പറവണ്ണ ബീച്ചില്‍ ചൊവ്വാഴ്ച കരയ്ക്കടിഞ്ഞത് രണ്ട് തിമിംഗിലങ്ങള്‍; പഠിക്കേണ്ട വിഷയമെന്ന് വിദഗ്ധര്‍

#സ്വന്തം ലേഖകന്‍
പറവണ്ണ ബദാം ബീച്ചില്‍ ചൊവ്വാഴ്ച രാവിലെ കരയ്ക്കടിഞ്ഞ തിമിംഗിലത്തെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള ശ്രമം
പറവണ്ണ ബദാം ബീച്ചില്‍ ചൊവ്വാഴ്ച രാവിലെ കരയ്ക്കടിഞ്ഞ തിമിംഗിലത്തെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള ശ്രമം

മലപ്പുറം കൂട്ടായി പറവണ്ണ ബദാം ബീച്ചിനടുത്ത് ചൊവ്വാഴ്ച വ്യത്യസ്ത സമയങ്ങളിലായി രണ്ട് ഭീമന്‍ നീലത്തിമിംഗിലങ്ങള്‍ ചത്ത് കരയ്ക്കടിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വേളാപുരം ഭാഗത്ത് ഭാഗികമായി ജീര്‍ണിച്ച തിമിംഗിലം ആദ്യം കരയ്ക്കടിഞ്ഞത്. രാത്രി എട്ടോടെ പൂര്‍ണമായും ജീര്‍ണിച്ച മറ്റൊരു തിമിംഗിലം ബദാം ബീച്ചിന്റെ വടക്കുവശത്തും കരയ്ക്കടിഞ്ഞു.

ആദ്യത്തെ തിമിംഗിലത്തിന് 11 മീറ്റര്‍ നീളമുണ്ട്. വെറ്ററിനറി ഡോക്ടര്‍ ഷെബീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ മൃതദേഹപരിശോധന നടത്തി. പകല്‍ കരയ്ക്കടിഞ്ഞ തിമിംഗിലത്തെ വൈകീട്ടോടെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടപ്പുറത്തുതന്നെ സംസ്‌കരിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ രാത്രി രണ്ടു മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് കുഴി വെട്ടിയെങ്കിലും തിമിംഗിലത്തെ കരയ്ക്കുകയറ്റാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് പട്ടാമ്പിയില്‍നിന്ന് ക്രെയിന്‍ കൊണ്ടുവന്നാണ് മൃതദേഹം കുഴിച്ചിട്ടത്. ഇതിനിടെയാണ് രാത്രി ഇതേ വലുപ്പത്തില്‍ അഴുകിയനിലയില്‍ മറ്റൊരു നീലത്തിമിംഗിലംകൂടി അടിഞ്ഞത്. കുറച്ചുദിവസമായി പുറംകടലില്‍ തിമിംഗിലം ഒഴുകി നടന്നിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അഴുകിയ നിലയിലായതിനാല്‍ അവയവങ്ങള്‍ പുറത്തെടുത്തുകൊണ്ടുള്ള മൃതദേഹപരിശോധന പ്രയാസമാണ്.

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ. നാരായണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി. വിജിന്‍, പി. ഷിജി, മുനീറുദ്ദീന്‍, അരുണ്‍ പ്രസാദ്, വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. വൈശാഖ്, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി എന്നിവര്‍ തിമിംഗിലങ്ങള്‍ കരയ്ക്കടിഞ്ഞ കടപ്പുറം സന്ദര്‍ശിച്ചു.

പറവണ്ണ ബദാം ബീച്ചിന്റെ വടക്കുവശത്ത് രാത്രിയില്‍ കരയ്ക്കടിഞ്ഞ തിമിംഗിലത്തിന്റെ ജഡാവശിഷ്ടം

മരണകാരണം പഠിക്കേണ്ട വിഷയം - ഡോ. ആര്‍. രതീഷ് കുമാര്‍, സി.എം.എഫ്.ആര്‍.ഐ.

വംശനാശഭീഷണി നേരിടുന്ന നീലത്തിമിംഗിലങ്ങള്‍ ഒമാന്‍ തീരങ്ങളിലാണ് സാധാരണയായി കാണുന്നത്. മണ്‍സൂണ്‍ സീസണില്‍ കേരള തീരങ്ങളില്‍ സൂക്ഷ്മജീവികളുടെയും മൂലകങ്ങളുടെയും അളവ് കൂടുമ്പോള്‍ അത് ഭക്ഷിക്കാന്‍ ധാരാളം ചെറുമത്സ്യങ്ങളെത്തും. ഈ ചെറുമീനുകളെ ഭക്ഷണമാക്കാനായിരിക്കാം കേരള തീരത്തേക്ക് കൂടുതല്‍ തിമിംഗിലങ്ങളെത്തുന്നത്.

കപ്പലുകള്‍ തട്ടിയോ രോഗംബാധിച്ചോ ആകാം മരണം. തിമിംഗിലങ്ങളുടെ അകാലമരണത്തെക്കുറിച്ച് കൂടുതല്‍ പഠനം നടക്കേണ്ടതുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ മലബാര്‍ തീരത്ത് പത്തോളം തിമിംഗിലങ്ങള്‍ അടിഞ്ഞിട്ടുണ്ട് - ഡോ. ആര്‍. രതീഷ് കുമാര്‍, സി.എം.എഫ്.ആര്‍.ഐ. (ഗവേഷകനും ഇന്ത്യന്‍ തീരങ്ങളിലെ കടല്‍ സസ്തനികളുടെ വിവരശേഖരണം നടത്തുന്ന സംഘത്തിന്റെ തലവനും).

Content Highlights: dead whales washed to kerala sea shores badam beach malappuram