പൂച്ചകളത്ര പാവമല്ല, കൊന്നൊടുക്കുന്നത് പക്ഷികളും സസ്തനികളുമടക്കമുള്ള ജീവജാലങ്ങളെ

മ്യാവൂ മ്യാവൂ എന്ന വിളിയുമായി വീടിന്റെ പരിസരത്തും മറ്റും നിത്യസാന്നിധ്യമാണ് പൂച്ചകള്‍. രൂപത്തിലും ഭാവത്തിലും ഓമനത്വമൊക്കെ തോന്നുമെങ്കിലും പൂച്ചകളെ കുറിച്ച് അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ലോകമെമ്പാടുമുള്ള സംരക്ഷണ വിഭാഗത്തിലടക്കമുള്ള ജീവികള്‍ വളര്‍ത്തുപൂച്ചകളാല്‍ കൊല്ലപ്പെടുന്നുവെന്നാണ് പുതിയ പഠനം നല്‍കുന്ന സൂചന. ആഗോളതലത്തില്‍തന്നെ ഇത്തരമൊരു പഠനം ഇതാദ്യമാണ്. സംരക്ഷണ വിഭാഗത്തില്‍പ്പെടുന്നതടക്കമുള്ള ആയിരക്കണക്കിന് ഇനങ്ങളില്‍പ്പെട്ട വന്യജീവികളെ പൂച്ചകള്‍ ആക്രമിച്ചു കൊല്ലുന്നതായാണ് റിപ്പോര്‍ട്ട്. അലഞ്ഞുനടക്കുന്നവളര്‍ത്തുപൂച്ചകളെ കേന്ദ്രീകരിച്ചുളളതാണ് പുതിയ പഠനറിപ്പോര്‍ട്ട്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂച്ചകളില്ലാത്ത ഇടങ്ങളില്‍ പോലും മനുഷ്യരുടെ സഹായത്താല്‍ പൂച്ചകള്‍ എത്തിപ്പെട്ടു. നിലവില്‍ അന്റാര്‍ട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ പൂച്ചകളുടെ സാന്നിധ്യമുണ്ട്. പക്ഷികള്‍, സസ്തനികള്‍, ഉരഗങ്ങള്‍, പ്രാണികള്‍ എന്നിവയും പൂച്ചകളുടെ ആഹാരത്തില്‍ അടങ്ങുന്നു. സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന 17 % ജീവജാലങ്ങളെയും പൂച്ചകൾ ആഹാരമാക്കുന്നുണ്ട്.
ദ്വീപുകളിലാണ് പൂച്ചകള്‍ കൂടുതലായി നാശം വിതയ്ക്കുന്നതെന്നും നേച്ചര്‍ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രദേശങ്ങളില്‍ ഇവ സാധാരണ ആഹാരമാക്കുന്നതിന്റെ മൂന്നിരട്ടിയോളം ഭക്ഷിക്കുന്നതായിട്ടാണ് കണ്ടെത്തല്‍. ന്യൂസിലന്‍ഡ് ക്വയല്‍ അടക്കമുള്ള പക്ഷികള്‍ പൂച്ചകള്‍ മൂലം ഭൂമിയില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ന്യൂസിലന്‍ഡില്‍ പൂച്ചകളെ പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
ഓസ്‌ട്രേലിയയാണ് പൂച്ചശല്യം ഏറ്റവുമധികം നേരിടുന്ന മറ്റൊരു രാജ്യം. രാജ്യത്ത് മാത്രം പ്രതിവർഷം 30 കോടി മൃഗങ്ങളാണ് പൂച്ചകളുടെ ആക്രമണത്തില്‍ ചത്തൊടുങ്ങുന്നത്. ജര്‍മന്‍ നഗരമായ വാള്‍ഡ്രോഫില്‍ വസന്തകാലത്ത് പൂച്ചകളെ വീട്ടിനുള്ളില്‍ തന്നെ മൂന്ന് മാസത്തോളം കഴിയാൻ ഉടമസ്ഥര്‍ അനുവദിക്കും. വംശനാശ ഭീഷണി നേരിടുന്നതും വസന്തകാലത്ത് ബ്രീഡ് ചെയ്യുന്നതുമായ ക്രെസ്റ്റഡ് ലാര്‍ക്ക് പക്ഷികളുടെ സംരക്ഷണമാണ് ഇതുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
തിരിച്ചറിഞ്ഞവയില്‍ ഒന്‍പത് ശതമാനം പക്ഷികള്‍, ആറ് ശതമാനം സസ്തനികള്‍, നാല് ശതമാനം ഉരഗങ്ങള്‍ എന്നിവയെ പൂച്ചകള്‍ ആഹാരമാക്കുന്നുവെന്നാണ് പഠനത്തിലെ പ്രധാനമായ കണ്ടെത്തലുകളിലൊന്ന്. ലഭ്യമായ ആഹാരം മതിയാകുവോളം അകത്താക്കുന്ന സ്വഭാവക്കാര്‍ കൂടിയാണ് പൂച്ചകള്‍. പൂച്ചകളുടെ ഈ സ്വഭാവത്തിന് ഒരു പരിഹാരവും അധികൃതര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. രാത്രിയില്‍ പൂച്ചകളെ വീട്ടിനുള്ളില്‍ തന്നെ കഴിയാന്‍ സമ്മതിക്കുന്നത് പ്രാദേശിക ജീവജാലങ്ങള്‍ ഉള്‍പ്പെടുന്ന വനസമ്പത്ത് കുറയാതിരിക്കാന്‍ കാരണമാകുമെന്നാണ് റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ബേഡ്‌സിലെ (ആര്‍എസ്പിബി) വിദഗ്ധര്‍ പറയുന്നത്. പൂച്ചകള്‍ക്ക് മണികെട്ടുന്നതും പോംവഴിയായി നിർദേശിക്കപ്പെടുന്നു.
Content Highlights: domestic cats are eating thousands of species worldwide