മൈത്രി ബാഗ് മൃഗശാലയിലെ വെള്ളകടുവയ്ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നു

ദുര്‍ഗ്: ചത്തീസ്ഗഢ് ദുര്‍ഗ് ജില്ലയിലെ മൈത്രി ബാഗ് മൃഗശാലയില്‍ വെള്ളകടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. ഏപ്രില്‍ 28-നാണ് രക്ഷ എന്ന പെണ്‍കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയത്. സുല്‍ത്താന്‍ എന്ന ആണ്‍കടുവയാണ് കുഞ്ഞുങ്ങളുടെ പിതാവ്. ഇതോടെ മൃഗശാലയിലെ വെള്ളകടുവകളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു.
വെറ്ററിനറി നിയമങ്ങള്‍ പ്രകാരം കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനും നിരീക്ഷണത്തിനുമായി വെളിച്ചം കുറവുള്ള മുറിയില്‍ അമ്മയോടൊപ്പമാണ് കുഞ്ഞുങ്ങളെ പാര്‍പ്പിച്ചിട്ടുള്ളത്. നാല് മാസത്തെ നിരീക്ഷണത്തിന് ശേഷം പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി അവസരമൊരുക്കുമെന്നും മൃഗശാലാ അധികൃതര്‍ പറഞ്ഞു.
സുല്‍ത്താന്‍ എന്ന ആണ്‍കടുവ ഇതിന് മുമ്പും ഇണ ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റോമ എന്ന പെണ്‍കടുവയ്ക്കുണ്ടായ കുഞ്ഞും സുല്‍ത്താന്റേതാണ്. സിങ്കം എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. 1997-ലാണ് മൃഗശാലയിലാദ്യമായി വെള്ളകടുവയെത്തുന്നത്. ഒഡീഷയില്‍ നിന്നാണ് രണ്ട് വെള്ളകടുവകള്‍ എത്തിച്ചേര്‍ന്നത്.
Content Highlights: chhattisgarh white tigress gives birth to three cubs in maitri bagh zoo