‍ക്കിലെ കാഴ്ച
ദുബായ്: രാത്രിയിൽ മൃഗങ്ങളെ കാണാൻ സന്ദർശകർക്ക് അവസരം നൽകുന്നതിന് ദുബായ് സഫാരി പാർക്കിൽ ഈ മാസം 13 മുതൽ അടുത്ത മാസം 12 വരെ നൈറ്റ് സഫാരിയുണ്ടാകും.വിദഗ്ധ വന്യജീവി ഗൈഡുകളുടെ നേതൃത്വത്തിൽ രാത്രി രണ്ട് സഫാരികളാണ് ഒരുക്കുന്നത്.

90-ലേറെ വ്യത്യസ്ത മൃഗങ്ങളുടെ രാത്രികാല ജീവിതം സന്ദർശകർക്ക് നേരിട്ട് കാണാം. രാത്രിയിൽ സജീവമാകുന്ന മൃഗങ്ങളെ മാത്രമേ നൈറ്റ് സഫാരിയുടെ ഭാഗമാക്കൂ എന്ന് ദുബായ് മുനിസിപ്പിലാറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ആഫ്രിക്കൻ ഫയർ ഷോയും നിയോൺ ഷോയും ഉൾപ്പെടെ തത്സമയ കലാപ്രകടനങ്ങളും ആസ്വദിക്കാം.

പൊതുവേ പകൽ സമയങ്ങളിൽ ഒട്ടുമിക്ക മൃഗങ്ങളും ശാന്തമായാണ് കാണപ്പെടാറുള്ളത്. എന്നാൽ രാത്രികാലങ്ങളിൽ ഇവ കൂടുതൽ സജീവമാകും. ഇത്തരം സ്വഭാവമാറ്റങ്ങൾ സന്ദർശകർക്ക് വിവരിച്ചശേഷമായിരിക്കും നൈറ്റ് സഫാരി ആരംഭിക്കുക.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്നതിനാണ് നൈറ്റ് സഫാരിയെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്സ് ആൻഡ് റിക്രിയേഷണൽ ഫെസിലിറ്റീസ് മേധാവി അഹമ്മദ് അൽ സറൂനി പറഞ്ഞു. വൈകീട്ട് ആറു മണിമുതൽ രാത്രി എട്ടു വരെയാണ് നൈറ്റ് സഫാരിയുടെ സമയം. ടിക്കറ്റുകൾ ഈ മാസം 11 മുതൽ dubaisafari.ae ൽ ലഭ്യമാകും.

ദുബായ് അൽ വർഖ അഞ്ചിൽ വെള്ളച്ചാട്ടങ്ങളും കുന്നുകളും കാടും ഉൾപ്പെടെ വ്യത്യസ്ത മൃഗങ്ങളുള്ള തനത് ആവാസ വ്യവസ്ഥ ഒരുക്കിയ സഫാരി പാർക്കിൽ 78 ഇനം സസ്തനികൾ, 50 ഇനം ഉരഗങ്ങൾ, 111 ഇനം പക്ഷികൾ ഉൾപ്പെടെ 3000-ത്തിലേറെ ഇനങ്ങളുണ്ട്.

അറേബ്യൻ, ഏഷ്യൻ, ആഫ്രിക്കൻ, സഫാരി വില്ലേജുകളിലായി തിരിച്ചാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. വംശനാശഭീഷണി നേരിടുന്ന ജീവികളെയും ഇവിടെ കാണാം. ഇഷ്ടമൃഗങ്ങളെ താലോലിക്കാനും തീറ്റ കൊടുക്കാനും അവസരമുണ്ടാകും. വൈദ്യുത ട്രെയിനിലിരുന്ന് കാടിന്റെ സൗന്ദര്യം ആസ്വദിക്കുകയുമാവാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജീവികളുള്ള ദുബായ് സഫാരി പാർക്ക് അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം കൂടിയാണ്. രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെയാണ് പകൽസമയത്തെ പ്രവേശനം.

Content Highlights: dubai night safari