കരതൊടാൻ 'അർണാബ്' ചുഴലിക്കാറ്റ്; മണിക്കൂറിൽ 140 കി.മീ വേഗത, ഒഡീഷയിലും ആന്ധ്രയിലും പതിനായിരങ്ങളെ ഒഴിപ്പിച്ചു

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അർണാബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെത്തുടർന്ന് ആന്ധ്രപ്രദേശിലും ഒഡീഷയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 28-ന് രാവിലെ ആന്ധ്രാ തീരത്തെ യാനത്തിന് സമീപം ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും പരമാവധി 140 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ ഏകദേശം 1.2 കോടിയോളം ആളുകൾ വസിക്കുന്നുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. തീരദേശങ്ങളിൽനിന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചുവരികയാണ്. മുൻകരുതലിന്റെ ഭാഗമായി പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് അമ്പതിനായിരത്തോളം ആളുകളെ ഇതിനകം ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1,763 ചുഴലിക്കാറ്റ് ഷെൽട്ടറുകൾ സജ്ജമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 27 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനാണ് മുൻഗണന നൽകുന്നത്. രക്ഷാപ്രവർത്തനത്തിനായി 15 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് നിരോധിക്കുകയും തീരദേശ റോഡുകളിലെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
ഒഡീഷയിലും വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തെക്കൻ ഒഡീഷയിലെ ആറ് ജില്ലകളിൽ ഒക്ടോബർ 28, 29 തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് 48,000 ആളുകളെ ഒഴിപ്പിക്കാനാണ് ഒഡീഷ സർക്കാർ ലക്ഷ്യമിടുന്നത്. രക്ഷാപ്രവർത്തനത്തിനായി 24 ഒഡ്രാഫ് സംഘങ്ങളെയും ആറ് എൻ.ഡി.ആർ.എഫ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. മുൻകരുതലുകൾക്ക് മേൽനോട്ടം വഹിക്കാൻ സംസ്ഥാനത്തെ എട്ട് മന്ത്രിമാരെ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ചുമതലപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ 53 ട്രെയിൻ സർവീസുകൾ റദ്ദാക്കി.
അർണാബ് ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഡാർജിലിങ് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൂടാതെ, ഹിമാലയൻ മേഖലകളിൽ ശക്തമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ഉയർന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് നേപ്പാൾ ഭരണകൂടവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Cyclone Arnab intensified into a very severe cyclonic storm in the Bay of Bengal., Red alert issued for coastal regions of Andhra Pradesh and Odisha with expected landfall on Wednesday, October 28., Wind speeds expected to reach 115-140 kmph during landfall., Tens of thousands of residents evacuated to safety shelters, and schools closed in affected districts., Indian Railways cancelled 53 train services as a precautionary measure.