മൈനസ് ഡിഗ്രി താപനിലയില് കോറല് ലാര്വകള് സൂക്ഷിക്കും; പുതിയ സാങ്കേതികവിദ്യ പരീക്ഷണഘട്ടത്തില്

വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ബാരിയര് റീഫ് പവിഴപ്പുറ്റുകള് സംരക്ഷിക്കുന്നതിന് പുതിയ രീതി അവലംബിച്ച് ശാസ്ത്രലോകം. പവിഴപ്പുറ്റിലെ ലാര്വകളെ തണുപ്പുള്ള അന്തരീക്ഷത്തില് സൂക്ഷിക്കുന്നതിലൂടെ പവിഴപ്പുറ്റുകളുടെ സംരക്ഷണം സാധ്യമാണെന്നാണ് പുതിയ വിലയിരുത്തല്. വര്ധിച്ച് വരുന്ന സമുദ്ര താപനില ഇതിനോടകം തന്നെ പവിഴപ്പുറ്റുകള്ക്ക് ഭീഷണി ഉയര്ത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്ഷത്തോളമായി പവിഴപ്പുറ്റുകള് ബ്ലീച്ചിങിനും വിധേയമാകുന്നുണ്ട്. പവിഴപ്പുറ്റുകള് അവയില് വസിക്കുന്ന ആല്ഗെകളെ പുറന്തള്ളുകയും അതുവഴി വെള്ള നിറം പ്രാപിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കോറല് ബ്ലീച്ചിങ്.
വളരെ താഴ്ന്ന താപനിലയില് സൂക്ഷിക്കുന്ന പവിഴപ്പുറ്റുകളെ പിന്നീട് പുനരവതരിപ്പിക്കാമെന്ന പ്രത്യാശയാണ് പുതിയ റിപ്പോര്ട്ടുകള് മുന്നോട്ട് വെയ്ക്കുന്നത്. ഇതു സംബന്ധിച്ച് പരീക്ഷണങ്ങളുടെ ആദ്യഘട്ടം പൂര്ത്തിയായി. എന്നാല് നിലവിലെ സാഹചര്യത്തില് ലേസര് ഉള്പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായം അത്യന്താപേക്ഷിതമാണ് . 'ക്രയോമെഷ്' (Cryomesh) എന്ന് നാമകരണം ചെയ്തിരിക്കുന്ന നൂതന സാങ്കേതിക വിദ്യയിലൂടെ പവിഴപ്പുറ്റ് സംരക്ഷണം തുച്ഛമായ ചെലവില് നടപ്പാക്കാന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഡിസംബറില് നടന്ന ആദ്യ ലാബ് പരീക്ഷണത്തില് ഗ്രേറ്റ് ബാരിയര് റീഫില് നിന്ന് ശേഖരിച്ച കോറല് ലാര്വയെ ഇത്തരത്തില് സംരക്ഷിച്ചിരിക്കുകയാണ്. ഓസ്ട്രേലിയന് ഇന്സ്റ്റിട്ട്യൂട്ട് ഓഫ് മറൈന് സയന്സാ(AIMS) ണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്.
എന്നാല് ചെറുതും വലുതുമായ ഹവായിയന് പവിഴപ്പുറ്റുകളില് സമാന സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ പവിഴപ്പുറ്റുകളില് നടത്തിയ പരീക്ഷണങ്ങള് പരാജയപ്പെട്ടിരുന്നു. ഗ്രേറ്റ് ബാരിയര് റീഫുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള് തുടരുകയാണ്. കോറല് ലാര്വകള് മൈനസ് 196 ഡിഗ്രി സെല്ഷ്യസിലാണ് (-320.8 ഡിഗ്രി ഫാരന്ഹീറ്റ്) സൂക്ഷിക്കുക. സ്മിത്ത്സോണിയന് നാഷണല് സൂ, കണ്സര്വേഷന് ബയോളജി ഇന്സ്റ്റിട്ട്യൂട്ട്, ദി ഗ്രേറ്റ് ബാരിയര് റീഫ് ഫൗണ്ടേഷന് എന്നിവരുമായി സംയുക്തമായിട്ടാണ് പരീക്ഷണങ്ങള് നടപ്പിലാക്കുന്നത്. സാങ്കേതികവിദ്യ വിജയിക്കുകയാണെങ്കില് പവിഴപ്പുറ്റുകളിലെ ജൈവവൈവിധ്യ സംരക്ഷണം സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: coral reef freezing for protection and conservation