നായകളെ ചായംപൂശി പാണ്ടകളാക്കി ചൈനയിലെ മൃഗശാല; 'പാണ്ട-പട്ടികളെ' കൈയോടെ പൊക്കി സന്ദര്‍ശകര്‍

ചൈനാക്കാരുടെ സ്വകാര്യ അഹങ്കാരമാണ് പാണ്ടകള്‍. ചൈനയിലെ മൃഗസംരക്ഷണ കേന്ദ്രങ്ങളിലേയും മൃഗശാലകളിലേയും പ്രധാന ആകര്‍ഷണം കൂടിയാണ് ഓമനത്തം തുളുമ്പുന്ന ഭീമന്‍ പാണ്ടകള്‍. പാണ്ടകളെ കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സഞ്ചാരികള്‍ ചൈനയിലേക്ക് എത്താറുണ്ട്. ഇത്തരത്തില്‍ പാണ്ടകളെ കാണാനെത്തിയ സഞ്ചാരികള്‍ക്ക് മുന്നില്‍ നായകളെ പാണ്ടവേഷം കെട്ടിച്ചിറക്കി പുലിവാല്‍ പിടിച്ചിരിക്കുകയാണ് ചൈനയിലെ ഒരു മൃഗശാല.
ചൈനയിലെ ഷാന്‍വെയ് മൃഗശാലയിലാണ് സഞ്ചാരികള്‍ക്ക് പാണ്ടകള്‍ക്ക് പകരം 'പാണ്ട-പട്ടികളെ' കാണേണ്ടിവന്നത്. ആദ്യം കൗതുകം തോന്നിയെങ്കിലും കണ്‍മുന്നിലുള്ള പാണ്ടകളുടെ ആകാരവും സ്വഭാവവുമെല്ലാം ഒന്നുകൂടി സൂക്ഷിച്ച് നിരീക്ഷിച്ചപ്പോഴാണ് സന്ദര്‍ശകര്‍ക്ക് മൃഗശാലാ അധികൃതരുടെ ചതി മനസിലായത്. മൃഗശാലക്കാര്‍ ആവശ്യപ്പെട്ട തുകയ്ക്ക് ടിക്കറ്റെടുത്ത് പാണ്ടയെ കാണാനെത്തിയവര്‍ക്ക് മുന്നിലെത്തിയത് ചായം പൂശിയ നായകളായിരുന്നു.
ചൈനയില്‍ കണ്ടുവരുന്ന നിറയെ രോമങ്ങളുള്ള സാമാന്യം വലിപ്പമുള്ള ചൗ ചൗ ഇനത്തില്‍പെട്ട നായകളെയാണ് അധികൃതര്‍ ചായംപൂശി പാണ്ടകളാക്കിയത്. മൃഗശാലയിലെ വലിയ ഇരുമ്പുകൂട്ടില്‍ സന്ദര്‍ശകര്‍ക്കരികില്‍ എത്തിയ ഇവ തീര്‍ത്തും നായകളെപോലെ തന്നെയാണ് പെരുമാറിയത്. നായ്ക്കളെ പോലെ നാവ് പുറത്തിട്ട് കിതച്ച് നടക്കുകയും സന്ദര്‍ശകരോട് അങ്ങേയറ്റം ഇണക്കത്തോടെ പെരുമാറുകയും മാത്രമല്ല നടക്കുമ്പോഴൊക്കെ വാലുചുരുട്ടി മുകളിലേക്ക് പിടിക്കാനും മറന്നില്ല പാണ്ട-പട്ടികള്‍.
തങ്ങള്‍ക്ക് പിണഞ്ഞ അമളി മനസിലാക്കിയ സന്ദര്‍ശകരില്‍ ചിലര്‍ ഇവയുടെ ഫോട്ടോകളും വീഡിയോകളും എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുക കൂടി ചെയ്തതോടെ സംഗതി വൈറലായി. കാര്യങ്ങള്‍ കൈവിട്ടുപോയതോടെ വിശദീകരണവുമായി മൃഗശാലാ അധികൃതര്‍ തന്നെ രംഗത്തെത്തി. പാണ്ടകളും നായകളും ചേര്‍ന്ന രൂപത്തില്‍ വികസിപ്പിച്ചെടുത്ത പുതിയ ഇനം പാണ്ടകളാണ് ഇവ എന്നായിരുന്നു അവരുടെ വാദം.
എന്നാല്‍ ഈ വാദം വിശ്വസിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. കൂടുതല്‍ ആളുകള്‍ ഇതിനുപിന്നിലെ സത്യാവസ്ഥ ചോദ്യം ചെയ്ത് മുന്നോട്ടുവന്നതോടെ അധികൃതര്‍ സത്യം പറഞ്ഞു, കൂടുതല്‍ സന്ദര്‍ശകരെ മൃഗശാലയിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി തങ്ങള്‍ രണ്ട് ചൗ ചൗ നായകളെ പാണ്ടകളുടേതിന് സമാനമായി കറുപ്പും വെളുപ്പും ചായംപൂശി ഇറക്കിയതാണ് എന്ന് അധികൃതര്‍ സമ്മതിച്ചു. ഇതോടെ പ്രതിഷേധങ്ങളുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തി.
പാണ്ടകളെ കാണാമെന്ന് പരസ്യം നല്‍കി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് സര്‍ക്കാര്‍ മൃഗശാലാ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സന്ദര്‍ശകര്‍ക്ക് അവര്‍ മുടക്കിയ പണം മടക്കിനല്‍കണമെന്നും മൃഗശാല തന്നെ അടച്ചുപൂട്ടണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. മാത്രമല്ല, നായകളെ ചായംപൂശി ദ്രോഹിച്ചതിനും കൂടി മൃഗശാലാ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, നായകള്‍ ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മനുഷ്യന്റെ മുടി കറുപ്പിക്കാന്‍ ഉപയോഗിക്കുന്ന ചായമാണ് നായകളുടെ മേല്‍ പുരട്ടിയത്. അത് നായകളെ ദോഷകരമായി ബാധിച്ചിട്ടില്ല. ഇനി മേലാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ല എന്നും മൃഗശാലാ അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്തായാലും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായകമാകും വിധത്തിലുള്ള നിയമസംവിധാനങ്ങള്‍ ഉണ്ടാകണമെന്നാണ് ജനങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
ഇതാദ്യമായല്ല ചൈനയിലെ മൃഗശാലകളില്‍ നായകളെ പാണ്ടകളായി വേഷംകെട്ടിച്ച് ഇറക്കുന്നത്. ഈ വര്‍ഷം മെയില്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഒരു മൃഗശാലയിലും അധികൃതര്‍ ഇത്തരത്തില്‍ ചൗ ചൗ നായകളെ പാണ്ടവേഷം കെട്ടിച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ആരെയും പറ്റിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും 'പാണ്ട-പട്ടികള്‍' (Panda-Dogs) എന്ന് കൃത്യമായി കൂടിനുപുറത്ത് എഴുതിവെച്ചാണ് അവയെ പ്രദര്‍ശിപ്പിച്ചത് എന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.
Content Highlights: chinese zoo painted and presented dogs as pandas claims it panda dogs